ഫ​യ​ല്‍ തീ​ര്‍പ്പാ​ക്ക​ല്‍ യ​ജ്ഞ​ത്തോ​ട്​ അ​നു​ബ​ന്ധി​ച്ച്​ തൊ​ടു​പു​ഴ​യി​ൽ സ​ര്‍ക്കി​ള്‍ത​ല അ​ദാ​ല​ത് മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ഫയലുകളിൽ തീരുമാനമെടുത്ത് അദാലത്

തൊടുപുഴ: സംസ്ഥാന വനം-വന്യജീവി വകുപ്പിന്റെ ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞത്തോട് അനുബന്ധിച്ച് തൊടുപുഴയിൽ സര്‍ക്കിള്‍തല അദാലത് നടത്തി. പൊതുജനങ്ങളുമായി ബന്ധപ്പെട്ട നിലവിലുള്ള ഫയലുകളില്‍ പരമാവധി എണ്ണത്തില്‍ തീര്‍പ്പ് കല്‍പിക്കുക എന്നതാണ് അദാലത്തിന്റെ പ്രധാന ലക്ഷ്യം.

വനം-വന്യജീവി വകുപ്പിന്റെ ഹൈറേഞ്ച് സര്‍ക്കിള്‍ ഫയല്‍ തീര്‍പ്പാക്കല്‍ അദാലത് തൊടുപുഴ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വനം-വന്യജീവി സംരക്ഷണം ആത്യന്തികമായി മനുഷ്യരാശിയുടെ നിലനിൽപിനും വരുംതലമുറക്കും വേണ്ടിയാണെന്ന് മന്ത്രി പറഞ്ഞു.

വന്യജീവികളുടെ എണ്ണം വർധിക്കുന്നതും വനംകൊള്ള കുറയുന്നതും ഉദ്യോഗസ്ഥർ ജോലി കൃത്യമായി നിർവഹിക്കുന്നതുകൊണ്ടാണ്. വനംവകുപ്പിന്റെ ജനവിരുദ്ധ മുഖം മാറ്റി ജനസൗഹൃദമാക്കി മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് അദാലത്തുകൾ സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സാധാരണക്കാരായ ജനങ്ങളുടെ പ്രശ്നം നിയമപരിധിയിൽനിന്ന് പരിഹരിക്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് അനുകൂല പരിശ്രമം ഉണ്ടാകണമെന്ന് മുഖ്യാതിഥിയായിരുന്ന ഡീൻ കുര്യാക്കോസ് എം.പി പറഞ്ഞു. വന്യജീവി ആക്രമണത്തിന് ഇരയാകുന്നവർക്ക് സമയബന്ധിതമായി നഷ്ടപരിഹാരം കൊടുത്തുതീർക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ തയാറകണമെന്നും മുഖ്യപ്രഭാഷണത്തിൽ എം.പി ആവശ്യപ്പെട്ടു.

റേഞ്ച്, ഡിവിഷന്‍, സര്‍ക്കിള്‍ തലങ്ങളില്‍ ഫയല്‍ പരിശോധിച്ച് അര്‍ഹത നിശ്ചയിച്ച് അത്തരം ഫയലുകള്‍ അദാലത്തില്‍വെച്ച് അന്തിമ തീര്‍പ്പ് കല്‍പിക്കുകയും അര്‍ഹരായവര്‍ക്കുള്ള ആനുകൂല്യം നല്‍കുകയും ചെയ്തു.

ഹൈറേഞ്ച് സര്‍ക്കിള്‍, വന്യജീവി സര്‍ക്കിള്‍ കോട്ടയം എന്നിവയുടെ പരിധിയില്‍ ഉള്‍പ്പെടുന്ന ഓഫിസുകളെ ഉള്‍ക്കൊള്ളിച്ചാണ് തൊടുപുഴയില്‍ അദാലത് നടത്തിയത്. സെപ്റ്റംബര്‍ 30വരെയാണ് ഫയല്‍ തീര്‍പ്പാക്കല്‍ തീവ്രയജ്ഞ പരിപാടി നിശ്ചയിച്ചിട്ടുള്ളത്. നഗരസഭ ചെയർമാൻ സനീഷ് ജോർജ് യോഗത്തിൽ അധ്യക്ഷതവഹിച്ചു.

അഡീഷനൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡോ.പി. പുകഴേന്തി ആമുഖ പ്രഭാഷണം നടത്തി. കോട്ടയം റേഞ്ച് സർക്കിൾ ഫോറസ്റ്റ് ചീഫ് കൺസർവേറ്റർ ആർ.എസ്. അരുൺ റിപ്പോർട്ട് അവതരിപ്പിച്ചു. ടൈഗർ പ്രോജക്ട് ചീഫ് കൺസർവേറ്റർ പി.പി. പ്രമോദ് സ്വാഗതം പറഞ്ഞു. നഗരസഭ കൗൺസിലർ അഡ്വ. ജോസഫ് ജോൺ, കോട്ടയം ഫോറസ്റ്റ് കൺസർവേറ്റർ എൻ. നീതുലക്ഷ്മി, കോതമംഗലം ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ എം.വി.ജി. കണ്ണൻ എന്നിവർ പങ്കെടുത്തു. 

