തൊടുപുഴ: ആദിവാസി ഊരുകളിൽ വിതരണം ചെയ്ത ഭക്ഷ്യക്കിറ്റിലെ വെളിച്ചെണ്ണക്ക് ഗുണനിലവാരമില്ലെന്ന് കണ്ടെത്തി വൻതുക പിഴയിട്ട സംഭവത്തിൽ കൂടുതൽ ക്രമക്കേടുകൾ പുറത്ത്. തൊടുപുഴയിലെ സ്റ്റാർ ഫുഡ്സിന്റെ കേര ശക്തി വെളിച്ചെണ്ണയുടെ ഉടമ പി.എ. ഷിജാസിനാണ് ഏഴുലക്ഷം രൂപ ഇടുക്കി ഫുഡ് അഡ്ജുഡിക്കേഷൻ ഓഫിസർ പിഴ ചുമത്തിയത്. ഗുരുതര ആരോഗ്യപ്രശ്നമുണ്ടാക്കുന്ന ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണയാണ് ആദിവാസി ഊരുകളിൽ പട്ടികവർഗ വകുപ്പിന്റെ സംയോജിത പട്ടികവർഗ വികസന പ്രോജക്ടിന്റെ ഭാഗമായി വിതരണം ചെയ്തതെന്ന് കണ്ടെത്തിയിരുന്നു.
പരാതി ഉയർന്നിട്ടും സംസ്ഥാനത്താകെ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്ത സംഭവത്തിൽ കാര്യക്ഷമമായ അന്വേഷണത്തിന് പട്ടികവർഗ വകുപ്പും ഭക്ഷ്യസുരക്ഷ അധികൃതരും ഇതുവരെ തയാറായിട്ടില്ല. തിരുവനന്തപുരത്തെ എസ്.സി-എസ്ടി ഫെഡറേഷനാണ് പർച്ചേസിങ് ടെൻഡർ നൽകിയത്. കാക്കനാട് അനലിറ്റിക്കൽ ലബോറട്ടറിയിലെ പരിശോധനയിലാണ് ഉൽപന്നം ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയത്. പാക്കറ്റിൽ വ്യക്തമായ വിലാസം രേഖപ്പെടുത്തിയിരുന്നില്ല. ഉൽപന്നത്തിന്റെ നിർമാണം തമിഴ്നാട്ടിലാണെന്നും റീപാക്കിങ് ചെയ്ത് വിൽപന നടത്തുക മാത്രമാണ് ചെയ്യുന്നതെന്നുമാണ് മൊഴി. കൃത്യമായ വിവരങ്ങൾ അറിഞ്ഞുകൊണ്ട് വിവരങ്ങൾ നൽകാത്തത് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ് പാക്കേജിങ് ആൻഡ് ലേബലിങ് റൂൾസ് 2011ന്റെ ലംഘനമാണ്.
കാലാവധി കഴിഞ്ഞ രജിസ്ട്രേഷൻ ഉപയോഗിച്ചുള്ള വിൽപനയാണ് നടന്നതെന്നും തെളിഞ്ഞു. എഫ്.എസ്.എസ്.എ.ഐ രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞതാണെന്നും ഭക്ഷണമുണ്ടാക്കാനും വിൽക്കാനുമുള്ള അനുമതി മാത്രമാണ് രജിസ്ട്രേഷനിൽ നൽകിയതെന്നും വ്യക്തമായി. സംസ്ഥാനത്തെ ആദിവാസികൾക്ക് ജൂൺ മുതൽ സെപ്റ്റംബർ വരെയാണ് ഫുഡ് സപ്പോർട്ടിങ് പദ്ധതിപ്രകാരം ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുന്നത്. കഴിഞ്ഞ ജൂണിൽ വിതരണം ചെയ്ത കിറ്റിലെ 150 ഗ്രാം സോപ്പിൽ 25 രൂപയാണ് രേഖപ്പെടുത്തിയിരുന്നത്. ഇതിലെ സ്റ്റിക്കർ ഇളക്കിയാൽ സോപ്പിലെ ഒറിജിനൽ കവറിൽ 11 രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത്തരത്തിലുള്ള ക്രമക്കേടുകൾ കിറ്റ് വിതരണത്തിൽ ചൂണ്ടിക്കാട്ടിയിട്ടും അന്വേഷണമില്ലാത്തതാണ് നിലവിലെ സ്ഥിതി.
ഭക്ഷ്യക്കിറ്റ് വിതരണം കാര്യക്ഷമമാക്കാൻ ഇടനിലക്കാർ ഇല്ലാതെ സർക്കാർ നേരിട്ടുതന്നെ വിതരണം നടത്തണമെന്ന് ആദിവാസി ഏകോപന സമിതി പ്രസിഡന്റ് ടി.ടി. മനോജ്, ജനറൽ സെക്രട്ടറി കെ.കെ. രാജൻ എന്നിവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.