തൊടുപുഴ: കൈക്കൂലി കേസിൽ പ്രതിചേർക്കപ്പെട്ട തൊടുപുഴ നഗരസഭ ചെയർമാൻ സനീഷ് ജോർജിനെ സംരക്ഷിക്കുകയെന്ന നിലപാടിൽ സി.പി.എം നീങ്ങിയതിനിടെ പ്രതിസന്ധിയായി ഇടതു കൗൺസിലർമാരുടെ നിലപാട്. സ്ഥിരം ആരോപണ വിധേയരായ ചില ഇടത് നേതാക്കൾ രഹസ്യമായി പിന്തുണക്കുന്നതൊഴികെ എൽ.ഡി.എഫ് കൗൺസിലർമാർ ചെയർമാനൊപ്പമില്ലെന്നാണ് വിവരം.
ആരോപണങ്ങളും അവഹേളനവും പ്രധാനമായി ഏൽക്കേണ്ടി വരുന്നതും മറുപടി പറയേണ്ടി വരുന്നതും പാർട്ടിയായിരിക്കുമെന്നും ചെയർമാനെ സഹിക്കേണ്ടതില്ലെന്നുമാണ് കൗൺസിലർമാരുടെ പക്ഷം. എന്നാൽ, ആരോപണ വിധേയനായി പുറത്തുപോകേണ്ടി വരുന്നത് ദോഷമാകുമെന്നാണ് പാർട്ടിയിൽ ഒരു വിഭാഗത്തിന്റെ വിലയിരുത്തൽ.
ചെയർമാന്റെ അനധികൃത ഇടപാടുകളിൽ സംശയനിഴലിലായ പാർട്ടി നേതൃത്വത്തിലെ ചിലർ രാജിയെ എതിർക്കുകയാണ്. വിജിലൻസ് കേസെടുത്ത സാഹചര്യത്തിൽ ചെയർമാനെ കൈവിടുന്നതാണ് നല്ലതെന്ന അഭിപ്രായമാണ് സി.പി.എം കൗൺസിലർമാർ അടക്കമുള്ളവർക്ക്.
പാര്‍ട്ടിയുടെയും എല്‍.ഡി.എഫിന്റെയും പ്രതിച്ഛായ നിലനിര്‍ത്താന്‍ രാജിയല്ലാതെ വഴിയില്ലെന്നാണ് കൗൺസിലർമാർ ചൂണ്ടിക്കാട്ടുന്നത്. ജില്ല സെക്രട്ടേറിയറ്റ് അംഗവും സംസ്ഥാന കമ്മിറ്റി അംഗവും അടക്കം പ്രബലര്‍ സനീഷ് ജോർജിനെ പിന്തുണക്കുന്നത് വെല്ലുവിളിയാണ്.
പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദേശങ്ങള്‍ പാലിച്ചാണ് ചെയര്‍മാനായി പ്രവര്‍ത്തിക്കുന്നതെന്നും തെറ്റുണ്ടായിട്ടുണ്ടെങ്കില്‍ താന്‍ മാത്രമല്ല ഉത്തരവാദി എന്നുമാണ് സനീഷിന്റെ നിലപാട്. പാർട്ടി നിർദേശിച്ചാലും ചെയര്മാന് രാജിക്ക് തയാറാകില്ലെന്ന സൂചനയും പുറത്തുവന്നിട്ടുണ്ട്.
സ്കൂൾ കെട്ടിടത്തിനു ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാൻ ഒരുലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ തൊടുപുഴ മുനിസിപ്പൽ അസി. എൻജിനീയർ (എ.ഇ) സി.ടി. അജി വിജിലൻസ് പിടിയിലായതിന് പിന്നാലെ ഇയാൾക്കു പണം നൽകാൻ ഇടനിലക്കാരനായി എത്തിയയാളും അറസ്റ്റിലാകുകയായിരുന്നു. കൈക്കൂലി നൽകാൻ ആവശ്യപ്പെട്ടത് സംബന്ധിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് സനീഷ് ജോർജ് കേസിൽ രണ്ടാം പ്രതിയായത്.
കോൺഗ്രസ് വിമതനായാണ് സനീഷ് ജോർജ് കൗൺസിലറായത്. സനീഷിന് ചെയർമാൻ പദവി വാഗ്ദാനം ചെയ്ത് കൂടെ നിർത്തിയും ലീഗ് സ്വതന്ത്രയെ കാലുമാറ്റിയുമാണ് നഗരസഭ ഭരണം അട്ടിമറിയിലൂടെ സി.പി.എം പിടിച്ചത്. കൈക്കൂലി നൽകാതെ എൻജിനീയർ ഒരു കാര്യവും ചെയ്തുനൽകില്ലെന്നും പണം നൽകി ഫിറ്റ്നസ് സർട്ടഫിക്കറ്റ് സ്വന്തമാക്കാനും ചെയർമാൻ നിർദേശിക്കുന്ന വോയ്സ് സഹിതമാണ് വിജിലൻസിന് പരാതി ലഭിച്ചത്.
