തൊടുപുഴ: ക്രിസ്മസ് ആഘോഷിക്കാന്‍ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് എത്തിയത് റെക്കോഡ് സന്ദര്‍ശകര്‍. ക്രിസ്മസ് ദിനത്തിലും പിറ്റേന്നും വന്‍തോതിലുള്ള തിരക്കാണ് വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ അനുഭവപ്പെട്ടത്. ക്രിസ്മസ് ദിനമായ ബുധനാഴ്ച 29,184 സഞ്ചാരികളാണ് ഡി.ടി.പി.സിയുടെ (ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ) ടൂറിസം കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തിയത്. വ്യാഴാഴ്ച 29,167 പേര് സന്ദര്‍ശനം നടത്തി. വെള്ളിയാഴ്ച 26,805 പേരാണ് എത്തിയത്. ക്രിസ്മസ് തലേന്ന് 18,263 പേരും ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിലെത്തിയിരുന്നു. വാഗമണ്‍ മൊട്ടക്കുന്നിലും അഡ്വഞ്ചര്‍ പാര്‍ക്കിലുമാണ് കൂടുതല്‍ പേര് എത്തിയത്. ക്രിസ്മസ് ദിനത്തില്‍ മൊട്ടക്കുന്നില്‍ 7867 പേരും അഡ്വഞ്ചര്‍ പാര്‍ക്കില്‍ 7552 പേരും സന്ദര്‍ശനം നടത്തി. വ്യാഴാഴ്ച മൊട്ടക്കുന്നില്‍ 8302 പേരും അഡ്വഞ്ചര്‍ പാര്‍ക്കില്‍ 9515 പേരും സന്ദര്‍ശനംനടത്തി.
രാമക്കല്‍മേട്, പാഞ്ചാലിമേട്, മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്ഡന് എന്നിവിടങ്ങളിലും കൂടുതല്‍ പേര് എത്തി. രാമക്കല്‍മെട്ടില്‍ ക്രിസ്മസ് ദിനത്തില്‍ 3009 പേരും പിറ്റേന്ന് 1967 പേരും സന്ദര്‍ശനം നടത്തി. പാഞ്ചാലിമേട്ടില്‍ 2454, 1923 എന്നിങ്ങനെയും മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ 3637, 3180 എന്ന ക്രമത്തിലുമാണ് രണ്ടു ദിവസമെത്തിയ സഞ്ചാരികളുടെ എണ്ണം. 20 മുതല്‍ 27 വരെ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ നിയന്ത്രണത്തിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ മാത്രം 1,81,487 വിനോദസഞ്ചാരികള്‍ സന്ദര്‍ശനം നടത്തി. വനം വകുപ്പിന്റെ അധീനതയിലുള്ള തേക്കടി ഉള്‍പ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ആയിരക്കണക്കിന് സഞ്ചാരികള്‍ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായെത്തി. ക്രിസ്മസ് ആഘോഷങ്ങള്‍ക്കായി ടൂറിസം കേന്ദ്രങ്ങള്‍ വൈദ്യുതി ദീപങ്ങളാല്‍ വര്‍ണാഭമാക്കിയിരുന്നു.
കാലാവസ്ഥയും അനുകൂലമായിരുന്നതിനാല്‍ കുടുംബസമേതമാണ് കൂടുതല്‍ പേരും എത്തിയത്. ഇനി പുതുവത്സരത്തോടനുബന്ധിച്ചും വാഗമണ്‍, മൂന്നാര്‍, കാല്‍വരിമൗണ്ട്, പരുന്തുംപാറ ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളില്‍ വന്‍ തിരക്കനുഭവപ്പെടും. പുതുവത്സരാഘോഷങ്ങള്‍ അതിരുവിടാതിരിക്കാനുള്ള മുന്നൊരുക്കവും അധികൃതര്‍ സ്വീകരിച്ചിട്ടുണ്ട്. മൂന്നാറിലേക്ക് എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം വര്‍ധിച്ചതോടെ പതിവുപോലെ മൂന്നാറില്‍ ഗതാഗതക്കുരുക്കും രൂക്ഷമായി.
ക്രിസ്മസ് പുതുവത്സരാഘോഷങ്ങള്‍ക്കായി മൂന്നാറിലേക്ക് വിനോദസഞ്ചാരികളുടെ ഒഴുക്കാണ്. നാലു ദിവസങ്ങളായി വലിയ തിരക്കാണ് മൂന്നാറില്‍ അനുഭവപ്പെടുന്നത്. വട്ടവട, മറയൂര്‍, മാങ്കുളം സൂര്യനെല്ലി തുടങ്ങിയ ഇടങ്ങളിലേക്കും സഞ്ചാരികള്‍ ധാരാളമായി എത്തുന്നുണ്ട്. മാട്ടുപ്പെട്ടി, കുണ്ടള, ടോപ് സ്റ്റേഷന്, രാജമല, ഗ്യാപ്പ് റോഡ് തുടങ്ങി മൂന്നാറിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലും സഞ്ചാരികളുടെ വലിയ തിരക്കനുഭവപ്പെടുന്നു. ഇതോടെ പതിവുപോലെ ഇത്തവണയും ഗതാഗത ക്കുരുക്ക് അതിരൂക്ഷമായി. ഏറെ സമയം സഞ്ചാരികള്‍ റോഡില്‍ വാഹനത്തില്‍ ഇരിക്കേണ്ട സ്ഥിതിയുണ്ട്.
പല വിനോദ സഞ്ചാര കേന്ദ്രങ്ങളിലും വാഹനങ്ങള്‍ വേണ്ടവിധം പാര്‍ക്ക് ചെയ്യാന്‍ സ്ഥലമില്ലാത്തും തിരക്കേറുന്ന സമയങ്ങളില്‍ പ്രതിസന്ധിയാകുന്നു. തിരക്ക് വര്‍ധിച്ചതോടെ മൂന്നാറില്‍ രാത്രി വൈകിയെത്തുന്ന സഞ്ചാരികള്‍ക്ക് ഭക്ഷണം ലഭിക്കാതെ പോകുന്ന സ്ഥിതിയുമുണ്ടായി. പുതുവത്സരാഘോഷമടുത്തതോടെ മൂന്നാറില്‍ സഞ്ചാരികളുടെ തിരക്കിനിയും വര്‍ധിക്കുമെന്നാണ് പ്രതീക്ഷ. റിസോര്‍ട്ടുകളിലും ഹോംസ്റ്റേകളിലും മുറികള്‍ പൂര്‍ണമായി തന്നെ സഞ്ചാരികള്‍ ബുക്ക് ചെയ്തു കഴിഞ്ഞു. ദേശീയപാതയില്‍ വാളറ മുതല്‍ നവീകരണ ജോലികള്‍ നടക്കുന്നതും ഗതാഗതക്കുരുക്ക് വര്‍ധിക്കാന്‍ ഇടയാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.