തൊടുപുഴ: കണ്ടയിടത്തെല്ലാം മാലിന്യം വലിച്ചെറിയുന്നവരും വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷ്യവസ്തുക്കൾ വിൽക്കുന്നവരും പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നവരുമൊക്കെ കരുതിയിരിക്കുക. ഏതുനിമിഷവും കഴുത്തിന് പിടിവീഴാം. ശുചിത്വ, മാലിന്യ സംസ്കരണ മേഖലകളിലെ നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ രൂപവത്കരിച്ച എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് ജില്ലയില്‍ പരിശോധന ശക്തമാക്കാൻ തീരുമാനിച്ചിരിക്കുകയാണ്.
കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ വിവിധ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും എതിരെ പിഴ ഉള്‍പ്പെടെ കര്‍ശന നടപടിയാണ് സ്ക്വാഡ് സ്വീകരിച്ചുവരുന്നത്. വണ്ടിപ്പെരിയാര്‍ പഞ്ചായത്തിലെ വിവിധ ഹോട്ടലുകള്‍, റസ്റ്റാറന്റുകൾ, റിസോര്‍ട്ടുകള്‍ തുടങ്ങിയയിടങ്ങളിൽ നിയമലംഘനം കണ്ടെത്തി 1,70,000 രൂപയോളം പിഴ ചുമത്തി.
ടൗണില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളില്‍നിന്ന് മലിനജലവും ജൈവമാലിന്യങ്ങളും നേരിട്ട് പൊതുഓടയിലേക്ക് ഒഴുക്കുന്നത് കണ്ടെത്തി. വൃത്തിഹീനമായി പ്രവര്‍ത്തിക്കുന്ന വിവിധ ഹോട്ടലുകള്‍ക്കെതിരെയും അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആലക്കോട് ഗ്രാമപഞ്ചായത്തില്‍ നടത്തിയ പരിശോധനയില്‍ സ്കൂളുകളില്‍ വ്യാപകമായി പ്ലാസ്റ്റിക് മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നത് കണ്ടെത്തി. 10,000 രൂപ വീതം ഈ സ്കൂളുകള്‍ക്ക് പിഴയും ചുമത്തി.
പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നത് കണ്ടെത്തിയ നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിലെ ജീവമാത ആശുപത്രിക്ക് 10,000 രൂപ പിഴ ചുമത്തി. നിയമലംഘനം കണ്ടെത്തിയതിനെ തുടര്‍ന്ന് ടൗണില്‍ പ്രവര്‍ത്തിക്കുന്ന കവിത, എയ്ഞ്ചൽ എന്നീ കാറ്ററിങ് സ്ഥാപനങ്ങള്‍ക്കും 10,000 രൂപ വീതം പിഴ ചുമത്തി. സെന്‍ട്രല്‍ ജങ്ഷനിലെ വ്യാപാര സ്ഥാപനങ്ങളിലെ പ്ലാസ്റ്റിക് മാലിന്യം വന്‍തോതില്‍ ഇന്‍സിനറേറ്ററില്‍ കത്തിച്ച് സമീപങ്ങളില്‍ അന്തരീക്ഷ മലിനീകരണം സൃഷ്ടിച്ചതിന് പ്രദേശവാസിക്ക് 25,000 രൂപ പിഴ ചുമത്തി.
വണ്ണപ്പുറം ഗ്രാമപഞ്ചായത്തില്‍ നടത്തിയ പരിശോധനയില്‍ അര്‍ച്ചന ആശുപത്രിയില്‍ ദ്രവമാലിന്യ സംസ്കരണ സംവിധാനം ഏര്‍പ്പെടുത്താത്തതിനും പ്ലാസ്റ്റിക് മാലിന്യം കൂട്ടിയിട്ട് കത്തിച്ചതിനും 50,000 രൂപയും പഞ്ചായത്ത് പരിധിയിലെ വിവിധ സ്കൂളുകളില്‍ കണ്ടെത്തിയ നിയമ ലംഘനങ്ങള്‍ക്ക് 10,000 രൂപ വീതവും പിഴയിട്ടു.
വ്യാപാരസ്ഥാപനങ്ങള്‍, വഴിയോര കച്ചവടക്കാര്‍, മത്സ്യ -മാംസവ്യാപാരികള്, വിനോദയാത്ര സംഘങ്ങള്‍, സര്‍ക്കാര്‍, പൊതുമേഖല, സ്വകാര്യസ്ഥാപനങ്ങള്‍ തുടങ്ങി നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ല എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് അറിയിച്ചു. നിരോധിത പ്ലാസ്റ്റിക് ഡിസ്പോസബിള്‍ വസ്തുക്കളുടെ സംഭരണം, വിപണനം, ഉപയോഗം, പൊതുയിടങ്ങളിലെ മാലിന്യംതള്ളൽ, ജലാശയങ്ങളിലേക്കും മറ്റും മാലിന്യം വലിച്ചെറിയല്‍, മലിനജലക്കുഴലുകൾ പൊതുയിടങ്ങളിലേക്കും ജലാശയങ്ങളിലേക്കും തുറന്നുവെക്കല്‍, പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യം കത്തിക്കല്‍ തുടങ്ങി എല്ലാത്തരം നിയമലംഘനങ്ങള്‍ക്കും പിഴ ചുമത്തും. ഇത്തരത്തില്‍ നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് ഫോട്ടോ, വിഡിയോ സഹിതം enfodsmidk23@gmail.com എന്ന മെയിലിലേക്ക് റിപ്പോര്‍ട്ട് ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.