ഇടുക്കിയിൽ വന്നിട്ട്ഇടക്കിട്ട് പോകല്ലേ...

തൊടുപുഴ: ഇടുക്കി ജില്ലയിലേക്ക് നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥരെ തോന്നുംപോലെ സ്ഥലംമാറ്റുന്നതിന് കടിഞ്ഞാണിട്ട് സർക്കാർ. തങ്ങളുടെ ചുമതലയിലുള്ള പദ്ധതികൾ ഇടക്കിട്ട് ഉദ്യോഗസ്ഥർ ജില്ല വിടുന്ന പ്രവണത തടയുന്നത് സംബന്ധിച്ച കർശന നിർദേശങ്ങൾ ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് പുറത്തിറക്കി.

ഉദ്യോഗസ്ഥരുടെ അടിക്കടിയുള്ള സ്ഥലംമാറ്റം വികസന പദ്ധതികളുടെ നടത്തിപ്പിനെ ബാധിക്കുന്നതായി കണ്ടെത്തിയിരുന്നു. ഇടുക്കിക്ക് പുറമെ വയനാട്, കാസർകോട് ജില്ലകൾക്കും നിർദേശം ബാധകമാണ്. ഇടുക്കി ജില്ലയുടെ പ്രത്യേക സാഹചര്യം പരിഗണിച്ച് വികസന പദ്ധതികൾ വിജയരമായി പൂർത്തിയാകുന്നതുവരെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ജില്ലയിൽ തുടരണമെന്ന് അഡീഷനൽ ചീഫ് സെക്രട്ടറി ആഷ തോമസ് പുറപ്പെടുവിച്ച സർക്കുലറിൽ പറയുന്നു. ഉദ്യോഗസ്ഥർ അടിക്കടി സ്ഥലംമാറ്റപ്പെടുന്നത് പദ്ധതികളുടെ സുഗമമായ നടത്തിപ്പിനെ ഗുരുതരമായി ബാധിക്കുന്നു. ഇടുക്കി, വയനാട്, കാസർകോട് ജില്ലകളിൽ വിവിധ വകുപ്പുകളിൽ നിയമനം ലഭിക്കുന്ന ജീവനക്കാർ ഉടൻ അവധിയിൽ പോകുന്ന പ്രവണത വ്യാപകമാണ്. അവശ്യ തസ്തികകളിൽ ജീവനക്കാർ ഇല്ലാത്തുമുലം പദ്ധതികൾ നടപ്പാക്കാൻ വലിയ കാലതാമസം നേരിടുന്നതായി ഇടുക്കി പാക്കേജ് നടത്തിപ്പ് സംബന്ധിച്ച അവലോകനയോഗം വിയിരുത്തിയിരുന്നു.

പദ്ധതി നിർവഹണത്തിന് അനുയോജ്യരായ ഉദ്യോഗസ്ഥരെ കണ്ടെത്തുകയും പ്രസ്തുത പദ്ധതിയുടെ ആവശ്യകത അടിസ്ഥാനമാക്കി ജില്ലയിൽ അവരുടെ സേവനകാലാവധി നിശ്ചയിക്കുകയും വേണമെന്നാണ് നിർദേശം. ഈ കാലാവധി പൂർത്തിയാകുന്നതുവരെ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ ജില്ലയിൽ തുടരണം. ഇതുസംബന്ധിച്ച നിർദേശം അടങ്ങിയ നിയമന ഉത്തരവ് പുറപ്പെടുവിക്കാനും വകുപ്പ് തലവന്മാരോട് നിർദേശിച്ചിട്ടുണ്ട്.

ഇതര ജില്ലകളിൽനിന്നെത്തുന്ന ഉദ്യോഗസ്ഥർ എത്രയും വേഗം സ്ഥലംമാറ്റം വാങ്ങിപ്പോകുകയും ഇതുമൂലം നിരവധി വികസന പദ്ധതികൾ കടലാസിലൊതുങ്ങുകയും അല്ലെങ്കിൽ പാതിവഴിയിലാകുകയും ചെയ്യുന്ന സാഹചര്യം നിലനിൽക്കുന്ന ഇടുക്കി പോലുള്ള ജില്ലയിൽ പുതിയ തീരുമാനം ഏറെ ഗുണംചെയ്യുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. 

Tags:    
News Summary - Idukki government officer appoinment india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.