തൊടുപുഴ: വീട്ടിലിരുന്ന് ഉരുകുമ്പോ ഇത്തിരി തണുക്കാൻ മൂന്നാറിലേക്കൊരു യാത്ര പോയാലോ എന്ന് ചിന്തിച്ച് ഇറങ്ങിയാൽ അവിടെയും അവസ്ഥ ഹോട്ടാണ്. സഞ്ചാരികളെയടക്കം നിരാശരാക്കി മൂന്നാറിലും ചൂട് ഉയരങ്ങൾ താണ്ടുകയാണ്. മുൻ കാലങ്ങളിൽ ലോറേഞ്ചിലടക്കം ചൂട് വർധിക്കുമ്പോൾ ഒന്ന് ശരീരവും മനസും കുളിർപ്പിക്കാൻ ഒന്ന് മൂന്നാർ ചുറ്റിയടിച്ച് വരുന്നവരുടെ എണ്ണം കൂടുതലായിരുന്നു. എന്നാൽ, ഇപ്പോൾ സ്ഥിതി മാറി. മുൻ വർഷങ്ങളിലെ അപേക്ഷിച്ച് നോക്കിയാൽ രണ്ട് മുതൽ മൂന്നു ഡിഗ്രിവരെ ചൂട് കൂടുതലാണ് മൂന്നാറിൽ.
ഏപ്രില്‍ 29ന് 29 ഡിഗ്രി സെല്‍ഷ്യസും 30ന് 30 ഡിഗ്രി സെല്‍ഷ്യസുമാണ് മൂന്നാറില്‍ ചൂട് രേഖപ്പെടുത്തിയത്. ഇത്തവണ ഏപ്രില്‍ 15 മുതല്‍ 30 വരെ പകല്‍ 28 മുതല്‍ 30 ഡിഗ്രി വരെയായിരുന്നു ചൂട്. ഇക്കാലയളവില്‍ രാത്രിയും പുലർച്ചയും 11 ഡിഗ്രി സെല്‍ഷ്യസ് വരെയായും താപനില താഴ്ന്നു. 1989-2000 കാലത്ത് പകല്‍ ഏറ്റവും കൂടിയ താപനില 25.6 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 16 മുതല്‍ 17.4 ഡിഗ്രി സെല്‍ഷ്യസും ആയിരുന്നു. 2011-2020ല്‍ പകല്‍ ഏറ്റവും ഉയര്‍ന്ന താപനില 26.1 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 15.7 ഡിഗ്രി സെല്‍ഷ്യസുമായിരുന്നു.
തൊടുപുഴ: ജില്ലയിൽ ഉഷ്ണതരംഗ സാധ്യതയുള്ളതിനാൽ പൊതുജനം ജാഗ്രത പാലിക്കണമെന്നും ചുവടെ പറയുന്ന നിർദേശങ്ങൾ പാലിക്കണമെന്നും ജില്ല കലക്ടർ ഷീബ ജോർജ്. പകൽ 11 മുതൽ വൈകീട്ട് മൂന്ന് വരെ നേരിട്ട് ശരീരത്തിൽ സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം. നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, മത്സ്യത്തൊഴിലാളികൾ, മറ്റ് കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ മുതലായവർ ഇതിനനുസരിച്ച് ജോലി സമയം ക്രമീകരിക്കണം.
മേയ് ആറ് വരെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അങ്കണവാടികൾ എന്നിവ അടച്ചിടണം. എന്നാൽ, പരീക്ഷകൾക്ക് മാറ്റം ഉണ്ടാകില്ല. സ്കൂൾ വിദ്യാർഥികൾക്ക് അവധിക്കാല ക്ലാസുകൾ പകൽ 11 മുതൽ വൈകീട്ട് മൂന്ന് വരെ ഒഴിവാക്കണം. പൊലീസ്, അഗ്നിശമന രക്ഷാസേന, മറ്റ് സേനാവിഭാഗങ്ങൾ, എൻ.സി.സി, എസ്.പി.സി തുടങ്ങിയവയുടെ പരിശീലന കേന്ദ്രങ്ങളിൽ പകൽ സമയത്തെ പരേഡും ഡ്രില്ലുകളും ഒഴിവാക്കണം.
ആസ്ബെസ്റ്റോസ്, ടിൻ ഷീറ്റുകൾ മേൽക്കൂരയായിട്ടുള്ള തൊഴിലിടങ്ങൾ പകൽ സമയം അടച്ചിടണം. ഇവ മേൽക്കൂരയായുള്ള വീടുകളിൽ താമസിക്കുന്ന അതിഥി തൊഴിലാളികൾ ഉൾപ്പെടെയുള്ളവരെ ക്യാമ്പുകളിലേക്ക് മാറ്റാനാവശ്യമായ സൗകര്യങ്ങൾ ഒരുക്കണം. മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ തുടങ്ങിയ തീപിടിത്ത സാധ്യതയുള്ള ഇടങ്ങളിൽ ഫയർ ഓഡിറ്റ് നടത്തുകയും സുരക്ഷ മുൻകരുതൽ സ്വീകരിക്കുകയും വേണം.
ആശുപത്രികളുടെയും പ്രധാന സർക്കാർ സ്ഥാപനങ്ങളുടെയും ഫയർ ഓഡിറ്റ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പുറപ്പെടുവിച്ച മാനദണ്ഡം അനുസരിച്ച് ഉടൻ തന്നെ ചെയ്യണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കാൻ വനം വകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണം.കലാ-കായിക മത്സരങ്ങൾ/പരിപാടികൾ പകൽ 11 മുതൽ വൈകീട്ട് മൂന്ന് വരെ നിർബന്ധമായും നടത്തരുത്. ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. ലയങ്ങൾ, ആദിവാസി, ആവാസകേന്ദ്രങ്ങൾ മുതലായ ഇടങ്ങളിൽ കുടിവെള്ളം ഉറപ്പാക്കാനും നിർദേശം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.