തൊടുപുഴ: ഇടുക്കി അണക്കെട്ടിന് സമീപം നിര്‍മാണം പൂര്‍ത്തീകരിച്ച ടൂറിസം വകുപ്പിന്റെ ഇക്കോ ലോഡ്ജുകള്‍ വ്യാഴാഴ്ച പൊതുജനങ്ങള്‍ക്കായി തുറക്കും. രാവിലെ 10ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയില്‍ ടൂറിസം -പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി മുഖ്യാതിഥിയായിരിക്കും. ഇവിടത്തെ താമസ സൗകര്യം കാണാൻ പൊതുജനങ്ങള്‍ക്ക് ഇന്ന് സൗകര്യമുണ്ടാകും.
25 ഏക്കറോളം വരുന്ന പ്രദേശത്താണ് ലോഡ്ജുകള്‍ നിര്‍മിച്ചിരിക്കുന്നത്. പൂര്‍ണമായും തടികൊണ്ടാണ്നിര്മാണം. എറണാകുളത്തുനിന്നും തൊടുപുഴയില്‍നിന്നും വരുന്നവര്‍ക്ക് ചെറുതോണിയില്‍നിന്ന് ഒന്നര കിലോമീറ്റര്‍ മുമ്പോട്ട് പ്രധാനപാതയില്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം. വാഴത്തോപ്പ് ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന ഇക്കോ ലോഡ്ജിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് പ്രകൃതിസൗഹൃദമായ താമസത്തിന്റെ അനുഭവം മാത്രമല്ല 10 കിലോമീറ്റര്‍ ചുറ്റളവില്‍ സ്ഥിതിചെയ്യുന്ന ചെറുതോണി ഇടുക്കി ഡാം, ഹില്‍വ്യൂ പാര്‍ക്ക്, ഇടുക്കി ഡി.ടി.പി.സി പാര്‍ക്ക്, കുടിയേറ്റ സ്മാരക ടൂറിസം വില്ലേജ്, കാല്‍വരിമൗണ്ട് തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളും സന്ദര്‍ശിക്കാനാകും.
പദ്ധതിയുടെ നിര്‍മാണത്തിനായി വിനിയോഗിച്ചത് 6.72 കോടിയാണ്. 12 കോട്ടേജുകളാണ് ആകെയുള്ളത്. പ്രതിദിനം 4130 രൂപയാണ് ഈടാക്കുന്നത്. വിനോദസഞ്ചാര വകുപ്പിന്റെ വെബ്സൈറ്റായ www.keralatourism.org വഴി ഓണ്‍ലൈനായി വ്യാഴാഴ്ച മുതല്‍ ബുക്ക് ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.