തൊടുപുഴ: ഇടുക്കി ജില്ലയിൽ അതിതീവ്ര മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ മുന്നൊരുക്കങ്ങൾ തുടങ്ങി. ഞായർ, തിങ്കൾ ദിവസങ്ങളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചതെങ്കിലും പിന്നീട് ചൊവ്വാഴ്ച വരെ നീട്ടിയിട്ടുണ്ട്. റെഡ് അലർട്ട് പിൻവലിക്കും വരെ ജില്ലയിലെ ഖനന പ്രവർത്തനങ്ങൾക്ക് നിരോധനവും രാത്രി യാത്ര നിരോധവും ഏർപ്പെടുത്തിയിട്ടുണ്ട്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതകൾ മുന്നിൽ കണ്ടാണ് ഉത്തരവ്. മലയോരമേഖലകളിലെ രാത്രി യാത്രക്കും നിരോധനമുണ്ട്. വിനോദസഞ്ചാര മേഖലയിലും നിയന്ത്രണം ഏർപ്പെടുത്തി. ഇനിയൊരറിയിപ്പുണ്ടാകും വരെ ജില്ലയിൽ ട്രക്കിങ്, ഓഫ് റോഡ് യാത്രകളും നിരോധിച്ചു.
വിനോദ സഞ്ചാരികൾ ജാഗ്രത പാലിക്കണം. താലൂക്ക് അടിസ്ഥാനത്തിൽ കൺട്രോൾ റൂമുകളും തുറന്നിട്ടുണ്ട്. ജലനിരപ്പ് ക്രമീകരിക്കുന്നതിന്നെ ഭാഗമായി മലങ്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തി നിയന്ത്രിത അളവിൽ വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. മുവാറ്റുപുഴയാറിന്റെ തീരപ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു. ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫി എടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടില്ലെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്. വൈദ്യുതി ലൈനുകൾ പൊട്ടി വീണുള്ള അപകടങ്ങൾക്ക് സാധ്യതയുണ്ട്. അതിനാൽ ഇടവഴികളിലേയും നടപ്പാതകളിലേയും വെള്ളക്കെട്ടുകളിൽ ഇറങ്ങുന്നതിന് മുന്നേ വൈദ്യുതി അപകട സാധ്യത ഇല്ല എന്ന് ഉറപ്പാക്കണമെന്നും ഇവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.