ഇടുക്കി മെഡിക്കൽ കോളജിൽ അടിസ്ഥാന സൗകര്യം പോലുമില്ല –മനുഷ്യാവകാശ കമീഷൻ

തൊടുപുഴ: ഇടുക്കി ജില്ല ആശുപത്രിയും ഉപകരണങ്ങളും ചേർത്ത് മെഡിക്കൽ കോളജ് ആശുപത്രി തുടങ്ങിയതായി പറയുന്നുണ്ടെങ്കിലും ഒരു ആശുപത്രിയുടെ സുഗമവും കാര്യക്ഷമവുമായ പ്രവർത്തനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾപോലും ഇവിടെ ലഭ്യമല്ലെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. ഇക്കാര്യം സർക്കാർ തന്നെ സമർപ്പിച്ച രേഖകളിൽ വ്യക്തമാണ്.

മെഡിക്കൽ കോളജ് ആശുപത്രിയുമായി ബന്ധപ്പെട്ട് സർക്കാറിന്‍റെ പരിഗണനയിലുള്ള പദ്ധതികളിൽ സ്വീകരിച്ച നടപടികൾ മേയ് 30നകം അറിയിക്കണമെന്നും കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്‍റണി ഡൊമിനിക് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് ഉത്തരവ് നൽകി. ജൂൺ ആറിന് തൊടുപുഴയിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് വീണ്ടും പരിഗണിക്കും. സർക്കാർ മെഡിക്കൽ കോളജ് ആശുപത്രികൾ പാവപ്പെട്ട ജനങ്ങളുടെ ആശ്രയവും ജീവൻ നിലനിർത്താൻ പ്രയാസപ്പെടുന്ന രോഗികളുടെ ശരണ കേന്ദ്രങ്ങളുമാണെന്ന കാര്യം ഉദ്യോഗസ്ഥർ മറക്കരുത്.

മെഡിക്കൽ കോളജുകളിൽ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാനും മതിയായ ചികിത്സാ സംവിധാനങ്ങൾ ഏർപ്പെടുത്താനും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനുമുള്ള ബാധ്യത സർക്കാറിനുണ്ട്. ഇടുക്കി മെഡിക്കൽ കോളജുമായി ബന്ധപ്പെട്ട് ലഭിച്ച നിർദേശങ്ങളിലും കത്തുകളിലും അനുകൂല തീരുമാനമെടുക്കാൻ സർക്കാറിന് ഉത്തരവാദിത്തമുണ്ട്. കെട്ടിടങ്ങളുടെയും ബ്ലോക്കുകളുടെയും നിർമാണം ഉടൻ പൂർത്തിയാക്കണം. മതിയായ ചികിത്സ സംവിധാനങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കണം. ജീവനക്കാരുടെ കുറവ് നികത്തണം. മെഡിക്കൽ കോളജ് ആശുപത്രിയുടെ പ്രവർത്തനം ജനോപകാരപ്രദമാക്കാനുള്ള നടപടികൾ കാലതാമസം കൂടാതെ സ്വീകരിക്കണമെന്നും ജസ്റ്റിസ് ആന്‍റണി ഡൊമിനിക് ആവശ്യപ്പെട്ടു. മനുഷ്യാവകാശ പ്രവർത്തകൻ ഡോ. ഗിന്നസ് മാടസാമി സമർപ്പിച്ച പരാതിയിലാണ് നടപടി.

Tags:    
News Summary - Idukki Medical College lacks even basic facilities - Human Rights Commission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.