തൊടുപുഴ: വേനൽച്ചൂട് പാരമ്യത്തിൽ എത്തിയതോടെ മലയോര മേഖലയിലെ കന്നുകാലി കർഷകർ പ്രതിസന്ധിയിൽ. കന്നുകാലികൾക്ക് ആവശ്യമായ പുല്ലുകൾ കിട്ടാത്തതാണ് പ്രതിസന്ധിയുടെ ആക്കംകൂട്ടുന്നത്. ജലാശയങ്ങൾ വറ്റിയതോടെ വെള്ളത്തിനും ബുദ്ധിമുട്ട് നേരിടാൻ തുടങ്ങി. ശക്തമായ വേനലിൽ മലയോര മേഖലയിലെ കൃഷിയിടങ്ങളിലെ പുല്ലുകൾ കരിഞ്ഞുണങ്ങി. ഇതുകാരണം പുല്ല് കിട്ടാനില്ല. ഇതിനു പുറമെ തമിഴ്നാട്ടിൽനിന്നുള്ള വയ്ക്കോലിന്റെ വരവും കാര്യമായി കുറഞ്ഞു. നേരത്തേ ലഭിച്ചുകൊണ്ടിരുന്നതിനേക്കാൾ വയ്ക്കോലിന് കെട്ടിന് 50 രൂപയോളം വർധിച്ചു. 20 കിലോയുടെ ഒരു കെട്ടിന് 350 രൂപ വരെ വിലയുയർന്നിരുന്നു. ഇപ്പോൾ അൽപം കുറഞ്ഞ് 300ൽ താഴെയെത്തിയിട്ടുണ്ട്.
എന്നാൽ, ഉൽപാദന ചെലവിനനുസരിച്ച് പാലിന് വിലയില്ലെന്നും ഇവർ പറയുന്നു. പാടത്തുനിന്ന് പുല്ലുകൾ ലഭിച്ചതാണ് കന്നുകാലി വളർത്തൽ കർഷകർക്ക് ഏറെ അശ്വാസകരമായിരുന്നത്. എന്നാൽ, വേനൽ ഈ നിലയിൽ തുടർന്നാൽ കന്നുകാലികളെ എങ്ങനെ തീറ്റിപ്പോറ്റുമെന്ന ആശങ്കയിലാണ് കർഷകർ. ജല ദൗർലഭ്യമാണ് മറ്റൊരു വെല്ലുവിളി. തോടുകളും കുളങ്ങളും വറ്റിവരണ്ടതോടെ കാലികളെ കഴുകാൻപോലും കഴിയാത്ത അവസ്ഥയാണ്. കർഷകർക്ക് സ്വന്തമായി ഉണ്ടായിരുന്ന പുല്ല് വളർത്തൽ കേന്ദ്രങ്ങളും കരിഞ്ഞുണങ്ങി. ഇതുകാരണം കാലികൾക്ക് ആശ്രയം വയ്ക്കോൽ മാത്രമാണ്. എന്നാൽ, വയ്ക്കോലിന്റെ വില കൂടുതൽ കാരണം കാലിയെ വളർത്താൻ കഴിയുന്നില്ല. സഹകരണ സംഘത്തിൽ എത്തിക്കുന്ന പാലിന് കൊഴുപ്പിന്റെ അടിസ്ഥാനത്തിലാണ് വില നൽകുന്നത്. ചൂട് കൂടുമ്പോൾ പലപ്പോഴും പാലിന്റെ കൊഴുപ്പ് കുറയും. അങ്ങനെയായാൽ കർഷകർക്ക് കിട്ടുന്ന പാലിന്റെ വിലയും കുറവായിരിക്കും. ഇതോടെ ഉൽപാദനച്ചെലവുപോലും കിട്ടാതാകും.
ജില്ലയിൽ പതിനയ്യായിരത്തോളം ക്ഷീരകർഷകർ പ്രതിദിനം 1,86,000ത്തോളം ലിറ്റർ പാൽ സംഘങ്ങളിൽ നൽകുന്നുണ്ട്. ജില്ലയിൽ 191 ക്ഷീര സഹകരണ സംഘങ്ങളുണ്ട്. 21 ശതമാനം പാൽ പ്രാദേശികമായും 79 ശതമാനം പാൽ നഗരങ്ങളിലും മറ്റും വിപണനം ചെയ്യും. വേനൽക്കാലത്തെങ്കിലും ക്ഷീര സംഘങ്ങൾ വഴി കൂടുതൽ വില നൽകി പാൽ ശേഖരിക്കാൻ അധികൃതർ തയാറായില്ലെങ്കിൽ ക്ഷീരോൽപാദന മേഖലയെ ആശ്രയിക്കുന്ന കർഷകർ കടുത്ത പ്രതിസന്ധി നേരിടേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.