തൊടുപുഴ: ഇടവിട്ടുള്ള മഴയിൽ ജില്ലയിൽ പല ഭാഗത്തും പകർച്ചവ്യാധികൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ താമസിക്കുന്നവർ പ്രത്യേക ജാഗ്രത പുലർത്തണമെന്ന് ജില്ല ആരോഗ്യവകുപ്പ് അധികൃതർ.
ഭക്ഷണാവശിഷ്ടങ്ങളും മറ്റ് മാലിന്യങ്ങളും വലിച്ചെറിയാതെ നിർദിഷ്ട സ്ഥലങ്ങളിൽ മാത്രം നിക്ഷേപിക്കണം. ഭക്ഷ്യവസ്തുക്കളും പാനീയങ്ങളും ഈച്ച കടക്കാത്തവിധം നന്നായി അടച്ചുസൂക്ഷിക്കുക. ആഹാരം കഴിക്കുന്നതിന് മുമ്പ് സോപ്പ് ഉപയോഗിച്ച് കൈകൾ നന്നായി കഴുകുക. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക. മലമൂത്ര വിസർജനം ശൗചാലയത്തിൽ മാത്രം നടത്തുക. ശേഷം കൈകൾ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക. വ്യക്തിശുചിത്വം പാലിക്കുക. വളർത്തു മൃഗങ്ങളെയോ പക്ഷികളെയോ താമസിക്കുന്നവരുമായി ഇടപഴകാൻ അനുവദിക്കരുത്. തുറസ്സായ സ്ഥലങ്ങളിൽ തുപ്പരുത്. പനി, ജലദോഷം തുടങ്ങിയ രോഗങ്ങളുള്ളവർ മറ്റുള്ളവരുമായി ഇടപഴകരുത്. ലക്ഷണങ്ങളുള്ളവർ ആരോഗ്യപ്രവർത്തകരെ അറിയിക്കണം.
ജീവിതശൈലീ രോഗങ്ങൾക്ക് മരുന്ന് കഴിക്കേണ്ടവർ മുടങ്ങാതെ കഴിക്കണം. വെള്ളക്കെട്ടുകളിൽ താമസിക്കുന്നവരും, വെള്ളം കയറിയ ഇടങ്ങൾ വൃത്തിയാക്കുന്നവരും എലിപ്പനി പ്രതിരോധത്തിനായി ആരോഗ്യപ്രവർത്തകരുടെ നിർദേശാനുസരണം ആഴ്ചയിൽ ഒരിക്കൽ 200 മില്ലിഗ്രാം ഡോക്സിസൈക്ലിൻ ഗുളിക കഴിക്കുക. കാലിൽ മുറിവുള്ളവർ മലിനജലവുമായി സമ്പർക്കം വരാതെ സൂക്ഷിക്കുകയും, പാദരക്ഷകൾ നിർബന്ധമായും ധരിക്കുകയും ചെയ്യണം. ക്യാമ്പിലുള്ളവർക്ക് ഏതെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്നമുണ്ടായാൽ ആരോഗ്യ പ്രവർത്തകരെ വിവരം അറിയിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.