തൊടുപുഴ: കർഷകർക്കുള്ള സേവനങ്ങൾ വേഗത്തിലാക്കാൻ കൃഷി വകുപ്പ് തയാറാക്കിയ ‘കതിർ ആപ്പി’ൽ ജില്ലയിൽനിന്ന് ഇതുവരെ രജിസ്റ്റർ ചെയ്തത് 14,880 കർഷകർ മാത്രം. 20 കർഷകർ അടങ്ങുന്ന കൃഷിക്കൂട്ടങ്ങളായാണ് രജിസ്ട്രേഷൻ നടത്തിയത്.
ആഗസ്റ്റ് 17ന് ആരംഭിച്ച ആപ്പിൽ ആകെ 744 കൃഷിക്കൂട്ടങ്ങളാണ് ഇതുവരെ രജിസ്റ്റർ ചെയ്തത്. എല്ലാ കർഷകർക്കും തിരിച്ചറിയല്‍ കാർഡ് നൽകുന്നതും പദ്ധതിയുടെ ഭാഗമാണ്.
കാലാവസ്ഥ മുന്നറിയിപ്പ്, കീടങ്ങളും രോഗങ്ങളും സംബന്ധിച്ച മുന്നറിയിപ്പുകൾ, മണ്ണ് പരിശോധന, സബ്സിഡി സംബന്ധിച്ച അറിയിപ്പുകൾ, വിപണി സംബന്ധിച്ച വിവരങ്ങൾ, എളുപ്പത്തിലും വേഗത്തിലും വിവിധ സേവനങ്ങൾ ലഭ്യമാക്കുക, കൃത്യസമയത്തുള്ള വിവര ശേഖരണം എല്ലാം കർഷകർക്ക് സാധ്യമാകുന്നതാണ് ആപ്പിന്റെ സൗകര്യം.
കർഷക ഐ.ഡി കാർഡ് നേടാനും സാധിക്കും. ഐ.ഡി കാർഡ് സ്വന്തമാക്കാൾ ഗൂഗിൾ പ്ലേ സ്റ്റോർ, ആപ് സ്റ്റോറിൽനിന്ന് കതിർ ആപ് ഫോണിൽ ഇൻസ്റ്റാൾ ചെയ്യണം. ആപ്പിൽ നൽകുന്ന മൊബൈൽ നമ്പറിലേക്ക് ലഭിക്കുന്ന ഒ.ടി.പി ഉപയോഗിച്ച് ലോഗിൻ ചെയ്യാം. കർഷകന്റെ പേര്, വിലാസം, കൃഷിഭവൻ, വാർഡ് തുടങ്ങിയ വിവരങ്ങൾ നൽകി വ്യക്തിഗത രജിസ്ട്രേഷൻ പൂർത്തിയാക്കാം.
തുടർന്ന് കൃഷി സ്ഥലം രജിസ്റ്റർ ചെയ്യാൻ ആപ്പിലെ സാറ്റ്ലൈറ്റ് മാപ്പിൽനിന്നു കൃഷിയിടം തെരഞ്ഞെടുത്ത് ആവശ്യമായ വിവരങ്ങൾ കൃഷിയിടത്തിന്റെ ഫോട്ടോ സഹിതം സമർപ്പിക്കണം. കാർഷികമേഖല തെരഞ്ഞെടുത്ത് കൃഷി സംബന്ധിച്ച വിവരങ്ങള്‍ കൃത്യതയോടെ നൽകണം.
പാട്ട കർഷകർക്കും അപേക്ഷിക്കാം. കതിർ ആപ്പിലെ പ്രധാന പേജിൽ കാണുന്ന കർഷക ഐ.ഡി കാർഡിന് അപേക്ഷിക്കുക എന്ന ഭാഗത്ത് ക്ലിക് ചെയ്ത് രജിസ്ട്രേഷൻ സമയത്ത് നൽകിയ വിവരങ്ങൾ അടങ്ങിയ പേജിലേക്ക് കടക്കാം.
ഈ പേജിലെ എല്ലാ വിവരങ്ങളും ശരിയാണെന്ന് ഉറപ്പാക്കിയ ശേഷം കർഷകന്റെ ബാങ്ക് വിവരങ്ങൾ ബാങ്ക് പാസ് ബുക്കിന്റെ ഫോട്ടോ, കർഷകന്റെ ഫോട്ടോ എന്നിവ നൽകണം. എല്ലാ വിവരങ്ങളും പരിശോധിച്ച് സാക്ഷ്യപത്രം നൽകിയശേഷം അപ്ലൈ ചെയ്യുക. തുടർന്ന് ആപ്ലിക്കേഷൻ ഫോർ ഐ.ഡി കാർഡ് സബ്മിറ്റഡ് സക്സസ്ഫുള്ളി എന്ന മെസേജ് ലഭിക്കും.
കർഷകർക്ക് തങ്ങൾ സമര്‍പ്പിച്ച അപേക്ഷയുടെ വിവരം ഐ.ഡി കാർഡ് സ്റ്റാറ്റസ് പരിശോധിക്കുക എന്ന ഭാഗത്ത് ക്ലിക് ചെയ്തു മനസ്സിലാക്കാം. കർഷകർ സമർപ്പിക്കുന്ന പൂർഷമായ അപേക്ഷകൾ പരിശോധിച്ച് കൃഷി അസിസ്റ്റന്റുമാർ കൃഷി ഓഫിസറുടെ ലോഗിനിലേക്ക് അയക്കും. അപ്രൂവ് ചെയ്ത ഐ.ഡി കാർഡുകൾ കർഷകർക്ക് അവരവരുടെ കതിർ പേജിൽ കാണുന്ന കതിർ ഐ.ഡി കാർഡ് ഡൗൺലോഡ് ബട്ടണിൽ അമർത്തി ഫോണിലേക്ക് ഡൗൺലോഡ് ചെയ്യാം.
ഡിജിറ്റലായി ലഭിക്കുന്ന തിരിച്ചറിയൽ കാർഡ് പി.വി.സി കാർഡ് മാതൃകയിലോ മറ്റോ പ്രിന്റ് ചെയ്തും കർഷകര്‍ക്ക് ഉപയോഗിക്കാം. അഞ്ച് വർഷമാണ് കാർഡിന്റെ കാലാവധി. കാലാവധി കഴിയുന്ന മുറക്ക് പുതുക്കാനും സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.