ഇതുവരെ തീര്‍പ്പാക്കിയത് 15,038 ഫയൽ

തൊടുപുഴ: വനംവകുപ്പ് സംഘടിപ്പിച്ച സര്‍ക്കിള്‍ അദാലത്തുകളിൽ ഇതുവരെ 15,038 ഫയലുകള്‍ തീര്‍പ്പാക്കി. ഹൈറേഞ്ച് സര്‍ക്കിളിന്റെ പരിധിയില്‍ ഉള്‍പ്പെട്ട ടെറിട്ടോറിയല്‍ ഡിവിഷനുകള്‍, വൈല്‍ഡ് ലൈഫ് ഡിവിഷനുകള്‍, സാമൂഹിക വനവത്കരണ വിഭാഗം, ഇന്‍സ്‌പെക്ഷന്‍ ആൻഡ് ഇവാലുവേഷന്‍ വിഭാഗം, വര്‍ക്കിങ് പ്ലാന്‍ ഡിവിഷന്‍ തുടങ്ങി വനംവകുപ്പിന്റെ 63 ഓഫിസുകളിലായി ആകെ 44,335 ഫയലകളാണ് തീര്‍പ്പ് കല്‍പിക്കാനുണ്ടായിരുന്നത്. അതില്‍ ഒന്നുമുതല്‍ നാല് ഘട്ടങ്ങള്‍ പൂര്‍ത്തീകരിച്ചപ്പോള്‍ 15,038 ഫയലുകള്‍ തീര്‍പ്പാക്കി.

നാലാംഘട്ടം പൂര്‍ത്തിയായപ്പോള്‍ ഹൈറേഞ്ച് സര്‍ക്കിളിലെ 29,469 ഫയലുകളില്‍ 10,481 ഫയലുകളും (35.57 ശതമാനം) വൈല്‍ഡ് ലൈഫ് സര്‍ക്കിളില്‍ 11,477 ഫയലുകളില്‍ 3,084 ഫയലുകളും (26.87ശതമാനം) ഐ ആൻഡ് ഇ സര്‍ക്കിളില്‍ 2214 ഫയലുകളില്‍ 902 ഫയലു കളും(40.74 ശതമാനം) സോഷ്യല്‍ ഫോറസ്റ്ററി സര്‍ക്കിളില്‍ 1,121 ഫയലുകളില്‍ 541 ഫയലുകളും (48.26 ശതമാനം) വര്‍ക്കിങ് പ്ലാന്‍ ഓഫിസിലെ 54 ഫയലുകളില്‍ 30 ഫയലുകളും (55.56 ശതമാനം) തീര്‍പ്പാക്കി.

പൊതുജനങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടതും വന്യജീവി ആക്രമണത്തിന് നഷ്ടപരിഹാരം നല്‍കുന്നതുള്‍പ്പെടെയുള്ള 2212 ഫയലുകള്‍ അദാലത്തില്‍ തീര്‍പ്പാക്കി. വന്യമൃഗ ആക്രമണത്തില്‍ നഷ്ടപരിഹാരമായി 107 അപേക്ഷകളിന്മേല്‍ 39,28,299 രൂപയും മറ്റുള്ള ആനുകൂല്യങ്ങള്‍ക്കുള്ള 20 അപേക്ഷകളില്‍ 20,53,51 രൂപയും ഉള്‍പ്പെടെ 41,33,650 രൂപ വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ വിതരണം ചെയ്തു.

വന്യജീവി ആക്രമണത്തില്‍ മരണമടഞ്ഞ നാഗരാജ് എന്ന ചിന്നാര്‍ വന്യജീവി സങ്കേതത്തിലെ ഫോറസ്റ്റ് വാച്ചറുടെ വിധവ ചിത്രാദേവിക്ക് വനംവകുപ്പില്‍ വാച്ചര്‍ തസ്തികയില്‍ നിയമനം നല്‍കുന്ന ഉത്തരവും മന്ത്രി കൈമാറി. വനാവകാശ നിയമം അനുസരിച്ച് കട്ടമുടി കുഞ്ചിപ്പെട്ടി ട്രൈബല്‍ സെറ്റില്‍മെന്റിലേക്കുള്ള റോഡ് കോണ്‍ക്രീറ്റ് ചെയ്യുന്നതിന് അനുവാദം നല്‍കിക്കൊണ്ടുള്ള ഉത്തരവും, മരാധിഷ്ഠിത വ്യവസായങ്ങള്‍ക്കുള്ള ലൈസന്‍സുകളും മന്ത്രി എ.കെ. ശശീന്ദ്രന്‍ വിതരണം ചെയ്തു.

പൊതുജനങ്ങളുമായി ബന്ധപ്പെട്ട് തീര്‍പ്പാക്കിയ 146 ഫയലുകളില്‍ ഗുണഭോക്താക്കള്‍ക്ക് അനുവദിക്കപ്പെട്ട 41,33,650 രൂപ ധനസഹായത്തിന്റെയും മറ്റ് സേവനങ്ങളുടെയും ഉത്തരവുകളും അദാലത്തില്‍ വിതരണം ചെയ്തു.


Tags:    
News Summary - Adalat takes decision on files

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.