തൊടുപുഴ: സർവിസ് നടത്തുന്നതിനിടെ സ്വകാര്യ ബസിനുനേരെ നാലംഗ സംഘത്തിന്റെ ആക്രമണം. ബസ് തടഞ്ഞുനിർത്തിയ സംഘം മുൻവശത്തെ ചില്ല് എറിഞ്ഞുടച്ചു. ബസ് ഉടമയുടെ പരാതിയിൽ നാലുപേർക്കെതിരെ തൊടുപുഴ പൊലീസ് കേസെടുത്തു. വ്യാഴാഴ്ച വൈകീട്ട് 6.15ന് തൊടുപുഴ-ഈസ്റ്റ് കലൂർ റൂട്ടിലോടുന്ന സെന്റ് സെബാസ്റ്റ്യൻ ബസിന് നേരെയാണ് അക്രമം നടന്നത്. ഈസ്റ്റ് കലൂരിൽനിന്ന് തൊടുപുഴക്കുള്ള ട്രിപ്പിനിടെ ഏഴല്ലൂരിൽവെച്ചാണ് സംഭവമെന്ന് ഡ്രൈവർ അരുൺ പറഞ്ഞു. ബസ് എത്തിയപ്പോൾ നാലംഗസംഘം കൈകാട്ടി.
ബസ് നിർത്തിയതോടെ രണ്ടുപേർ അസഭ്യം പറഞ്ഞ് ബസ് ഡ്രൈവറുടെ അടുത്തേക്ക് എത്തി. ഡ്രൈവറോട് പുറത്തിറങ്ങണമെന്ന് ആവശ്യപ്പെട്ടു. ബസിൽനിന്നിറങ്ങില്ലെന്ന് ഡ്രൈവർ അരുൺ പറഞ്ഞതോടെ സംഘം അക്രമാസക്തരായി. ഇതോടെ കണ്ടക്ടർ അൻസിൽ പുറത്തിറങ്ങി അക്രമികളെ അനുനയിപ്പിക്കാൻ ശ്രമിച്ചു. ഇതിനിടെ അക്രമികളിൽ ഒരാൾ സമീപത്തുനിന്ന് കല്ലെടുത്ത് ബസിന്റെ ചില്ല് എറിഞ്ഞുടക്കുകയായിരുന്നു. ഈ സമയം രണ്ട് വനിതകളടക്കം മൂന്ന് യാത്രക്കാരാണ് ഉണ്ടായിരുന്നത്.
അക്രമികൾ ബസിലേക്ക് കയറാൻ ശ്രമിച്ചതോടെ ഓടിച്ച് അടുത്ത ജങ്ഷനിൽ നാട്ടുകാർക്ക് സമീപം നിർത്തി. തുടർന്ന് പൊലീസിന്റെ നിർദേശപ്രകാരം ബസ് തൊടുപുഴ സ്റ്റേഷന് സമീപത്തെത്തിച്ചു. അക്രമംമൂലം തൊടുപുഴയിൽനിന്നുള്ള അവസാന ട്രിപ് മുടങ്ങി. ബസിന് നേരെയുണ്ടായ ആക്രമണത്തിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.കണ്ണൻ, രോഹിത് എന്നിവർക്കും കണ്ടാലറിയാവുന്ന മറ്റ് രണ്ടുപേർക്കുമെതിരെയാണ് കേസ്. അക്രമികളെ ഉടൻ പിടികൂടുമെന്ന് തൊടുപുഴ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.