തൊടുപുഴ: നഗരത്തിന്റെ വിവിധ പ്രദേശങ്ങള് കേന്ദ്രീകരിച്ച് ലഹരിസംഘങ്ങളും സമൂഹികവിരുദ്ധരും തമ്പടിക്കുന്നു. രാത്രിയാകുന്നതോടെ വാഹനങ്ങളിലും പൊതുഇടങ്ങളിലും ഇവർ സജീവമാകുമ്പോഴും പൊലീസിന്റെയും എക്സൈസിന്റെയും ശ്രദ്ധ ഇവരിലേക്ക് എത്തുന്നില്ലെന്ന് ആക്ഷേപം.
വ്യാഴാഴ്ച വൈകീട്ട് തൊടുപുഴ നഗരത്തിൽ യുവാവ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. ഗാന്ധി സ്ക്വയറിലെ വ്യാപാര സ്ഥാപനത്തിൽ ജോലിചെയ്യുന്ന അനന്തു സാബുവിനെ മർദിക്കുകയും ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ അഖിലിനെയും ആക്രമിച്ച് പരിക്കേൽപിക്കുകയും ചെയ്തു. വാളറ സ്വദേശി റഷീദ് എന്ന ബിപിനാണ് അറസ്റ്റിലായത്. രണ്ട് ദിവസം മുമ്പ് നഗരത്തിലടക്കം കടല കച്ചവടം നടത്തിയിരുന്നയാളെ ജയൻ എന്നയാൾ ആക്രമിക്കുകയും ഇദ്ദേഹത്തിന്റെ ഉന്തുവണ്ടി തള്ളിമറിച്ചിടുകയും പട്ടികക്കഷണമുപയോഗിച്ച് അടിച്ച് മുറിവേൽപിക്കുകയും ചെയ്തു. ഗാന്ധി സ്ക്വയറിന് സമീപവും നഗരസഭ ടൗൺ ഹാളിന് സമീപത്തുമാണ് മദ്യപരുടെയും സാമൂഹികവിരുദ്ധരുടെയും ശല്യം വർധിക്കുന്നത്. ഇവരുടെ ശല്യംമൂലം പൊതുജനങ്ങളും യാത്രക്കാരും വലിയ ബുദ്ധിമുട്ടിലാണ്. പലപ്പോഴും സംഘർഷവും ആക്രമണവുമടക്കം നടക്കുന്നതോടെയാണ് പൊലീസ് സ്ഥലത്തെത്തുന്നത്.
ടൗൺ ഹാൾ കെട്ടിടവും മുന്നിലെ വെയിറ്റിങ് ഷെഡും പിന്നിലെ പുഴയോരവും ഇവരുടെ വിഹാര കേന്ദ്രങ്ങളാണ്. ഇവിടെ തകരാറിലായി കിടക്കുന്ന വാഹനങ്ങളിൽ മുതൽ പൊത്തുകളിൽ വരെ ലഹരി ഒളിപ്പിച്ചാണ് വിൽപന. നേരിട്ട് കൈമാറ്റം ചെയ്യുന്നത് പിടിക്കപ്പെടാൻ ഇടയാക്കുന്നതിനാൽ ഇവർ സാധനം ഒളിപ്പിച്ച ശേഷം വിളിച്ചുപറയും. ആവശ്യക്കാർ സ്ഥലത്തെത്തി സാധനം എടുത്ത് പണം ഇട്ട് കൊടുക്കും. പൊലീസിനും എക്സൈസിനുമൊക്കെ ഇക്കാര്യം അറിയാമെങ്കിലും നടപടി ഉണ്ടാകുന്നില്ലെന്നാണ് ആക്ഷേപം.
സ്ഥിരം വിൽപനക്കാരുടെയടക്കം വിവരങ്ങൾ ഉണ്ടെങ്കിലും ഇവരൊന്നും സ്ഥലത്തില്ലെന്നാണ് പൊലീസ് പറയുന്നത്. നേരം ഇരുട്ടിയാൽ ടൗൺ ഹാളിന് മുന്നിലെ ബസ് സ്റ്റോപ്പിൽ ബസ് കാത്തിരിക്കാൻപോലും യാത്രക്കാർക്ക് ഭയമാണ്. നഗരത്തിൽ ഒട്ടേറെ ആളുകൾ വന്നുപോകുന്ന മേഖലയാണ് ടൗൺ ഹാളും പരിസരങ്ങളും. പുലർച്ച മുതൽ അന്തർസംസ്ഥാന തൊഴിലാളികൾ ഇവിടെ തമ്പടിക്കും. പിന്നീട് ഇവിടെ മറ്റു യാത്രക്കാരുംകൂടി എത്തുന്നതോടെ വലിയ തിരക്കേറും. ഇതിനിടെയാണ് സമൂഹികവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരും ഇവിടം താവളമാക്കുന്നത്.
നഗരത്തിലെ മിക്കയിടങ്ങളിലും കാമറകൾ പ്രവർത്തനരഹിതമായത് പൊലീസിന്റെ അന്വേഷണത്തെയും ബാധിക്കുന്നുണ്ട്. നിരവധി കേസിലെ പ്രതികളെ പൊലീസ് കാമറകളുടെ സഹായത്തോടെ കൈയോടെ പിടികൂടിയിരുന്നു.
നേരത്തേ കാമറകൾ സജീവമായിരുന്നപ്പോൾ ഇവരുടെ വിളയാട്ടം കുറഞ്ഞിരുന്നു. നഗരത്തിൽ രാത്രി തമ്പടിക്കുന്നവരിൽ മോഷ്ടാക്കളടക്കം ഇടംപിടിക്കുന്നുണ്ടെന്നാണ് വിവരം. ഇവരെയടക്കം കണ്ടെത്താനും കാമറ സഹായിച്ചിരുന്നു. കാമറകൾ പുനഃസ്ഥാപിക്കാനുള്ള ജോലികൾ പൂർത്തിയായി വരുകയാണെന്നാണ് നഗരസഭ ചെയർമാൻ സനീഷ് ജോർജിന്റെ പ്രതികരണം.
തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാൻഡ് പരിസരത്തും പൊലീസ് സ്റ്റേഷന് സമീപം തൊടുപുഴ-കാഞ്ഞിരമറ്റം റോഡിലും സന്ധ്യ കഴിയുന്നതോടെ മദ്യപരുടെ വിളയാട്ടമാണ്.
റോഡരികിലെ ബിവറേജസിൽനിന്ന് മദ്യം വാങ്ങി റോഡരികിൽതന്നെ യാത്രക്കാർക്ക് തടസ്സമുണ്ടാക്കി മദ്യപിക്കുന്നവരുണ്ട്. ചോദ്യം ചെയ്യാൻ പോയാൽ ഭീഷണിപ്പെടുത്തുന്നുവെന്നും വ്യാപാരികളടക്കം ചൂണ്ടിക്കാട്ടുന്നു. രാത്രിയിൽ നഗരത്തിലെ പട്രോളിങ് കാര്യക്ഷമമാക്കണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.