നാല് പതിറ്റാണ്ടിന് മുകളിലായി നഗരസഭയിലെയും പരിസരപ്രദേശങ്ങളിലെയുമടക്കം മാലിന്യം നിക്ഷേപിച്ചിരുന്നത് ഇവിടെയായിരുന്നു. ജൈവ- അജൈവ മാലിന്യങ്ങളെല്ലാം കൂട്ടമായിട്ടാണ് നിക്ഷേപിച്ചിരുന്നത്. ഇതുമൂലം മഴ പെയ്യുമ്പോൾ വെള്ളം മാലിന്യത്തിൽ കലർന്ന് സമീപത്തെ ജലാശയങ്ങളിലേക്ക് ഒഴുകിയെത്തുന്നുവെന്ന വ്യാപക പരാതിയും ഉയർന്നിരുന്നു. ഇതിന് പരിഹാരം കാണാനുള്ള നടപടിയുടെ ഭാഗമായാണ് ബയോമൈനിങ്ങ് നടപടി ആരംഭിച്ചത്
തൊടുപുഴ: കോലാനി പാറക്കടവിലെ നഗരസഭയുടെ ഡമ്പിങ് യാർഡിലെ മാലിന്യ മല നീങ്ങിത്തുടങ്ങി. ബയോ മൈനിങ്ങിലൂടെ 40 ശതമാനത്തോളം മാലിന്യം നീക്കിയെന്ന് അധികൃതർ പറയുന്നു. ബയോമൈനിങ്ങ് പദ്ധതിയുടെ ഭാഗമായി മാലിന്യം നീക്കം ചെയ്യൽ മേയ് മുതൽ ആരംഭിച്ചതാണ്. മാലിന്യങ്ങൾ ശാസ്ത്രീയമായി നീക്കംചെയ്യുന്നതിനായി ഇവ തരംതിരിക്കുന്ന ജോലികളായിരുന്നു ആദ്യഘട്ടം. കല്ല്, മണ്ണ്, പ്ലാസ്റ്റിക് എന്നിങ്ങനെ ഏഴ് രീതിയിൽ തരംതിരിച്ചാണ് മാലിന്യം നീക്കം ചെയ്യുന്നത്.
2.8 കോടിയുടെ പദ്ധതി
40 കൊല്ലമായി നിക്ഷേപിച്ചിരുന്ന മാലിന്യങ്ങൾ ശാസ്ത്രീയമായി നീക്കി ഭൂമി വീണ്ടെടുക്കുന്നതിനായി സ്വച്ഛ് ഭാരത് മിഷന് നഗരം- രണ്ടാം ഘട്ട പദ്ധതിയിൽ ഉൾപ്പെടുത്തി ശുചിത്വ മിഷന്റെ സഹായത്തോടെയാണ് ബയോമൈനിങ് പദ്ധതി നടപ്പാക്കുന്നത്. കോഴിക്കോട് ആസ്ഥാനമായുള്ള കരാർ ഏജൻസി. 1.24 ഏക്കർ സ്ഥലത്തുള്ള 26683 ക്യൂബിക് മീറ്റർ മാലിന്യം നീക്കം ചെയ്യുന്ന പ്രവൃത്തികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. 2.83 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്.
മേയിൽ പ്രാരംഭ നടപടികൾ ആരംഭിച്ചെങ്കിലും ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ മഴ വില്ലനായി മാറി. അത് പ്രവർത്തനങ്ങൾ രണ്ടു മാസത്തോളം നീളാനിടയാക്കി. പിന്നീട് സെപ്റ്റംബറിൽ പുനരാരംഭിച്ച ജോലി ഇപ്പോൾ മികച്ച രീതിയിൽ പുരോഗമിക്കുകയാണ്. മികച്ച രീതിയിൽ മാലിന്യനിർമാർജന പ്രവൃത്തികൾ മുന്നോട്ട് പോകുന്നതായി അധികൃതർ പറഞ്ഞു. അവശേഷിക്കുന്ന ചുരുങ്ങിയ മാസങ്ങൾക്കുള്ളിൽ പൂർണമായും നീക്കം ചെയ്യുമെന്നും പാറക്കടവ് നിവാസികളുടെ ഏറെ നാളത്തെ ബുദ്ധിമുട്ട് ഒഴിവാകുമെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.