തൊടുപുഴ: നരേന്ദ്രമോദി 2024ൽ വീണ്ടും അധികാരത്തിൽ വന്നാൽ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുക എന്ന ലക്ഷ്യം ആർ.എസ്.എസിന്റെ ശതാബ്ദി വർഷമായ 2025ൽ യഥാർഥ്യമാക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ബി.ജെ.പിയുടെ ഈ ലക്ഷ്യത്തെ പിന്തുണക്കുന്ന നിലപാടാണ് കെ.പി.സി.സി അധ്യക്ഷൻ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്. കൃഷ്ണപിള്ള രക്തസാക്ഷി ദിനാചരണത്തോടനുബന്ധിച്ച് സി.പി.എം തൊടുപുഴ ഈസ്റ്റ് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.വി. ഗോവിന്ദൻ.
ആർ.എസ്.എസ് ശാഖക്ക് സംരക്ഷണം നൽകാൻ ആളെ അയച്ചിട്ടുണ്ടെന്നും നെഹ്റുപോലും ഫാഷിസത്തോട് സന്ധി ചെയ്തെന്നും വേണ്ടിവന്നാൽ ബി.ജെ.പിയിൽ ചേരുമെന്നും കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ പരസ്യമായി പ്രഖ്യാപിക്കുന്നു. ചരിത്രത്തിന്റെ ബാലപാഠം പോലും അറിയാതെ സുധാകരൻ പറയുന്നതിനെ നാക്കുപിഴയെന്ന് പറഞ്ഞ് ഹൈകമാൻഡ് നിസ്സാരവത്കരിക്കുന്നു. ആ നാക്കുപിഴ ശരിയായ പിഴയല്ല. നെഹ്റുവിനെ വർഗീയവാദികളുടെ കൂട്ടത്തിൽ കെട്ടാനാണ് സുധാകരൻ ശ്രമിക്കുന്നത്. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുന്നതിന്റെ ഭാഗമായാണ് ഭരണഘടനയും മതേതരമൂല്യങ്ങളും ഇല്ലാതാക്കി ഏക സിവിൽകോഡ് കൊണ്ടുവരാനുള്ള നീക്കം.
ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ 52 ശതമാനം ആളുകൾ വരെ പട്ടിണി കിടക്കുമ്പോൾ ഇടതുസർക്കാർ സമൂഹത്തിലെ അടിത്തട്ടിലുള്ളവരെ ചേർത്തുപിടിച്ച് ലോകത്തിന് മാതൃകയായ കേരള മോഡൽ വികസനത്തിലൂടെ അതിദരിദ്രരില്ലാത്ത നാടാക്കി സംസ്ഥാനത്തെ മാറ്റുകയാണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. സി.പി.എം ജില്ല സെക്രട്ടറി സി.വി. വർഗീസ്, ഏരിയ സെക്രട്ടറി മുഹമ്മദ് ഫൈസൽ, നഗരസഭ ചെയർമാൻ സനീഷ് ജോർജ്, എം.എം. മാത്യു തുടങ്ങിയവർ സംസാരിച്ചു. സമ്മേളനത്തിന് മുന്നോടിയായി നഗരത്തിൽ പ്രകടനം നടന്നു. കോഴിക്കോട് രംഗഭാഷയുടെ മൂക്കുത്തി നാടകവും അരങ്ങേറി. സി.പി.എം മൂലമറ്റം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച രക്തസാക്ഷി ദിനാചരണം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.