തൊടുപുഴ: ഭക്ഷ്യസുരക്ഷ വകുപ്പ് നടത്തിയ പരിശോധനയിൽ തൊടുപുഴ മേഖലയിലെ സ്റ്റാളുകളിൽനിന്ന് 23 കിലോ ഭക്ഷ്യയോഗ്യമല്ലാത്ത കൊഴുവ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. ഉടുമ്പന്നൂർ, പട്ടയംകവല, മുതലക്കോടം എന്നിവിടങ്ങളിലെ സ്റ്റാളുകളിൽനിന്നാണ് പഴകിയ മത്സ്യം പിടിച്ചത്. ഈ സ്റ്റാളുകളുടെ ഉമടകൾക്ക് നോട്ടീസ് നൽകി.
ഓപറേഷൻ സാഗർ റാണിയുടെ ഭാഗമായി അടിമാലി, ആനച്ചാൽ, ഇരുമ്പുപാലം എന്നിവിടങ്ങളിലെ മത്സ്യ വിൽപനശാലകളിലും പരിശോധന നടന്നു. പേപ്പർ സ്ട്രിപ് ഉപയോഗിച്ച് നടത്തിയ തത്സമയ പരിശോധനയിൽ രാസവസ്തു ചേർത്തതായി സംശയം തോന്നിയ 23 സ്റ്റാളുകളിൽനിന്ന് സാമ്പിൾ ശേഖരിച്ച് വിശദ പരിശോധനക്കായി കാക്കനാട് റീജനൽ ലാബിലേക്ക് അയച്ചിട്ടുണ്ട്.
ഒഴുക, അയല, മത്തി, കിളിമീൻ എന്നിവയുടെ സാമ്പിളുകളാണ് ശേഖരിച്ചത്. പരിശോധനഫലം ലഭിക്കുന്ന മുറക്ക് തുടർനടപടികളുണ്ടാകും. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥർ അറിയിച്ചു. തിങ്കളാഴ്ച നെടുങ്കണ്ടം, തൂക്കുപാലം ഭാഗങ്ങളിലെ മീൻകടകളിൽ നടത്തിയ പരിശോധനയിൽ എട്ട് സാമ്പിളുകൾ ശേഖരിച്ചിരുന്നു. തൊടുപുഴ, മൂവാറ്റുപുഴ, പെരുമ്പാവൂർ എന്നിവിടങ്ങളിലെ മൊത്തക്കച്ചവട സ്ഥാപനങ്ങളിൽനിന്നാണ് പഴകിയ മീൻ വ്യാപകമായി എത്തുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
നെടുങ്കണ്ടത്ത് മീൻ കഴിച്ച പൂച്ചകൾ ചാകുകയും കറി കഴിച്ചവർക്ക് വയറുവേദന അനുഭവപ്പെടുകയും ചെയ്തതിനെ തുടർന്ന് ആരോഗ്യമന്ത്രി വീണ ജോർജിന്‍റെ നിർദേശപ്രകാരമാണ് വ്യാപക പരിശോധന നടത്തുന്നത്. തൊടുപുഴ ഭക്ഷ്യസുരക്ഷ ഓഫിസർ എം.എൻ. ഷംസിയ, ദേവികുളം ഭക്ഷ്യസുരക്ഷ ഓഫിസർ ബൈജു പി.ജോസഫ്, ഉടുമ്പഞ്ചോല ഭക്ഷ്യസുരക്ഷ ഓഫിസർ ആൻമേരി ജോൺസൺ, ജില്ല ഫിഷറീസ് ഓഫിസർ നൗഷാദ്, ഭക്ഷ്യസുരക്ഷ ജീവനക്കാരായ ഉണ്ണികൃഷ്ണൻ, രതീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.