തൊടുപുഴ: കരിമണ്ണൂരില്‍ എ.ടി.എം കൗണ്ടര്‍ കുത്തിപ്പൊളിച്ച് കവര്‍ച്ച നടത്താന്‍ ശ്രമിച്ച അസം സ്വദേശികളെ സ്ഥലത്തെത്തിച്ച് തെളിവെടുത്തു.
അസം നാഗോണ്‍ സിംലയ്പത്താര് സ്വദേശികളായ ജിന്നറ്റ് അലി (21), തുമിറുള്‍ ഇസ്ലാം (22), അസീസുള്‍ ഹഖ് (22) എന്നിവര്‍ കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട്ടുനിന്നാണ് പിടിയിലായത്. കരിമണ്ണൂര്‍ ടൗണില്‍ പ്രവര്‍ത്തിക്കുന്ന സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എ.ടി.എം കൗണ്ടറിലാണ് കഴിഞ്ഞ 11ന് പുലർച്ച കവര്‍ച്ച ശ്രമം നടന്നത്. ചൊവ്വാഴ്ച രാവിലെ ഏഴോടെ സ്റ്റേഷനിലെത്തിച്ച പ്രതികളെ എ.ടി.എം കൗണ്ടറിലെത്തിച്ച് തെളിവെടുത്തു. എ.ടി.എം കുത്തിപ്പൊളിക്കാന്‍ ഉപയോഗിച്ച ആയുധങ്ങള്‍ മൂവരും പൊലീസിന് കാണിച്ചുകൊടുത്തു. സമീപത്തെ പറമ്പില്‍നിന്ന് ചുറ്റികയും സ്ക്രൂ ഡ്രൈവറും പൊലീസ് കണ്ടെടുത്തു. 9.30ഓടെ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. വൈകീട്ട് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
കരിമണ്ണൂര്‍ മേഖലയില്‍ ജോലിക്കെത്തിയവരാണ് പ്രതികള്‍. ആയുധങ്ങള്‍ ഉപയോഗിച്ച് എ.ടി.എം കുത്തിപ്പൊളിച്ചെങ്കിലും പണം കൈക്കലാക്കാന്‍ കഴിഞ്ഞിരുന്നില്ല. പ്രതികളുടെ ദൃശ്യം എ.ടി.എമ്മിലെ സി.സി ടി.വിയില്‍നിന്ന് പൊലീസിന് ലഭിച്ചിരുന്നു. ഇതുപയോഗിച്ച് നടത്തിയ അന്വേഷണത്തിലാണ് മൂവര്സംഘത്തെക്കുറിച്ച് സൂചന ലഭിച്ചത്. കാഞ്ഞങ്ങാട് ജോലി അന്വേഷിക്കുകയായിരുന്നു ഇവര്‍.
റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിന്റെ സഹായത്തോടെയാണ് കരിമണ്ണൂര്‍ പൊലീസാണ് ഇവരെ പിടികൂടിയത്.
പൊലീസിനെ കണ്ട് കടന്നുകളയാൻ ശ്രമിച്ച പ്രതികളെ എസ്.എച്ച്.ഒ കെ.ജെ. ജോബി, എസ്.സി.പി.ഒ സുനില്‍കുമാര്‍, സി.പി.ഒമാരായ ടി.എ. ഷാഹിദ്, അജീഷ് തങ്കപ്പന് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പിന്തുടര്ന്ന് പിടികൂടുകയായിരുന്നു. ആർ.പി.എഫ് ഇന്സ്പെക്ര് ബിനോയ് ആന്റണിയും ഉദ്യോഗസ്ഥരും ആവശ്യമായ സഹായം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.