തൊടുപുഴ: കണ്ണുവെട്ടിച്ചുള്ള നിയമലംഘനങ്ങൾ പിടികൂടാൻ കോടികൾ മുടക്കി സ്ഥാപിച്ച ആർട്ടിഫിഷൽ ഇന്റലിജൻസ് കാമറകൾ ഒരു വർഷം പിന്നിട്ടിട്ടും മിഴി തുറന്നില്ല. ഏപ്രിൽ ഒന്നുമുതൽ കാമറകൾ പ്രവർത്തിച്ച് തുടങ്ങുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ഇതുവരെ ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് മോട്ടോർ വാഹന വകുപ്പ് പറഞ്ഞു. സേഫ് കേരള പദ്ധതിയുടെ ഭാഗമായി കേരള മോട്ടോർ വാഹനവകുപ്പിന്റെയും കെൽട്രോണിന്റെയും ആഭിമുഖ്യത്തിൽ ജില്ലയിലാകെ സ്ഥാപിച്ച 38 കാമറയാണ് നോക്കുകുത്തിയായി നിൽക്കുന്നത്.
തൊടുപുഴ ടൗണിൽ മാത്രം 13 കാമറയാണ് സ്ഥാപിച്ചിരിക്കുന്നത്. തിരക്കേറിയ റോഡുകളിലും വാഹനാപകടങ്ങൾ കൂടുതലുണ്ടാകുന്ന ഹോട്ട്സ്പോട്ടുകളിലുമാണ് സർവേ നടത്തി കാമറകൾ സ്ഥാപിച്ചത്. ഒരു കാമറക്ക് മാത്രം 50,000 രൂപ മുടക്കുണ്ട്. കെൽട്രോണാണ് ഈ ആധുനിക കാമറകൾ നിർമിച്ചിരിക്കുന്നത്. ഇവ ഘടിപ്പിക്കാനുള്ള തൂണുകൾ സ്ഥാപിച്ചതുൾെപ്പടെയുള്ള ചെലവ് പുറമെ വരും. ഇത്രയും പണം മുടക്കിയിട്ടും ഇവയുടെ പ്രവർത്തനം ആരംഭിക്കാത്തതിനാൽ കാമറകൾ നശിക്കുമോയെന്ന് ആശങ്കയുണ്ട്.
നിയമലംഘനം നടത്തി തിരക്കേറിയ റോഡിലൂടെ പോകുന്നവരെ അധികൃതർ തടഞ്ഞുനിർത്തി പിടികൂടുന്നതിന് പകരം കാമറക്കണ്ണിൽ കുടുക്കുന്നതായിരുന്നു പദ്ധതി. കാമറയിൽ യാത്രക്കാരന്റെ ഫോട്ടോ, വാഹന നമ്പർ, വാഹനം എന്നിവ പതിയും. ഈ ചിത്രത്തിന്റെ അടിസ്ഥാനത്തിൽ പിഴ അടക്കാനുള്ള നോട്ടീസ് വാഹനയുടമകളെത്തേടി വീട്ടിൽ വരും.
ജില്ലയിൽ എവിടെ നിയമലംഘനം നടന്നാലും ചിത്രം തൊടുപുഴയിലെ കൺട്രോൾ റൂമിൽ ലഭിക്കും. തൊടുപുഴ വെങ്ങല്ലൂരിലുള്ള ഇടുക്കി എൻഫോഴ്സ്മെന്റ് ഓഫിസിലാണ് കൺട്രോൾ റൂം. കാമറകൾ പ്രവർത്തനം ആരംഭിക്കുന്നത് സംബന്ധിച്ച് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നാണ് അധികൃതർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.