തൊടുപുഴ: തിങ്കളാഴ്ച സംസ്ഥാന ബജറ്റ് നിയമസഭയിൽ അവതിരിപ്പിക്കാനിരിക്കെ മലയോരം പ്രതീക്ഷയോടെ കാത്തിരിക്കുന്നു. കാർഷിക മേഖലയിലും ആരോഗ്യ മേഖലയിലും അടിസ്ഥാന സൗകര്യങ്ങളിലും ജില്ലക്ക് ഇനിയും ഒട്ടേറെ കുതിക്കാനുണ്ട്. തോട്ടം മേഖലയും വളരെ പ്രതീക്ഷയോടെയാണ് ബജറ്റിനെ കാത്തിരിക്കുന്നത്. തോട്ടവിളകളുടെ കൃഷി അനാകർഷകമായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ്. പണിയെടുക്കുന്ന തൊഴിലാളികളുടെ വരുമാനവും ജീവിതനിലവാരവും താഴേക്ക് പോകുന്നു.
ജില്ലയുടെ പ്രധാന വരുമാന മാർഗങ്ങളിലൊന്നായ വിനോദ സഞ്ചാര മേഖലയും ഇനിയും ഒട്ടേറെ മുന്നോട്ട് പോകാനുണ്ട്. ടൂറിസം സാധ്യതകൾ അവലോകനം ചെയ്ത് ഈ മേഖലയിൽ ദ്രുതഗതിയിലുള്ള വളർച്ച ഉറപ്പാക്കാനുള്ള പദ്ധതികൾ ബജറ്റിൽ ഉണ്ടാകുമെന്നാണ് ടൂറിസം രംഗത്തുള്ളവർ പ്രതീക്ഷിക്കുന്നത്. കാർഷിക മേഖലകൂടിയായ ജില്ലയിലെ കർഷകർ പലപ്പോഴും നേരിടുന്ന പ്രശ്നമാണ് ഉൽപന്നങ്ങൾ വാങ്ങാനും വിപണനം ചെയ്യാനുമുള്ള പ്രതിസന്ധി. ഇത് പരിഹരിക്കാനും നടപടി പ്രതീക്ഷിക്കുന്നുണ്ട്. മുൻ കാല ബജറ്റുകളിലടക്കം ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് വിഭാവനം ചെയ്ത ഇടുക്കി പാക്കേജ് അതിന്റെ ഫലപ്രാപ്തിയിലേക്കെത്തിയില്ലെന്ന വിമർശനവും നിലനിൽക്കുന്നു.
കൃഷി, വ്യവസായം, ടൂറിസം എന്നിവയുടെ വികസനം, പരിസ്ഥിതി സന്തുലനാവസ്ഥ പുനഃസ്ഥാപിക്കൽ, ദാരിദ്ര്യ നിർമാർജനം എന്നിങ്ങനെ ആറ് മേഖലയിലായി അഞ്ചുവർഷംകൊണ്ട് ഇടുക്കിയുടെ സമഗ്ര വികസനമാണ് പാക്കേജിലൂടെ ലക്ഷ്യമിട്ടിരിക്കുന്നത്. കൃത്യമായ ആസൂത്രണങ്ങളോടെ പാക്കേജ് പുരോഗമിക്കുകയാണെന്ന് ജില്ല ഭരണകൂടം ആവർത്തിക്കുമ്പോഴും ആദിവാസി വിദൂര മേഖലകളിലുൾപ്പെടെ അപേക്ഷിച്ച് അടിസ്ഥാന സൗകര്യങ്ങളുടെ വികസനകാര്യത്തിലടക്കം ജില്ല പിന്നിലാണ്. ഇടുക്കിയുടെ വികസനം സാധ്യമാകണമെങ്കിൽ അടിസ്ഥാന സൗകര്യങ്ങളിൽ കൃത്യമായ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കണമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മുൻ കാലങ്ങളിലെ ബജറ്റുകളിലെ പല പ്രഖ്യാപനങ്ങളും പൂർണതോതിൽ നടപ്പാക്കാനായില്ല.
പൂട്ടിക്കിടക്കുന്ന തോട്ടങ്ങൾ തുറക്കാൻ നടപടി സ്വീകരിക്കുമെന്ന പ്രഖ്യാപനങ്ങൾ ഇപ്പോഴും ലക്ഷ്യത്തിലെത്തിയിട്ടില്ല. ലയങ്ങളിലെ ജീവിതങ്ങൾ ഇപ്പോഴും നരകതുല്യമാണ്. വന്യമൃഗശല്യത്തിന് തടയിടാനും മുമ്പ് പ്രഖ്യാപിച്ച പദ്ധതികൾക്ക് കഴിഞ്ഞിട്ടില്ല. ടൂറിസം സെന്ററുകളെ പുനരുജ്ജീവിപ്പിക്കുമെന്ന പ്രഖ്യാപനങ്ങൾ പലപ്പോഴും ഉയർന്ന് കേൾക്കുന്ന ഒന്നാണ്. പ്രധാന ടൂറിസം കേന്ദ്രങ്ങളെ കോർത്തിണക്കി സർക്യൂട്ട് എന്ന പ്രഖ്യാപനവും നടപ്പായില്ല.
സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയാത്ത വേറെയും പദ്ധതികളുണ്ട്. മലങ്കര ടൂറിസം പദ്ധതി ഒരു ഉദാഹരണം മാത്രം. മൂന്നാറിലെ വിനോദ സഞ്ചാര ട്രെയിൻ എന്ന പ്രഖ്യാപനം മുൻ വർഷത്തെ ബജറ്റിലേതായിരുന്നു. കാർഷിക മേഖലയായ ഇടുക്കിയിൽ കാർഷിക ഉൽപന്നങ്ങൾക്ക് താങ്ങുവില പ്രഖ്യാപിക്കണമെന്നതും ഇടുക്കിയുടെ കാലങ്ങളായുള്ള ആവശ്യമാണ്. തങ്ങളുടെ മണ്ഡലത്തിലെ വികസനത്തിന് ആക്കം കൂട്ടുന്ന പദ്ധതികൾ ബജറ്റ് പ്രഖ്യാപനത്തിൽ ഉൾപ്പെടുമെന്ന പ്രതീക്ഷയിലാണ് ജനപ്രതിനിധികളും. ഓരോ എം.എൽ.എമാരും തങ്ങളുടെ മണ്ഡലത്തിലേക്ക് വേണ്ട പദ്ധതികൾ മുൻകൂട്ടി തയാറാക്കി നൽകിയിട്ടുണ്ട്.
കഴിഞ്ഞ സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച പല പദ്ധതികളും നിലച്ചും ചിലത് ഇഴഞ്ഞും നീങ്ങുകയാണ്. പീരുമേട് താലൂക്കാശുപത്രിയോടനുബന്ധിച്ച് നഴ്സിങ് സ്കൂൾ, തൊടുപുഴയിൽ സ്റ്റേഡിയം, വാഗമണിൽ ഡയറി പാർക്ക്, എസ്റ്റേറ്റ് ലയങ്ങളുടെ നവീകരണം, മൂന്നാറിനെ പ്രത്യേക ടൂറിസം ഇടനാഴിയാക്കി മാറ്റൽ, കുളമാവ് വടക്കേപ്പുഴ ചെക് ഡാമിൽ കയാക്കിങ്ങ് എന്നിവയെല്ലാം പ്രഖ്യാപനത്തിൽ തന്നെ നിൽക്കുന്നു. 2023 സംസ്ഥാന ബഡ്ജറ്റിൽ ലയങ്ങളുടെ നവീകരണത്തിന് 10 കോടി രൂപ അനുവദിച്ചിരുന്നു. എങ്കിലും ലയങ്ങുടെ സ്ഥിതി പഴയതു പോലെ തന്നെയാണ്.
തേയില, ഏല തോട്ടങ്ങളിൽ പണി ചെയ്യുന്ന തൊഴിലാളികൾ ഇപ്പോഴും വാസയോഗ്യമല്ലാത്ത വീടുകളിലാണ് താമസിക്കുന്നത്. പല ലയങ്ങളും ഇടിഞ്ഞു പൊളിഞ്ഞു. ഇപ്പോഴും ചോർന്ന് ഒലിക്കുന്ന, വേണ്ടത്ര സൗകര്യങ്ങളില്ലാത്ത, ചെറിയ ഒറ്റമുറിയും, അടുക്കളയുമുള്ള വീടുകളിലാണ് നാലും അഞ്ചും അംഗങ്ങൾ താമസിക്കുന്നത്. ബജറ്റിൽ തുക വകയിരുത്തുന്നതല്ലാതെ നടപടികളുണ്ടാകുന്നില്ലെന്നാണ് ആക്ഷേപം.
മൂന്നാറിനെ പ്രധാന ടൂറിസം ഇടനാഴിയാക്കാമെന്ന പ്രഖ്യാപനമായിരുന്നു കഴിഞ്ഞ വർഷം പ്രധാനം. ഹിൽ ഹൈവേ ഇടനാഴിയായി പ്രഖ്യാപിച്ച് അടിസ്ഥാന സൗകര്യം വർധിപ്പിക്കുകയായിരുന്നു ലക്ഷ്യം. ഇതും നടപ്പായില്ല. ഇത്തവണത്തെ ബജറ്റിൽ ജില്ലയുടെ കുതിപ്പിന് ഗുണകരമാകുന്ന പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് ജില്ലയുടെ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.