തൊടുപുഴ: ജില്ലയുടെ പ്രധാന പാതയോരങ്ങളിലും വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് സമീപവും മാലിന്യം തള്ളല്‍ പതിവാകുന്നു. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പാതയോരങ്ങളിലാണ് കൂടുതല്‍ മാലിന്യം തള്ളൽ. ഭക്ഷണാവശിഷ്ടങ്ങളും കുപ്പികളുമെല്ലാം വഴിവക്കില്‍ കിടക്കുകയാണ്. മറ്റു ജില്ലകളിൽനിന്ന് ഇവിടേക്ക് ഹോട്ടല്‍ മാലിന്യവും മറ്റും എത്തിക്കുന്ന സംഘങ്ങളും സജീവമാണ്.
കൊച്ചി-ധനുഷ്കോടി ദേശീയപാതയില്‍ നേര്യമംഗലം വനമേഖലയില്‍ വന്‍തോതില്‍ മാലിന്യം തള്ളുന്നുണ്ട്. മൂന്നാറിലേക്ക് എത്തുന്ന സഞ്ചാരികള്‍ പാതയോരത്ത് ഭക്ഷണം കഴിച്ചശേഷം അവശിഷ്ടങ്ങള്‍ നേര്യമംഗലം വനത്തില്‍ തള്ളുന്നതാണ് പ്രശ്നം രൂക്ഷമാകാന്‍ കാരണമാകുന്നത്.
ഇതോടൊപ്പം സമീപ ജില്ലകളില്‍നിന്ന് രാത്രിയില്‍ ശുചിമുറി മാലിന്യം ഉള്‍പ്പെടെ തള്ളുന്നുണ്ട്. ചീയപ്പാറ, വാളറ വെള്ളച്ചാട്ടങ്ങള്‍ക്കു സമീപവും ചെങ്കുളം ഹൈഡല്‍ ടൂറിസം ബോട്ടിങ് കേന്ദ്രത്തിന് സമീപവും മാലിന്യം തള്ളുന്നുണ്ട്.
മൂന്നാറില്‍ മാലിന്യ പ്രശ്നം അതിരൂക്ഷമാണ്. ഭക്ഷണ സാധനങ്ങള്‍ സഞ്ചാരികള്‍ പ്രധാന പാതയോരങ്ങളിലിരുന്നാണ് കഴിക്കുന്നത്. ഭക്ഷണശേഷം അവശിഷ്ടങ്ങളും വെള്ളക്കുപ്പികളും പാതയോരങ്ങളില്‍ ഉപേക്ഷിക്കുന്നത് പതിവാണ്. പഴയ മൂന്നാര്‍ ബൈപാസ്, രാജമല, മാട്ടുപ്പെട്ടി റോഡുകള്‍ എന്നിവിടങ്ങളിലാണ് സഞ്ചാരികള്‍ ഏറ്റവുമധികം മാലിന്യം തള്ളിയിരിക്കുന്നത്. മുതിരപ്പുഴയിലും മാലിന്യം തള്ളുന്നുണ്ട്.
തൊടുപുഴ-പുളിയന്മല സംസ്ഥാനപാതയില്‍ കുളമാവ് മുതല്‍ പൈനാവ് വരെ വനമേഖലയില്‍ മാലിന്യം തള്ളല്‍ നിര്‍ബാധം തുടരുകയാണ്. വനത്തില്‍ മാലിന്യം നിക്ഷേപിക്കരുതെന്ന മുന്നറിയിപ്പു ബോര്‍ഡുകള്‍ പലയിടത്തും സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതൊന്നും കണക്കിലെടുക്കുന്നില്ല.
വാഗമണ്‍ വിനോദസഞ്ചാര കേന്ദ്രത്തിലും മാലിന്യം തള്ളലുണ്ട്. വാഗമണ്ണിലേക്കുള്ള പാതകളില്‍ നേരത്തേ ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ ഹരിത ചെക്ക് പോസ്റ്റുകള്‍ സ്ഥാപിച്ച് സന്ദര്‍ശകരെ മാലിന്യ നിര്‍മാര്‍ജനത്തെ സംബന്ധിച്ച് ബോധവത്കരണവും മറ്റും നടത്തിയിരുന്നു. കൂടാതെ സന്ദര്‍ശകരില്‍നിന്ന് മാലിന്യനീക്കത്തിനെന്ന പേരില്‍ ഫീസും ഈടാക്കിയിരുന്നു. ഇപ്പോള്‍ ഈ ചെക്ക്പോസ്റ്റുകളുടെ പ്രവര്‍ത്തനം നിലച്ചു.
ആലപ്പുഴ-മധുര സംസ്ഥാനപാതയുടെ ഭാഗമായ ചേലച്ചുവട്-വണ്ണപ്പുറം റോഡിലും മാലിന്യം തള്ളൽ പതിവാണ്. വണ്ണപ്പുറം പഞ്ചായത്തിലെ മുണ്ടന്മുടി, കമ്പകക്കാനം, കഞ്ഞിക്കുഴി പഞ്ചായത്തിലെ പഴയരിക്കണ്ടം മുതല്‍ തട്ടേക്കല്ല് വരെ ഭാഗത്താണ് രാത്രിയുടെ മറവില്‍ പതിവായി മാലിന്യം തള്ളുന്നത്. ശുചിമുറി മാലിന്യം അടക്കമുള്ളവയാണ് റോഡുവക്കില്‍ തള്ളുന്നത്. തൊടുപുഴ, കോതമംഗലം മേഖലകളില്‍നിന്ന് രാത്രിയില്‍ എത്തുന്ന വാഹനങ്ങളിൽനിന്നാണ് മാലിന്യം തള്ളുന്നതെന്ന് നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.