തൊടുപുഴ: ജില്ലയിലെ ആദ്യ പൊതുവൈദ്യുത വാഹന ചാര്‍ജിങ് സ്റ്റേഷന് ഉദ്ഘാടനം ഇടുക്കി ഡി.ടി.പി.സി പാർക്കിൽ ജല വിഭവ മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. അനെര്‍ട്ട് വഴി സ്ഥാപിച്ച പൊതു വൈദ്യുത വാഹന ചാര്‍ജിങ് സ്റ്റേഷന് വരാൻ പോകുന്ന മാറ്റത്തിന്റെ തുടക്കണമെന്ന് അദ്ദേഹം പറഞ്ഞു. പരിസ്ഥിതി മലിനീകരണം ലഘൂകരിക്കുക, ഊർജ സുരക്ഷാകുക, ഇന്ധന വില വർധന മൂലമുള്ള പ്രയാസം ഗണ്യമായി കുറയ്ക്കുക തുടങ്ങിയ വിഷയങ്ങളിൽ ഇത്തരം വാഹനങ്ങൾ ആശ്വാസകരമാണ്. വരും നാളുകളിൽ കൂടുതൽ ചാർജിങ് സ്റ്റേഷനുകളും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു . ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
സംസ്ഥാന വൈദ്യുത വാഹന നയത്തിന്റെ ഭാഗമായി അനെര്‍ട്ടും ഇഇഎസ്എല്ലും ചേര്‍ന്നാണ് ജില്ലയിലെ ആദ്യത്തെ പൊതു വൈദ്യുത വാഹന ചാര്‍ജിങ് സ്റ്റേഷന് സ്ഥാപിച്ചിരിക്കുന്നത്. ഇലക്ട്രിക്ക് കാറുകളുടെ ദീര്‍ഘദൂര യാത്രകള്‍ക്ക് ആവശ്യമായ ഡിസി ഫാസ്റ്റ് ചാര്‍ജിങ് സ്റ്റേഷനുകളുടെ അനിവാര്യത ഉൾക്കൊണ്ടാണ് അനെര്‍ട്ട്, മുന്‍സിപ്പാലിറ്റി, പഞ്ചായത്തുകള്‍, കെടിഡിസി ഹോട്ടലുകള്‍, സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവരുമായി യോജിച്ച് സംസ്ഥാനത്തെ ദേശീയപാതകള്‍, സംസ്ഥാനപാതകള്‍ എന്നിവിടങ്ങളില്‍ ഡിസി ഫാസ്റ്റ് ചാര്‍ജിങ് സ്റ്റേഷനുകള്‍ സഥാപിച്ചുവരുന്നത്.
60 കിലോ വാട്ട് സിസിഎസ് ടൈപ്പ് II, 22കിലോ വാട്ട് ടൈപ്പ് II എ സി, 60 കിലോ വാട്ട് ഷാഡാമോ എന്നിങ്ങനെ മൂന്ന് ചാർജിങ് ഗണ്ണുകൾ ഉള്ള മെഷീനാണ് സ്ഥാപിച്ചിരിക്കുന്നത്. ഒരേസമയം രണ്ട് കാറുകൾക്ക് ചാർജ് ചെയ്യാനാകും. ഫുൾ ചാർജിങ്ങിന് 30 മുതൽ 45 മിനുറ്റ് മതിയാകും. ഒരു യൂണിറ്റിന് 13 രൂപയും ജി എസ് ടി യും നൽകണം. പ്ലേസ്റ്റോറിൽ ലഭിക്കുന്ന ഇലക്ട്രിഫൈ എന്ന ആപ്പിലൂടെ പണം അടയ്ക്കാം. ചാർജിങ് നിയന്ത്രിക്കുന്നത് ആപ്പ് വഴി ആയതിനാൽ ജീവനക്കാരുടെ ആവശ്യമില്ല.
ജില്ല ആസൂത്രണസമിതി ഉപാധ്യക്ഷന്‍ സി .വി. വര്‍ഗീസ്, ജില്ലാ പഞ്ചായത്തംഗം കെ. ജി. സത്യന്, ബ്ലോക്ക് പഞ്ചായത്തംഗം ഡിറ്റാജ് ജോസഫ്, ഗ്രാമ പഞ്ചായത്തംഗം പ്രഭ തങ്കച്ചന്, ഡിടിപിസി സെക്രട്ടറി ജിതീഷ് ജോസ്, അനെർട്ട് ഇ മോബിലിറ്റി ഡിവിഷൻ ഹെഡ് മനോഹരൻ ജെ, അനെര്‍ട്ട് ജില്ലാ എഞ്ചിനീയര്‍ നിതിന്‍ തോമസ്, എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.