തൊടുപുഴ: ദിവസവും നൂറുകണക്കിന് രോഗികൾ എത്തുന്ന തൊടുപുഴ ജില്ല ആശുപത്രിയിൽ ഡോക്ടർമാരുടെയും ജീവനക്കാരുടെയും കുറവ് ദൈനംദിന പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നു. 2015ൽ തൊടുപുഴ താലൂക്ക് ആശുപത്രി ജില്ല ആശുപത്രിയായി ഉയർത്തിയെങ്കിലും ഇതനുസരിച്ചുള്ള സ്റ്റാഫ് പാറ്റേൺ ഇനിയും ഇവിടെ ഉണ്ടായിട്ടില്ല.
24 മണിക്കൂറും പ്രവർത്തിക്കുന്ന അടിയന്തര വിഭാഗത്തിൽ നാല് മെഡിക്കൽ ഓഫിസർമാർ മാത്രമാണുള്ളത്. എട്ടു ഡോക്ടർമാരെങ്കിലും ഉണ്ടെങ്കിലേ പ്രവർത്തനം സുഗമമായി മുന്നോട്ടു കൊണ്ടുപോകാനാകൂവെന്നു ആശുപത്രി അധികൃതർ പറയുന്നു.
അസി. സർജന്റെ തസ്തികയും സൃഷ്ടിച്ചിട്ടില്ല. ഡയാലിസിസ് യൂനിറ്റ് പ്രവർത്തിക്കുന്നുണ്ടെങ്കിലും നെഫ്രോളജിസ്റ്റിന്റെ സേവനം ലഭ്യമല്ല. ന്യൂറോളജിസ്റ്റ്, ഫോറൻസിക് സർജൻ എന്നിങ്ങനെ തസ്തികകളും സൃഷ്ടിച്ചിട്ടില്ല.
സ്റ്റാഫ് നഴ്സ്, നഴ്സിങ് അസിസ്റ്റന്റ്, ക്ലീനിങ് സ്റ്റാഫ്, ഫാർമസിസ്റ്റ്, ലാബ്-എക്സ്റേ ടെക്നീഷൻ തുടങ്ങി എല്ലാ വിഭാഗത്തിലും ജീവനക്കാരുടെ കുറവ് പ്രശ്നമായി തുടരുകയാണ്. ജീവനക്കാരുടെ അഭാവംമൂലം എക്സ്റേ യൂനിറ്റ്, ഫാർമസി എന്നിവയുടെ പ്രവർത്തനം രാത്രി എട്ടു വരെയാക്കി ചുരുക്കേണ്ടി വന്നു. ഇതു രോഗികളെ ഏറെ വലക്കുകയാണ്. എൻ.എച്ച്.എം, എച്ച്.എം.സി വഴി താൽക്കാലിക ജീവനക്കാരെ നിയമിച്ചാണ് പ്രവർത്തനങ്ങൾ വലിയ തടസ്സമില്ലാതെ മുന്നോട്ടു കൊണ്ടുപോകുന്നതെന്ന് അധികൃതർ പറയുന്നു.
ആശുപത്രിയുടെ പുതിയ കെട്ടിടത്തിന് ഫയർ ആൻഡ് സേഫ്റ്റിയുടെ അനുമതി കിട്ടിയിട്ടില്ല. എട്ടുനില കെട്ടിടത്തിന്റെ മുകളിലെ രണ്ടു നിലകൾ ഇതുമൂലം ഉപയോഗിക്കാനാവാത്ത സാഹചര്യമാണ്. ഇതിനു മുന്നിലുള്ള പഴയ ഒ.പി കെട്ടിടം പൊളിച്ചു മാറ്റുന്നതടക്കം നടപടികൾ പൂർത്തിയാക്കിയാൽ മാത്രമേ കെട്ടിടത്തിന് ഫയർ ആൻഡ് സേഫ്റ്റിയുടെ അനുമതി ലഭിക്കൂ. ഇതിനുള്ള നടപടിക്രമങ്ങൾ ഉടൻ ആരംഭിക്കുമെന്നാണ് ആശുപത്രി അധികൃതർ ചൂണ്ടിക്കാട്ടുന്നത്. പുതിയ കെട്ടിടത്തിൽ രണ്ട് ലിഫ്റ്റ് വേണ്ടിടത്ത് ഒരെണ്ണം മാത്രമാണുള്ളത്. റാമ്പ് ഇല്ലാത്തതിനാൽ രോഗികളെ കൊണ്ടുപോകാൻ വലിയ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. സി.ടി സ്കാൻ, മാമോഗ്രാം എന്നീ പരിശോധനകൾക്കു മെഷീൻ സംവിധാനമുണ്ടെങ്കിലും റേഡിയോളജി വിഭാഗത്തിൽ ഡോക്ടർ ഇല്ലാത്തതിനാൽ പരിശോധനകൾ നടത്താനാകാത്ത സ്ഥിതിയാണ്. ജില്ലയിൽ അപകടങ്ങൾ ഏറെയുണ്ടാകുന്ന മേഖലയാണ് തൊടുപുഴ. അപകടത്തിൽപെടുന്നവർക്ക് അടിയന്തര വിദഗ്ധ ചികിത്സ നൽകുന്ന ട്രോമാകെയർ സംവിധാനം എത്രയും വേഗം പ്രവർത്തനം തുടങ്ങാനുള്ള നടപടി സ്വീകരിക്കണമെന്ന ആവശ്യവുമുണ്ട്. ദിവസവും ആയിരത്തിലേറെ രോഗികൾ എത്തുന്ന ജില്ല ആശുപത്രിയിൽ ഡോക്ടർമാരുടെയും ജീവനക്കാരുടെയും കുറവ് ദൈനംദിന പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ട്.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.