തൊടുപുഴ: ഒരു വർഷത്തോളമായ നവകേരളസദസ്സ് നടത്തിപ്പിന്റെ കടം വീട്ടാൻ സ്പോൺസർമാരിൽനിന്ന് പണപ്പിരിവിന് ഇപ്പോഴും സംഘാടകസമിതി. തൊടുപുഴ നിയോജക മണ്ഡലത്തിലെ നവകേരളസദസ്സിന്റെ കൺവീനറായ ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കഴിഞ്ഞ മാസം 19ന് ഔദ്യോഗിക മെയിലിൽ നിന്ന് ഒരു ലക്ഷം രൂപ ആവശ്യപ്പെട്ട് കത്തയച്ചതാണ് വിവാദമായത്. നവകേരള സദസ്സുമായി ബന്ധപ്പെട്ട കണക്കുകൾ ഇപ്പോഴും ലഭ്യമല്ലാതിരിക്കെ പിരിവ് നിലച്ചിട്ടില്ലെന്ന വിവരം പുറത്തായത് ബന്ധപ്പെട്ടവരെ സംശയനിഴലിൽ നിർത്തുന്നു.
കഴിഞ്ഞ ഡിസംബറിൽ തൊടുപുഴ പഴയ ബസ് സ്റ്റാൻഡ് മൈതാനത്ത് നവകേരള സദസ്സിനായി പന്തലിട്ട സ്വകാര്യ സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് തുക കൈമാറണമെന്ന് അഭ്യർഥിച്ചാണ് കേരള ബാങ്ക് പ്രസിഡന്റിന് പഞ്ചായത്ത് സെക്രട്ടറി കത്തയച്ചത്. കത്തിൽ കേരള ഗ്രാമീൺ ബാങ്ക് പ്രസിഡന്റ് എന്ന് തെറ്റായാണ് രേഖപ്പെടുത്തിയിരുന്നത്.
ഈ പണം പിരിച്ചെടുക്കാൻ നിർബന്ധിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാരി വകുപ്പുതല പരാതി നൽകിയതാണ് സംഭവം പുറത്തറിയാൻ കാരണമായത്. പരാതിയിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകുമെന്ന് തദ്ദേശഭരണ വകുപ്പ് ജില്ല എംപവർമെന്റ് ഓഫിസർ അറിയിച്ചു. ഇടുക്കിയിലെ അഞ്ച് നിയമസഭ മണ്ഡലങ്ങളിൽ നവകേരളസദസ്സിനായി കേരള ബാങ്ക് ഒരു ലക്ഷം രൂപ വീതം നൽകിയിരുന്നു. ഇതിൽ തൊടുപുഴക്ക് മാത്രം തുക കിട്ടിയില്ല. കൺവീനറുടെ കത്ത് നൽകാത്തതിനാലാണ് തുക കിട്ടാതെ പോയതെന്നും അതിനാലാണ് ഇപ്പോൾ കത്തയച്ചതെന്നുമാണ് ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എ.ജെ. അജയ്യുടെ വിശദീകരണം.
പിരിവിൽ അസ്വഭാവികതയില്ലെന്നും ഇദേഹം വ്യക്തമാക്കുന്നു. നവകേരളസദസ്സിനായി സ്പോൺസർഷിപ് തുകയെല്ലാം ബാങ്ക് അക്കൗണ്ടിലാണ് വാങ്ങിയതെന്ന് സംഘാടക സമിതി സെക്രട്ടറിയും തൊടുപുഴ നഗരസഭ മുൻചെയർമാനുമായ സനീഷ് ജോർജ് പറഞ്ഞു. പരിപാടിയുമായി ബന്ധപ്പെട്ട മുഴുവൻ ഇടപാടുകളും നടത്തിയത് സി.പി.എം തൊടുപുഴ ഈസ്റ്റ് ഏരിയ സെക്രട്ടറി മുഹമ്മദ് ഫൈസലാണെന്നും സനീഷ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.