തൊടുപുഴ: കാട്ടാനകൾ ജനവാസമേഖലയിൽ പ്രവേശിക്കുന്നതു തടയാൻ രാജ്യത്ത് ആദ്യമായി നടപ്പിലാക്കിയ ക്രാഷ് ഗാർഡ് റോപ് വേലി നിർമാണത്തിൽ വൻ ക്രമക്കേട് നടന്നതായി വനംവകുപ്പ് നിയോഗിച്ച അന്വേഷണ സമിതിയുടെ റിപ്പോർട്ട്. മാങ്കുളം ഫോറസ്റ്റ് ഡിവിഷനിലെ ആനക്കുളം റേഞ്ചിൽ 50 ലക്ഷം രൂപ ചെലവിൽ 2017 ലാണ് പ്രതിരോധ വേലി സ്ഥാപിച്ചത്. ഉരുക്കുവടം കൊണ്ടുള്ള സംരക്ഷണമാണ് ക്രാഷ് ഗാർഡ് റോപ് വേലി കൊണ്ട് ഉദ്ദേശിക്കുന്നത്.
കെനിയയിൽ പരീക്ഷിച്ചു വിജയിച്ചതിനാലാണ് അന്ന് വനംവകുപ്പ് മാങ്കുളത്തും നടപ്പാക്കാൻ തീരുമാനിച്ചത്. ആനക്കുളം മുതൽ വല്ലാർകുടി വരെ 1.2 കിലോമീറ്റർ ദൂരത്തിലാണ് വേലി.
തൂണുകളുടെ ബലം, ഓരോ തൂണുകൾ തമ്മിലെ അകലം എന്നിവ അശാസ്ത്രീയമായാണ് ചെയ്തതെന്നാണ് അഡീഷനൽ സെക്രട്ടറി സൂസൻ ഗോപിയുടെ പരിശോധന റിപ്പോർട്ട്. അശാസ്ത്രീയ രൂപകൽപന കാരണം ദിവസങ്ങൾക്കകം തന്നെ ആനകൾ വേലികൾ തകർത്തു.
ഇതോടെ ആനക്കുളം ഈറ്റച്ചോല പുഴയിൽ വെള്ളം കുടിക്കാൻ എത്തുന്ന കാട്ടാനക്കൂട്ടം മാങ്കുളം ഫോറസ്റ്റ് ഡിവിഷനു കീഴിലുള്ള ജനവാസ മേഖലയിലേക്കു പ്രവേശിക്കുന്നതു പതിവായി. തൂണുകളുടെ ബലക്കുറവാണ് പ്രധാന ക്രമക്കേടായി ചൂണ്ടിക്കാട്ടുന്നത്. 315 തൂണുകളാണു സ്ഥാപിച്ചത്. ഫെൻസിങ് നിർമാണത്തിലെ ക്രമക്കേടിനു പിന്നിലുള്ള ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി എടുക്കണമെന്നു റിപ്പോർട്ടിൽ ശിപാർശയുണ്ട്.
റിപ്പോർട്ടിൽ ക്രമക്കേട് അക്കമിട്ട് നിരത്തുന്നുണ്ട്. റോപ് ഫെൻസിങ്ങിൽ ആകെ സ്ഥാപിച്ച 315 തൂണുകളിൽ 24 എണ്ണം ബലക്കുറവ് കാരണം ആനകൾ കുത്തിമറിച്ചു. പ്രദേശത്തെ അയഞ്ഞ മണ്ണിൽ സ്ഥാപിച്ച തൂണുകൾ കോൺക്രീറ്റ് ഉപയോഗിച്ച് ഉറപ്പിച്ചില്ല. അതിനാൽ മുകളിൽ നിന്നു തന്നെ ഇളകിമാറി. തൂണുകളെ പരസ്പരം ബന്ധിപ്പിക്കുന്ന ഇരുമ്പ് റോപ്പുകൾക്കു ബലമില്ല. ഉരുക്കു വടം തുരുമ്പെടുത്തു നശിച്ചു.
16 മില്ലിമീറ്റർ റോപ്പുകൾ ഉപയോഗിച്ച് നിർമിക്കേണ്ടിടത്ത് എട്ട് മില്ലിമീറ്റർ റോപ്പുകളാണ് ഉപയോഗിച്ചത്. ഇരുമ്പു റോപ്പുകൾ കൃത്യമായി ഘടിപ്പിക്കാത്തതിനാൽ പലഭാഗത്തും വേർപെട്ട് ആനകൾക്ക് അനായാസം കടക്കാനുള്ള ഇടമായി മാറി. റോപ് ഫെൻസിങ് സ്ഥാപിച്ചതിനു സമാന്തരമായി 2020ൽ 1.6 കിലോമീറ്ററിൽ സോളർ വേലി സ്ഥാപിച്ചു.
അശാസ്ത്രീയമായ നിർമാണം കാരണം പ്രദേശത്തെ വന്യ മൃഗശല്യം തടയുക എന്ന പദ്ധതിയുടെ ലക്ഷ്യം നടപ്പായില്ല. ലക്ഷങ്ങൾ സർക്കാരിന് നഷ്ടമാവുകയും ചെയ്തു. ഈറ്റച്ചോല പുഴയിൽ വെള്ളം കുടിക്കാൻ എത്തുന്ന കാട്ടാനക്കൂട്ടം തകർന്ന ഫെൻസിങ് വഴി തന്നെ ഇപ്പോൾ ജനവാസ മേഖലയിലേക്കു കടക്കുന്നു. വനഭൂമിയിലെ വേലി നിർമാണത്തിനിടെ ഭൂമി കൈയേറ്റം നടന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഒരു കിലോമീറ്ററിൽ താഴെ രണ്ട് ലക്ഷം രൂപ ചെലവിൽ സോളർ ഫെൻസിങ് നിർമിക്കാൻ കഴിയുന്നിടത്താണ് ചെലവേറിയ പദ്ധതി നടപ്പിലാക്കിയത്.
റോപ് ഫെൻസിങിന്റെ പേരിൽ ലക്ഷങ്ങളുടെ ക്രമക്കേടാണ് മാങ്കുളം ഡിവിഷനൽ ഫോറസ്റ്റ് ഓഫിസറുടെ നേതൃത്വത്തിൽ നടന്നതെന്നും റിപ്പോർട്ടിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.