തൊടുപുഴ: കാട്ടുമൃഗങ്ങളുടെ ശബ്ദം കേൾക്കാൻ കഴിയാത്തതിനാൽ പൊട്ടിപ്പൊളിഞ്ഞ പടുത ഷെഡിനുള്ളിൽ ഉറങ്ങുന്ന മക്കൾക്ക് രാത്രി കാവലിരിക്കുന്ന ബധിര - മൂക ദമ്പതികളുടെ ദുരിതജീവിതത്തിൽ മനുഷ്യാവകാശ കമീഷൻ ഇടപെടുന്നു.
കലക്ടറും മാങ്കുളം പഞ്ചായത്ത് സെക്രട്ടറിയും ഇവരുടെ ദുരവസ്ഥ പരിശോധിച്ച് അടിയന്തര നടപടി സ്വീകരിച്ച് നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. കമീഷൻ സ്വമേധയ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
മാങ്കുളം പഞ്ചായത്തിലെ 13ാം വാർഡിൽ ആനക്കുളം നോർത്തിൽ താമസിക്കുന്ന പുതുപ്പറമ്പിൽ അശോക് കുമാറിന്റെ ദുരവസ്ഥയെക്കുറിച്ച് അന്വേഷിക്കാനാണ് ഉത്തരവ്. ഇവർ അടച്ചുറപ്പുള്ള വീടിനായി സർക്കാർ ഓഫിസുകൾ കയറിയിറങ്ങുകയാണ്. അശോക് കുമാറിന് 70 ശതമാനം കേൾവിശക്തിയില്ല. സതി ബധിരയും മൂകയുമാണ്. ഒമ്പതിലും നാലിലും പഠിക്കുന്ന രണ്ടു മക്കളുണ്ട് ഇവർക്ക്. കുടിലിന് സമീപം കാട്ടാനക്കൂട്ടം ഇറങ്ങാറുണ്ടെങ്കിലും കേൾവിയില്ലാത്തതിനാൽ അറിയാറില്ല. ലൈഫ് പദ്ധതിയിൽനിന്ന് വീട് ലഭിക്കാൻ മാങ്കുളം പഞ്ചായത്തിൽ അപേക്ഷ നൽകിയെങ്കിലും ഫലമുണ്ടായില്ല. ദേവികുളം ബ്ലോക്ക് പഞ്ചായത്തിന്റെ പി.എം.ജി.ഇ.എസ് പദ്ധതിയിൽ ഇവർ 112ാം സ്ഥാനത്താണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.