തൊടുപുഴ: കുടിയേറ്റകാലത്തുപോലും ഇല്ലാത്തവിധം ചിന്നക്കനാൽ മേഖലയിലടക്കം ആനകൾ കൂട്ടത്തോടെ കാടിറങ്ങി ജനവാസകേന്ദ്രങ്ങളിലേക്ക് എത്തുന്നതിെൻറ കാരണം തേടി വനം വകുപ്പ്. ആന ഗവേഷകൻ ഡോ. സുരേന്ദ്രവർമയുടെ നേതൃത്വത്തിൽ ഇതുസംബന്ധിച്ച് പഠനം ആരംഭിച്ചു.
ചിന്നക്കനാൽ മേഖലയിൽ രൂക്ഷമായി വരുന്ന കാട്ടാനശല്യം തടയാൻ പദ്ധതി തയാറാക്കുന്നതിന് മുന്നോടിയാണ് പഠനം.
ചിന്നക്കനാൽ പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാകുകയും പലരും ആനയുടെ ആക്രമണത്തിൽ മരിക്കുകയും ചെയ്ത സാഹചര്യത്തിൽ ദേവികുളം ഡി.എഫ്.ഒ രാജു ഫ്രാൻസിസിെൻറ നിർദേശപ്രകാരമാണ് ഡോ. സുരേന്ദ്രവർമ ഇടുക്കിയിലെത്തി പഠനം നടത്തുന്നത്. കാട്ടാനകൾ സ്വൈരവിഹാരം നടത്തുന്ന ജനവാസ മേഖലകൾ കേന്ദ്രീകരിച്ച് പ്രാഥമിക പഠനം പൂർത്തിയായി.
കാട്ടാനകൾ സ്ഥിരമായി തമ്പടിക്കുന്ന സ്ഥലങ്ങളുടെ മാപ്പ് തയാറാക്കിയ ശേഷം അവയുടെ സഞ്ചാര മാർഗങ്ങൾ, ആഹാരരീതികൾ, സ്വഭാവ വ്യതിയാനങ്ങൾ എന്നിവ നേരിട്ട് നിരീക്ഷിച്ചായിരുന്നു പഠനം. ഇതിെൻറ അടിസ്ഥാനത്തിൽ ഡോ. സുരേന്ദ്രവർമ ചില നിർദേശങ്ങൾ വനം വകുപ്പിനു മുന്നിൽ വെച്ചിട്ടുണ്ട്. കാട്ടിലെ ഭക്ഷണം തികയാത്തത് മാത്രമല്ല കൃഷിയിടങ്ങളിലെ പഴങ്ങളും പച്ചക്കറികളുമടക്കം ഇഷ്ടവിഭവങ്ങൾ ലക്ഷ്യമാക്കിയാണ് പലപ്പോഴും കാട്ടാനകൾ ജനവാസകേന്ദ്രങ്ങളിൽ എത്തുന്നതെന്നാണ് പഠനത്തിലെ കണ്ടെത്തൽ.
ഏലത്തിെൻറ വാടിയ തണ്ടുകൾ മുതൽ ചക്കവരെ ആനകളുടെ പ്രിയഭക്ഷണത്തിൽപെടുന്നു. ആനകളെ തടയാൻ സാധാരണ വേലികൾക്ക് പകരം തൂങ്ങിക്കിടക്കുന്ന വേലികളുടെ സാധ്യത പരിശോധിക്കുന്നുണ്ട്. റേഡിയോ കോളര്‍ സംവിധാനം വഴി ആനകളെ നിരീക്ഷിക്കുന്നതടക്കം കാര്യങ്ങളും പരിഗണിക്കും.
ചിന്നക്കനാൽ മേഖലയിൽ വനം വകുപ്പിെൻറ കൈവശമുള്ള സ്ഥലത്തിനോട് ചേര്‍ന്ന് തരിശായ റവന്യൂ ഭൂമികൂടി ലഭ്യമാക്കുന്നത് സംബന്ധിച്ച് കൂടിയാലോചന നടത്തും.
സ്ഥലം വിട്ടുകിട്ടിയാൽ അവിടം കാട്ടാനകൾക്കായി പ്രത്യേകം ഒഴിച്ചിടും. ഇഷ്ടഭക്ഷണം ആനകൾക്ക് എളുപ്പം ലഭിക്കാവുന്ന വിധം സൂക്ഷിക്കാതിരിക്കുക, വനമേഖലയോട് ചേർന്ന ജനവാസമേഖലകൾ ആനകളെ ആകർഷിക്കാത്തവിധം വൃത്തിയായി സൂക്ഷിക്കുക, ഭക്ഷണാവശിഷ്ടങ്ങൾ അലക്ഷ്യമായി വലിച്ചെറിയാതിരിക്കുക, വനമേഖലയിൽ മനുഷ്യസാമീപ്യം പരമാവധി ഒഴിവാക്കുക എന്നീ നിർദേശങ്ങളുമുണ്ട്. പഠനത്തിലെ കണ്ടെത്തലുകൾ പ്രദേശവാസികളുമായി പങ്കുവെച്ച് അവരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും കൂടി കണക്കിലെടുത്താകും പദ്ധതികൾ ആവിഷ്കരിക്കുകയെന്ന് ഡി.എഫ്.ഒ രാജു ഫ്രാൻസിസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.