തൊടുപുഴ: കാൽനടക്കാർക്കും ഇരുചക്രവാഹന യാത്രികർക്കും ഭീഷണിയായി തൊടുപുഴ-വെള്ളിയാമറ്റം റൂട്ടിൽ ടിപ്പർ ലോറികളുടെ മരണപ്പാച്ചിൽ. തിരക്കേറിയ സമയങ്ങളിൽ ഉൾപ്പെടെ അമിതഭാരവുമായാണ് ടിപ്പറുകൾ പായുന്നത്. ഭാരം കയറ്റുന്നതിലോ വേഗത്തിലോ സമയക്രമത്തിലോ ഒരു മാനദണ്ഡവും പാലിക്കുന്നില്ലെന്ന പരാതി വ്യാപകമാണ്.
മേഖലയിൽ ക്വാറികളും ക്രഷറുകളും വർധിച്ചതോടെയാണ് വെള്ളിയാമറ്റം റൂട്ടിൽ ടിപ്പറുകളുടെ എണ്ണം പെരുകിയത്. സുരക്ഷാഭീഷണി ഉയർത്തുന്ന വിധത്തിൽ കല്ലുമായി പോകുന്ന ടിപ്പറുകൾക്കെതിരെ നടപടിയെടുക്കാൻ അധികൃതരും തയാറാകുന്നില്ല. ചില ലോറികൾ കല്ലുകൾ മൂടാതെയും ഏതു സമയവും റോഡിലേക്ക് തെറിച്ചുവീഴാവുന്ന വിധത്തിലുമാണ് കൊണ്ടുപോകുന്നത്.
ലോറികളുടെ അമിതവേഗം കൂടിയാകുമ്പോൾ അപകടഭീഷണി വർധിക്കുന്നു. നിയമം ലംഘിച്ചുള്ള ടിപ്പറുകളുടെ മത്സരയോട്ടം നിരത്തുകളിൽ ഉയർത്തുന്ന ഭീഷണി ചെറുതല്ല. കൂടുതൽ ലോഡിന് കൂടുതൽ കൂലി കിട്ടുമെന്നതാണ് മത്സരയോട്ടത്തിന് കാരണം. കഴിഞ്ഞ ദിവസം ഇടവെട്ടിയിൽ ഭാരം കയറ്റിവന്ന ടിപ്പർ ലോറിയിടിച്ച് വൈദ്യുതി പോസ്റ്റ് ഒടിയുകയും അഞ്ചിരിഭാഗത്ത് ടിപ്പറിടിച്ച് കാർ തകരുകയും ചെയ്തിരുന്നു.
അമിത വേഗത്തിലെത്തുന്ന ടിപ്പറുകളെ ഭയന്ന് പ്രധാന ജങ്ഷനുകളിൽപോലും റോഡ് മുറിച്ചുകടക്കാൻ കാൽനടക്കാർ ഏറെ നേരം കാത്തുനിൽക്കേണ്ട അവസ്ഥയാണ്. നിയമലംഘനവും മത്സരയോട്ടവും അധികൃതരുടെ കൺമുന്നിലാണെങ്കിലും കണ്ടില്ലെന്ന് നടിക്കുന്നു.
ചെറിയ കാരണങ്ങൾക്കുപോലും ഇരുചക്രവാഹനയാത്രികരെ പിടികൂടുന്നവർ അനധികൃത ക്വാറികളിൽനിന്നടക്കം അമിതഭാരവുമായി പായുന്ന ടിപ്പറുകൾ പരിശോധിക്കാൻ തയാറാകുന്നില്ല. വലിയ ടോറസ് ലോറികൾ പ്രഭാത സവാരിക്കാരെയും കാൽനടക്കാരെയും ചെറിയ വാഹനങ്ങളെയും അവഗണിച്ചാണ് കുതിക്കുന്നത്. ഇത്തരം വാഹനങ്ങളുടെ നിരന്തര ഓട്ടം മൂലം റോഡുകൾ പലതും അറ്റകുറ്റപ്പണിക്ക് പിന്നാലെ തകരുന്നതായും പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.