തൊടുപുഴ: ഗോത്രമേഖലയിലെ വിദ്യാർഥികൾ നേരിടുന്ന വിദ്യാഭ്യാസ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ കുടികളിൽ പഠിപ്പു തുണക്കൂട്ടം രൂപവത്കരിക്കുന്നു. എല്ലാ കുട്ടികളുടെയും സ്കൂൾ പ്രവേശനവും സ്ഥിരഹാജരും ഉറപ്പാക്കുക, പ്രയാസം നേരിടുന്ന വിഷയങ്ങളിൽ പിന്തുണ നൽകുക, കുടികളിലെ പഠനാന്തരീക്ഷം മെച്ചപ്പെടുത്തുക, വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ പ്രാദേശിക സമൂഹത്തിന്റെ ക്രിയാത്മക പങ്കാളിത്തം ഉറപ്പാക്കുക എന്നിവയാണ് പഠിപ്പു തുണക്കൂട്ടത്തിന്റെ ചുമതലകൾ.
സംസ്ഥാനത്തെ ആദ്യ കുടി പഠിപ്പു തുണക്കൂട്ടം ചിന്നക്കനാൽ പഞ്ചായത്തിലെ ചെമ്പകത്തൊഴു കുടിയിലാണ് രൂപവത്കരിച്ചത്. ചെമ്പകത്തൊഴു ട്രൈബൽ എൽ. പി. സ്കൂളിന്റെ പ്രവർത്തന പരിധിയിലുള്ള പച്ചപ്പുൽ കുടി, ടാങ്ക്കുടി, ചെമ്പകത്തൊഴു കുടി എന്നിവ കേന്ദ്രീകരിച്ച് സമഗ്രശിക്ഷ കേരളയുടെ നേതൃത്വത്തിൽ സർവേ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി മുതുവാൻ ഗോത്ര വിഭാഗം കുട്ടികളിൽ വിദ്യാഭ്യാസ പ്രശ്നങ്ങൾ കണ്ടെത്തി. പല കുടികളിലും കുട്ടികൾ സ്കൂളിലെത്താത്ത സാഹചര്യവും പലർക്കും തുടർ വിദ്യാഭ്യാസത്തിൽ താൽപര്യം കുറയുന്നതായും സർവേയിൽ കണ്ടെത്തിയിരുന്നു.
ഇതിന് പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തിലാണ് പഠിപ്പു തുണ കൂട്ടം ആരംഭിക്കുന്നത്. കുടികളിൽ പ്രവർത്തിക്കുന്ന സാമൂഹ്യ പഠന മുറി, പ്രാദേശിക പ്രതിഭ കേന്ദ്രം, ഊരു വിദ്യാകേന്ദ്രം സ്കൂൾ രക്ഷാകർതൃസമിതി എന്നിവയുടെ ഏകോപിത പ്രവർത്തനങ്ങളിലൂടെ പഠനനിലവാരം ഉയർത്തുകയാണ് ലക്ഷ്യം. ഇവരുടെ ഭാഷപരമായ പ്രശ്നങ്ങൾ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ പഠിപ്പുറസി പദ്ധതിയും നടത്തുന്നുണ്ട്.
ലിപിയില്ലാത്ത മുതുവാൻ ഭാഷയിലെ വാമൊഴി വാക്കുകൾ മലയാള ലിപിയിൽ ചിത്രങ്ങളുടെ സഹായത്തോടെ കുട്ടികളെ എഴുതാനും വായിക്കാനും പഠിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കുട്ടികൾ ഭാഷാപരമായ ബുദ്ധിമുട്ടുകൾ നേരിടുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു പദ്ധതി ആരംഭിച്ചത്. ഇതിന്റെ പരിശീലനമടക്കം നടന്നുവരികയാണ്. ഗോത്ര മേഖലയിൽ പലതരത്തിലുള്ള പദ്ധതികൾ കൊണ്ടു വരുന്നുണ്ടെങ്കിലും രക്ഷിതാക്കളടക്കമുള്ളവരുടെ സഹകരണവും കൂടി ഉറപ്പാക്കുകയാണ് പഠിപ്പു തുണക്കൂട്ടം ലക്ഷ്യമിടുന്ന മറ്റൊരു കാര്യം.
കുടികളിലെ പുരുഷൻമാരും സ്ത്രീകളും ജോലിക്ക് പോകുന്നവരാണ്. പലരും കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളിൽ വേണ്ടത്ര ശ്രദ്ധ കൊടുക്കാത്ത സാഹചര്യവുമുണ്ട്. അതിനാൽ രക്ഷിതാക്കൾക്കുള്ള ബോധവത്കരണവും പദ്ധതിയുടെ ഭാഗമായി ലക്ഷ്യമിടുന്നു. പദ്ധതി രൂപവത്കരണ യോഗത്തിൽ സമഗ്ര ശിക്ഷാ കേരളം സ്റ്റേറ്റ് പ്രോഗ്രാം ഓഫിസർ സിന്ധു. എസ്, വിദ്യാഭ്യാസ വിദഗ്ധൻ ഡോ.ടി.പി. കലാധരൻ, ബി.പി.സി. ഹെപ്സി ക്രിസ്റ്റിനാൾ, സ്റ്റേറ്റ് റിസോഴ്സ് പേഴ്സൻന്മാരായ ഷമീർ സി.എ., ശ്രീലക്ഷ്മി, സൈജ എസ്, ഐശ്വര്യ സോമൻ, സ്കൂൾ ഹെഡ് മാസ്റ്റർ ഐയ്യച്ചാമി, പി.ടി.എ പ്രസിഡന്റ് മാരിയപ്പൻ, സി.ആർ.സി കോഓഡിനേറ്റർ രാജൻ എന്നിവർ പങ്കെടുത്തു. കുടി പഠിപ്പു തുണക്കൂട്ടം ചെയർമാനായി കുടി കാണി ചെല്ലനും കൺവീനറായി രതിയും ഉൾെപ്പടെ 11 അംഗ സമിതിയും രൂപവത്കരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.