തൊടുപുഴ: വേനൽമഴ എത്തിയതോടെ ഇടിമിന്നൽ ഭീതിയിലാണ് മലയോരം. മുൻ വർഷങ്ങളിൽ ജില്ലയിൽ ഇടിമിന്നലിൽ വലിയ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജില്ലയിൽ ഹൈറേഞ്ച് മേഖലകളിലടക്കം പലയിടങ്ങളിലും ജീവനുകളും മുൻ കാലങ്ങളിൽ ഇടിമിന്നലിൽ പൊലിഞ്ഞിട്ടുണ്ട്. ഹൈറേഞ്ച്, ലോറേഞ്ച് വ്യത്യാസമില്ലാതെ ജില്ലയിൽ പലയിടത്തും മിന്നൽ ഭീഷണി സൃഷ്ടിച്ചിട്ടുണ്ട്. വാഗമൺ, കൊക്കയാർ, ഏലപ്പാറ, ഉപ്പുതറ, അറക്കുളം, വെള്ളിയാമറ്റം, കുടയത്തൂർ, ആലക്കോട്, പുറപ്പുഴ, കരിങ്കുന്നം, മണക്കാട്, കരിമണ്ണൂർ, ഉടുമ്പന്നൂർ, കുമാരമംഗലം, കോടിക്കുളം, വണ്ണപ്പുറം, തങ്കമണി, കഞ്ഞിക്കുഴി, ഉപ്പുതോട്, കൽക്കൂന്തൽ, വെള്ളത്തൂവൽ, കുഞ്ചിത്തണ്ണി, ആനവിരട്ടി, മാങ്കുളം, ദേവികുളം എന്നിവിടങ്ങളെല്ലാം ഇടിമിന്നൽ ഭീഷണി നിലനിൽക്കുന്ന പ്രദേശങ്ങളാണ്.
ഇടിമിന്നൽ അപകടകാരികളാണെന്നും ജീവനും സ്വത്തിനും വരെ ഭീഷണിയാണെന്നും പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘംകണ്ട് തുടങ്ങുന്ന സമയം മുതൽതന്നെ സ്വീകരിക്കണമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
- ഇടിമിന്നലിന്റെ ആദ്യലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ സുരക്ഷിതമായ കെട്ടിടത്തിലേക്ക് മാറുക.
- മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.
- ഗൃഹോപകരണങ്ങളുടെ വൈദ്യുതിബന്ധം വിച്ഛേദിക്കുക.
- ജനലും വാതിലും അടച്ചിടുക.
- ലോഹവസ്തുക്കളുടെ സ്പർശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക.
- ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുക.
- കഴിയുന്നത്ര ഗൃഹാന്തർ ഭാഗത്ത് ഭിത്തിയിലോ തറയിലോ സ്പർശിക്കാതെ ഇരിക്കുക.
- ഇടിമിന്നലുള്ള സമയത്ത് ടെറസിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്.
- വീടിനു പുറത്താണങ്കിൽ വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്.
- മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കയോ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുതി പ്രവാഹം ഇല്ലെന്ന് മനസ്സിലാക്കണം. അതിനാൽ മിന്നലേറ്റ ആളിന് പ്രഥമശുശ്രൂഷ നൽകാൻ മടിക്കരുത്.
- വളര്‍ത്തുമൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കാനും സുരക്ഷിതമായി മാറ്റിക്കെട്ടാനും മഴമേഘം കാണുമ്പോള്‍ തുറസായ സ്ഥലത്തേക്ക് പോകരുത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.