കൗൺസിലർമാർ ചെയർമാനെതിരെ കടുത്ത നിലപാടെടുത്തതോടെ സംരക്ഷിക്കൽ പാർട്ടിക്ക് എളുപ്പമാകില്ലെന്ന സൂചനയാണ് നൽകുന്നത്. രണ്ടു ദിവസത്തിനുള്ളിൽ പാർട്ടിക്ക് തീരുമാനമെടുക്കേണ്ടി വരും.
അതേസമയം, ഭരണപക്ഷത്തിന് പ്രത്യേകിച്ച് സി.പി.എമ്മിനെതിരെ മികച്ച അവസരം ലഭിച്ചിട്ടും യു.ഡി.എഫ് ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നില്ലെന്ന ആരോപണവും ശക്തമാണ്. കോൺഗ്രസ് നേതാക്കൾ തമ്മിലെ ഗ്രൂപ് പ്രശ്നം മുന്നണിക്ക് തലവേദനയായിട്ടുണ്ട്. മുസ്ലിം ലീഗിലെ ഗ്രൂപ്പിസവും സമരത്തെ ബാധിക്കുന്നു. ശനിയാഴ്ച യു.ഡി.എഫ് സംഘടിപ്പിച്ച സമരത്തിന് ശുഷ്കമായ പങ്കാളിത്തമാണുണ്ടായത്.
തൊടുപുഴ: എൻജിനീയർക്ക് കൈക്കൂലി നൽകാൻ വൈകിയതിനെ തുടർന്ന് ഫിറ്റനസ് സർട്ടിഫിക്കറ്റ് കിട്ടാതിരുന്ന സ്കൂളിന് ഒടുവിൽ തൊടുപുഴ നഗരസഭയുടെ നിരാക്ഷേപ പത്രം.
ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട് തൊടുപുഴ മുനിസിപ്പൽ അസിസ്റ്റന്റ് എൻജിനീയർ തടഞ്ഞുവെച്ച കുമ്പംകല്ല് ബി.ടി.എം എൽ.പി സ്കൂളിനാണ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭ്യമായത്. കൈക്കൂലി കേസിൽ ബന്ധപ്പെട്ട എൻജിനീയർ അറസ്റ്റിലായതിന് പിന്നാലെയാണ് ശനിയാഴ്ച ഫിറ്റ്നസ് അനുവദിച്ച് മുനിസിപ്പാലിറ്റി പൊതുമരാമത്ത് വിഭാഗം ഉത്തരവിട്ടത്.
കൈക്കൂലി നൽകാൻ ആവശ്യപ്പെട്ട നഗരസഭ ചെയർമാൻ സനീഷ് ജോർജ് കേസിൽ രണ്ടാം പ്രതിയായതിനും പിന്നാലെയാണ് സ്കൂളിന് നഗരസഭയുടെ ക്ലീൻ ചിറ്റ്.
തൊടുപുഴ: കൈക്കൂലി കേസിൽ രണ്ടാം പ്രതിയായ തൊടുപുഴ മുനിസിപ്പൽ ചെയർമാൻ രാജിവെക്കുംവരെ യു.ഡി.എഫ് പ്രക്ഷോഭം തുടരുമെന്ന് കോൺഗ്രസ് തൊടുപുഴ ബ്ലോക്ക് പ്രസിഡന്റ് ഷിബിലി സാഹിബ്.
ചെയർമാന്റെ രാജി ആവശ്യപ്പെട്ട് മുനിസിപ്പൽ ഓഫിസിനു മുന്നിൽ നടന്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എന്നാൽ, സി.പി.എം ഉൾപ്പെടെ എൽ.ഡി.എഫ് പിന്തുണയോടെ അദ്ദേഹം തൽസ്ഥാനത്ത് തുടരുകയാണ്. തൊടുപുഴ അർബൻ ബാങ്ക് പ്രസിഡന്റ വി.വി. മത്തായി അഴിമതി നടത്തിയതായി റിസർവ് ബാങ്ക് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. അദ്ദേഹവും സ്ഥാനത്ത് തുടരുന്നത് സി.പി.എം പിന്തുണയോടെയാണ്.
പുതിയ പദ്ധതികളൊന്നും ഏറ്റെടുക്കാനും കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. യു.ഡി.എഫ് ജില്ല കൺവീനർ പ്രഫ. എം.ജെ. ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. അഡ്വ. ജോസഫ് ജോൺ, എ.എം. ഹാരിദ്, എൻ.ഐ. ബെന്നി, ജാഫർ ഖാൻ മുഹമ്മദ്, കെ. ദീപക്, എം.എ. കരീം, സഫിയ ജബ്ബാർ, ടി.ജെ. പീറ്റർ, ഫിലിപ് ചേരിയിൽ, മൂസ, കെ.ജി. സജിമോൻ, കെ.കെ. ജോസഫ്, അഡ്വ. കെ.എസ്. സിറിയക്, കൃഷ്ണൻ കണിയാപുരം, അഡ്വ. സി.കെ. ജാഫർ, ഷഹന ജാഫർ, റസിയ കാസിം, രാജി അജി, സാബിറ ജലീൽ, ഷീജ ഷാഹുൽ, നിസ സക്കീർ, നീനു പ്രശാന്ത്, സനു കൃഷ്ണൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.