തൊടുപുഴ: വേനൽ കടുത്തതോടെ തീപിടിത്തം മൂലമുള്ള നാശനഷ്ടങ്ങളുടെ ഭീതിയിലാണ് ജില്ല. ചൂട് വർധിക്കുന്നതിനൊപ്പം തീ പിടിത്തവും വ്യാപകമാകുന്നു. പകലും രാത്രിയുമൊക്കെ ചെറുതും വലുതുമായ നിരവധി ഫോൺ വിളികളാണ് ജില്ലയിലെ അഗ്നിരക്ഷാ സേന യൂനിറ്റുകളിലേക്ക് എത്തുന്നത്. ജില്ലയിലെ എട്ടു യൂനിറ്റുകളിലേക്ക് ജനുവരി - ഫെബ്രുവരി മാസത്തിൽ തീ പിടിത്തവുമായി ബന്ധപ്പെട്ട് 109 വിളികളാണ് എത്തിയത്.
ലയങ്ങൾ കത്തി നശിച്ചതും ഏലം സ്റ്റോറുകൾക്ക് തീ പിടിച്ചതുമൊക്കെ ഇതിൾ ഉൾപ്പെടും. ചൂട് കൂടിയതോടെ ദിവസത്തിൽ ഒന്നോ രണ്ടോ കോളുകൾ ഓരോ ഫയർ സ്റ്റേഷനിലേക്കും എത്തുന്നുണ്ട്. തൊടുപുഴ താലൂക്കിൽ വ്യാപകമായാണ് തീപിടിത്തമുണ്ടാകുന്നത്. കരിങ്കുന്നം ഇല്ലിചാരി മലയിൽ രണ്ട് ദിവസമായി തീ പടരുകയാണ്. യൂനിറ്റംഗങ്ങൾ തീ നിയന്ത്രണ വിധേയമാക്കാൻ കടുത്ത പരിശ്രമമാണ് നടത്തിയത്.
അഗ്നിരക്ഷാസേന വാഹനം എത്തിക്കാന്‍ കഴിയാത്ത സ്ഥലമായതിനാല്‍ തീ പലയിടത്തേക്കും പടരുകയായിരുന്നു. ലോ റേഞ്ച്, ഹൈറേഞ്ച് വ്യത്യാസമില്ലാതെ അതി തീവ്ര ചൂടാണ് പകൽ അനുഭവപ്പെടുന്നത്. പറമ്പുകൾക്ക് തീ പിടിക്കുന്നത് കൂടിയിട്ടുണ്ട്. മാലിന്യവും കരിയിലയും കൂട്ടിയിട്ട് കത്തിക്കുന്നത് അപകടങ്ങൾക്ക് കാരണമാകുന്നുവെന്നും ജാഗ്രത പാലിക്കണമെന്നുമാണ് അഗ്നി രക്ഷാ സേനാംഗങ്ങൾ പറയുന്നത്. കരിയിലകളും മറ്റും കൂട്ടിയിട്ട് കത്തിക്കുമ്പോൾ ഇവ നന്നായി ഉണങ്ങിക്കിടക്കുന്നതിനാൽ അതി വേഗം തീ ആളിപ്പടരും.
മുട്ടം: മലങ്കര പാർക്കിൽ ശനിയാഴ്ച രാത്രി ഏഴു മണിയോടെ തീപിടിച്ചു. പാർക്ക് അവസാനിക്കുന്ന ഭാഗത്താണ് തീപിടിത്തം ഉണ്ടായത്. ജീവനക്കാർ ഓടിയെത്തി തീയണച്ചതിനാൽ കൂടുതൽ ഭാഗത്തേക്ക് വ്യാപിച്ചില്ല. കരിഞ്ഞുണങ്ങിയ പുല്ലിലാണ് തീപിടിച്ചത്.
കാറ്റിന്റെ സ്വാധീനവും തീപിടിത്തത്തിന്റെ വ്യാപ്തി വർധിപ്പിക്കുന്നുണ്ട്. ശക്തമായ കാറ്റുണ്ടാകുമ്പോൾ കരിയിലകൾ പറന്ന് അടുത്ത പറമ്പിലേക്കും മറ്റും തീ എത്തും. അശ്രദ്ധമായി വിലച്ചെറിയുന്ന ചെറിയ സിഗരറ്റ് കുറ്റികൾ പോലും വലിയ തീപിടിത്തത്തിന് കാരണമാകും.
തോട്ടങ്ങളിലും ജനവാസകേന്ദ്രങ്ങളിലും വനങ്ങളിലുമുണ്ടാകുന്ന തീപിടിത്തം മുൻ വർഷങ്ങളിൽ ജനങ്ങളുടെ സ്വത്തിനും ജീവന് തന്നെയും പല തവണ ഭീഷണി സൃഷ്ടിച്ചിട്ടുണ്ട്. ഹെക്ടർ കണക്കിന് വനമേഖലയും കൃഷി സ്ഥലങ്ങളും വസ്തു വകകളുമാണ് ഓരോ വേനലിലും കത്തി നശിക്കുന്നത്.
കാട്ടു തീ പടരുന്ന മേഖലകളില്‍ എത്തിപ്പെടാനുള്ള ബുദ്ധിമുട്ടാണ് അഗ്നിരക്ഷാസേനയെ കുഴക്കുന്നത്. പലപ്പോഴും വാഹനത്തിന് എത്തിപ്പെടാന്‍ കഴിയാത്ത മേഖലകളിലായിരിക്കും കാട്ടു തീ. പുല്‍മേടുകളിലും മറ്റും വെള്ളവുമായി വാഹനത്തിന് എത്തിച്ചേരാന്‍ കഴിയാത്ത സാഹചര്യമായതിനാല്‍ പ്രദേശവാസികളുടെയടക്കം സഹായത്തോടെയാണ് തീ നിയന്ത്രണ വിധേയമാക്കുന്നത്. തീ പടർന്നാൽ അണക്കാൻ ആവശ്യമായ വെള്ളമുണ്ടെന്ന മുൻകരുതലുകൾ സ്വീകരിച്ച ശേഷം മാത്രം ചപ്പുചവറുകൾ കത്തിക്കുന്നതിന് ശ്രമിക്കണമെന്നാണ് അധികൃതർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.