തൊടുപുഴ: മോട്ടോര്‍ വാഹന വകുപ്പിന്‍റെ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിനെ ചൊല്ലി പ്രദേശവാസികളും മോട്ടോർ വാഹന വകുപ്പ് അധികൃതരുമായി തർക്കം. മോട്ടോര്‍ വാഹന വകുപ്പിന്‍റെ അധീനതയിലുള്ള കോലാനി അമരംകാവിന് സമീപത്തെ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിന്‍റെ ഒരുഭാഗം പ്രദേശവാസികളായ ചിലര്‍ കളിസ്ഥലമെന്ന് അവകാശപ്പെട്ട് വല കെട്ടിയത്. ഇതോടെ ഡ്രൈവിങ് ടെസ്റ്റിനെത്തിയ നൂറുകണക്കിന് അപേക്ഷകര്‍ തിരികെ മടങ്ങിയതായി പരാതി.
മൂവാറ്റുപുഴ നദീതട ജലസേചന പദ്ധതി (എം.വി.ഐ.പി) അധികൃതര്‍ മോട്ടോര്‍വാഹന വകുപ്പിന് വര്‍ഷങ്ങള്‍ക്കുമുമ്പ് കൈമാറിയ 22.98 സെന്‍റ് സ്ഥലത്താണ് ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നത്. ടെസ്റ്റിനായി രേഖാമൂലമാണ് എം.വി.ഐ.പി സ്ഥലം വിട്ടുനല്‍കിയത്. സ്ഥലം മറ്റാവശ്യങ്ങള്‍ക്ക് വിട്ടുനല്‍കാന്‍ പാടില്ലെന്നും സംരക്ഷണഭിത്തി നിര്‍മിക്കണമെന്നും എം.വി.ഐ.പി നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ഇവിടം തങ്ങളുടെ വോളിബാള്‍ ഗ്രൗണ്ടാണെന്ന് അവകാശപ്പെട്ടാണ് പ്രദേശവാസികളായ യുവാക്കള്‍ സ്ഥലം വലകെട്ടിയടച്ചത്. കളിക്കായി ഇവിടെ നെറ്റും കെട്ടിയിരുന്നു.
എന്നാല്‍, സ്ഥലം തങ്ങളുടെ അധീനതയില്‍ തന്നെയാണെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് പറയുന്നത്. വര്‍ഷങ്ങളായി ഇവിടെ ഡ്രൈവിങ് പരിശീലനവും ടെസ്റ്റും നടന്നുവരുന്നുണ്ട്. ടെസ്റ്റ് മുടങ്ങിയതോടെ ആര്‍.ടി.ഒ ആര്‍. രമണന്‍, സിഐ വി.സി. വിഷ്ണുകുമാര്‍, നഗരസഭ അധികൃതര്‍ എന്നിവര്‍ ഉള്‍പ്പെടെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.
മോട്ടോര്‍ വാഹന വകുപ്പിന് കൈമാറിയ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ട് സ്ഥിതിചെയ്യുന്ന സ്ഥലം അളന്ന് തിട്ടപ്പെടുത്താന്‍ തിങ്കളാഴ്ച വൈകീട്ട് തൊടുപുഴ സി.ഐയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ തീരുമാനിച്ചു. സർവേയറുടെയും എം.വി.ഐ.പി അധികൃതരുടെയും നേതൃത്വത്തില്‍ 26ന് സ്ഥലം അളന്ന് തിട്ടപ്പെടുത്തും. സ്ഥലം അളന്നു തിട്ടപ്പെടുത്തുന്നതുവരെ ഡ്രൈവിങ് ടെസ്റ്റ് മുടക്കം കൂടാതെ നടക്കുമെന്ന് സി.ഐ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.