തൊടുപുഴ: എക്സൈസിന്റെയും പൊലീസിന്റെയും നേതൃത്വത്തിൽ ലഹരിവേട്ടയും ലഹരിവിരുദ്ധ പ്രവർത്തനങ്ങളും നടക്കുമ്പോഴും കഞ്ചാവടക്കമുള്ള ലഹരിവസ്തുക്കളുടെ കടത്തിന് കുറവില്ല.
ഏഴുമാസത്തിനിടെ ലക്ഷങ്ങൾ വില വരുന്ന സിന്തറ്റിക് ലഹരി മരുന്നുകളടക്കമാണ് ജില്ലയിൽ പിടികൂടിയത്. 20 ഗ്രാം എം.ഡി.എയും പത്ത് കിലോയിലധികം കഞ്ചാവും 11 ഗ്രാം ഹഷീഷ് ഓയിലും ഈ കാലയളവിൽ എക്സൈസ് പിടിച്ചെടുത്തു. ലഹരി വേട്ടയിൽ അകത്തായവരിൽ യുവാക്കളും വിദ്യാർഥികളുമാണ് കൂടുതലും.
തമിഴ്നാട് ഉൾപ്പെടെ അന്തർസംസ്ഥാനങ്ങളിൽനിന്നാണ് സുലഭമായി ലഹരി എത്തുന്നത്. നിയമത്തിന്റെ കുറുക്കുവഴികൾ പ്രയോജനപ്പെടുത്തി ചെറിയ അളവിൽ ചെറിയ പൊതികളിലാക്കിയാണ് സ്കൂൾ പരിസരങ്ങളിലും മറ്റും കഞ്ചാവ് കച്ചവടം നടത്തുന്നത്. കുട്ടികളെ ഉപയോഗിക്കാൻ ശീലിപ്പിക്കുന്നതിനൊപ്പം ലക്ഷ്യസ്ഥാനങ്ങളിൽ എത്തിച്ചു നൽകാൻ വാഹകരായും വിൽപനക്കാരായും ഇവരെ വൻകിട കച്ചവടക്കാർ ഉപയോഗിച്ചു വരുകയാണ്. അഞ്ച് മാസത്തിനിടെ 203 എൻ.ഡി.പി.എസ് കേസിൽ 197 പേരും നിരോധിത പുകയില ഉൽപന്ന വിൽപനയുമായി ബന്ധപ്പെട്ട് 942 കേസിൽനിന്നായി 344 പേരും പിടിയിലായിട്ടുണ്ട്.
തൊടുപുഴ: സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി സ്കൂൾ പരിസരങ്ങൾ കേന്ദ്രീകരിച്ചുള്ള ലഹരി വിൽപനയും കുട്ടികളുടെ ലഹരി ഉപയോഗവും തടയാൻ കർമപദ്ധതി തയാറാക്കി എക്സൈസ്. സ്കൂൾ പരിസരത്ത് പാർക്ക് ചെയ്യുന്ന വാഹനങ്ങൾ, കടകൾ, സ്ഥിരമായി എത്തുന്നവർ, പ്രദേശത്തെ ഒഴിഞ്ഞ സ്ഥലങ്ങൾ എന്നിവയുടെ വിവര ശേഖരണം ഇതിന്റെ ഭാഗമായി നടത്തും. ഓരോ മേഖലയിലും അതത് റേഞ്ച് ഓഫിസിന്റെ നേതൃത്വത്തിലാകും പരിശോധന.
ജില്ല എക്സൈസിന്റെ സ്ക്വാഡുകളുടെ നിരീക്ഷണവും ഉണ്ടാകും. ലഹരിക്കേസുകളിൽ മുമ്പ് പിടിയിലായവരുടെ പട്ടികയടക്കം തയാറാക്കിയാകും നിരീക്ഷണം. വിവിധ മേഖലകളിലുള്ളവരെ ഉൾപ്പെടുത്തി ജാഗ്രത സമിതികൾ രൂപവത്കരിച്ചിട്ടുണ്ട്. വിദ്യാലയങ്ങൾ, ഹോസ്റ്റലുകൾ, ഹോം സ്റ്റേകൾ തുടങ്ങി വിദ്യാർഥികളുടെ താമസ സ്ഥലങ്ങളിലും പരിശോധന നടത്തും. സ്കൂളുകളിൽ നേരത്തേ എത്തുകയും വൈകിപ്പോകുകയും ചെയ്യുന്ന വിദ്യാർഥികളെയടക്കം നിരീക്ഷിക്കും. ഓരോ സ്കൂളിലെയും വിമുക്തി പ്രവർത്തനത്തിന് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്താനും സ്കൂൾ പരിസരത്തെ കടകളിൽ പരിശോധന നടത്തി ലഹരി ഉൽപന്നങ്ങൾ വിൽക്കുന്നുണ്ടെങ്കിൽ ലൈസൻസ് റദ്ദാക്കാൻ ശിപാർശ ചെയ്യാനും മേയ് 30നകം എല്ലാ സ്കൂൾ പരിസരങ്ങളും പരിശോധിക്കാനും എക്സൈസ് കമീഷണർ നിർദേശം നൽകി. തിങ്കളാഴ്ച മുതൽ ലഹരി വിരുദ്ധ ക്ലബുകളുടെ പ്രവർത്തനം സജീവമാക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് ഇടുക്കി എക്സൈസ് ഡെപ്യൂട്ടി കമീഷണർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.