തൊടുപുഴ: നഗരത്തിൽ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം. നേരം ഇരുട്ടിയാൽ സ്റ്റോപ്പിൽ ബസ് കാത്തുനിൽക്കാൻപോലും യാത്രക്കാർക്ക് ഭയമാണ്. കടകൾ അടച്ചാൽ പ്രദേശത്ത് വഴിവിളക്കുകൾ പോലുമില്ല. ഇരുട്ടിന്റെ മറവിൽ സാമൂഹിക വിരുദ്ധശല്യം രൂക്ഷമായിട്ടും പൊലീസിന്റെ ശ്രദ്ധ ഈ മേഖലയിൽ കാര്യമായി പതിയുന്നില്ലെന്നും പരാതിയുണ്ട്. നഗരത്തിൽ ഒട്ടേറെയാളുകൾ വന്നുപോകുന്ന മേഖലയാണ് ടൗൺഹാളും പരിസരവും. ടൗൺഹാളിനു പിന്നിൽ തൊടുപുഴയാറ്റിലെ കടവിനോടു ചേർന്ന ഭാഗം രാവിലെ മുതൽ തന്നെ മദ്യപരുടെ താവളമാണ്. കഞ്ചാവടക്കമുള്ള ലഹരിവസ്തുക്കളുടെ വിതരണവും ഇവിടം കേന്ദ്രീകരിച്ചു നടക്കുന്നുണ്ട്. രാത്രി കടകൾ അടക്കുന്നതോടെ വെളിച്ചം കുറയുന്നതിനാൽ സാമൂഹിക വിരുദ്ധർ പ്രദേശം താവളമാക്കും. ടൗൺഹാൾ ഷോപ്പിങ് കോംപ്ലക്സിലെ വ്യാപാരികൾക്ക് ഉൾപ്പെടെ ഇവർ വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഇതിന് സമീപത്തെ കംഫർട്ട് സ്റ്റേഷനും സാമൂഹിക വിരുദ്ധർ താവളമാക്കുകയാണ്. ഇതര സംസ്ഥാന തൊഴിലാളികൾ രാവിലെയും വൈകീട്ടും ഇവിടെ തമ്പടിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം പട്ടാപ്പകല്‍ നഗരമധ്യത്തിലെ റസ്റ്റാറന്റില്‍ ഭക്ഷണം കഴിക്കാനെത്തിയ കോളജ് വിദ്യാർഥിനിയെ തടഞ്ഞുവെച്ച് ഒരു സംഘം അപമാനിക്കാൻ ശ്രമിച്ചു. കൂടെയെത്തിയ സഹപാഠികള്‍ക്കും മര്‍ദനമേറ്റു. ഒരാഴ്ച മുമ്പ് ലഹരിക്കടിമയായ അന്തർസംസ്ഥാന തൊഴിലാളി കാഞ്ഞിരമറ്റം ജങ്ഷനിൽ അസഭ്യവർഷവും വെല്ലുവിളിയുമായി അഴിഞ്ഞാടിയത് നാട്ടുകാർക്കും പൊലീസിനും തലവേദനയായി. മദ്യപിച്ച് ലക്കുകെട്ട് ബൈക്കുമായാണ് തൊഴിലാളി എത്തിയത്. തിരക്കേറിയ ജങ്ഷനിൽ വീണ് ബൈക്ക് പലപ്രാവശ്യം ഉയർത്തി ഓടിച്ചുപോകാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഏതുനിമിഷവും വാഹനം ഇടിക്കാവുന്ന സ്ഥിതി വന്നതോടെ മറ്റ് യാത്രക്കാരും സമീപത്തെ വ്യാപാരികളും ചേർന്ന് ഇയാളെ സഹായിക്കാൻ ചെന്നു. ഇതോടെ കേട്ടാലറക്കുന്ന അസഭ്യവർഷവുമായി തൊഴിലാളി സഹായിക്കാനെത്തിയവരെ വിരട്ടി. കൈയോങ്ങി മർദിക്കാനും ശ്രമിച്ചു.
പൊലീസ് നിരീക്ഷണം നഗരത്തിന്റെ വിവിധ മേഖലകളിൽ എത്താത്തത് സാമൂഹിക വിരുദ്ധർക്ക് തുണയാകുന്നുണ്ട്. എന്തെങ്കിലും അതിക്രമം ഉണ്ടായാൽ വ്യാപാരികൾ വിവരം അറിയിച്ചാലും പൊലീസ് സ്ഥലത്തെത്തുന്നില്ലെന്നാണ് ആക്ഷേപം. ഇതുകൂടാതെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ലഹരി മാഫിയയും തമ്പടിക്കുന്നുണ്ട്. ചെറുതും വലുതുമായ ലഹരികൈമാറ്റങ്ങളും നഗരത്തിലെ ഹോട്ടലുകൾ, ലോഡ്ജുകൾ എന്നിവ കേന്ദ്രീകരിച്ച് നടക്കുന്നുണ്ട്. നഗരത്തിലെ പല ഇടങ്ങളിലും വഴിവിളക്കുകളുടെ അഭാവത്തിൽ ഇരുട്ടിലാണ്. വ്യാപാര സ്ഥാപനങ്ങൾ കൂടിയടച്ചാൽ കുറ്റാക്കൂരിരിട്ടിലാണ് നഗരത്തിന്റെ വിവിധ മേഖലകൾ. ഇവിടേക്കൊന്നും രാത്രി പരിശോധനക്കായിപോലും പൊലീസ് എത്തുന്നില്ല. പൊലീസും എക്സൈസും വിഷയത്തിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.