ജില്ലയിൽ പലയിടങ്ങളിലും മഴ കനത്തുതുടങ്ങി. മഴക്കാലം ഇടുക്കിയെ സംബന്ധിച്ച് ആശങ്കകളുടെ കാലം കൂടിയാണ്. മണ്ണിടിച്ചിലും ഉരുൾ പൊട്ടലുമടക്കമുള്ള സംഭവങ്ങൾ, പകർച്ചവ്യാധികൾ എന്നിവയൊക്കെ ജില്ല നേരിടുന്ന പ്രധാന പ്രശ്നങ്ങളാണ്. മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുണ്ടെന്നും വിവിധ വകുപ്പുകൾക്ക് നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നുമാണ് ജില്ല ഭരണകൂടം അറിയിച്ചിരിക്കുന്നത്. എങ്കിലും ഇനിയും ഒട്ടേറെ കാര്യങ്ങളിൽ ജാഗ്രത പുലർത്തേണ്ടതുമുണ്ട്.
തൊടുപുഴ: മഴക്കാലത്ത് സൂക്ഷിച്ചില്ലെങ്കിൽ പകർച്ച വ്യാധികൾ പിടിപെടാനുള്ള സാധ്യത ഏറെയാണ്. സാധാരണ പനി മുതൽ ഡെങ്കിപ്പനി, എച്ച്1 എൻ1, എലിപ്പനി, മലമ്പനി വരെ പലതരം മഴക്കാലത്താണ് തലപൊക്കുന്നത് പതിവാണ്.
ഈ സാഹചര്യത്തിൽ ജാഗ്രതയോടെ ഇരിക്കണമെന്നാണ് ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടുന്നത്. ടൈഫോയ്ഡ്, വയറിളക്കം, മഞ്ഞപ്പിത്തം... മഴക്കാല രോഗങ്ങൾ വേറെയുമുണ്ട്. സാധാരണ പനി അപകടകാരിയല്ലെങ്കിലും ചികിത്സ തേടുന്നതാണു നല്ലത്. സ്വയം ചികിത്സ ഒഴിവാക്കണമെന്നാണ് ആരോഗ്യവകുപ്പ് നിർദേശം. കൊതുകിനെ തുരത്തുന്നതും പകർച്ചവ്യാധികൾക്കെതിരായ പ്രധാന നടപടിയാണ്. ഡെങ്കിപ്പനിയുടെ സമാന ലക്ഷണങ്ങൾ തന്നെയാണ് ചികുൻഗുനിയക്കും.
ഈഡിസ് വിഭാഗത്തിൽപെട്ട കൊതുകുകളാണ് രോഗം പരത്തുന്നത്. മലിനജല സമ്പർക്കത്തിലൂടെ ഉണ്ടാകുന്ന രോഗമാണ് എലിപ്പനി അഥവ ലെപ്റ്റോസ്പൈറോസിസ്. ശരീരവേദന, പനി, കൈകാൽ കഴപ്പ്, മൂത്രതടസ്സം, തളർച്ച എന്നിവയാണ് എലിപ്പനിയുടെ ലക്ഷണങ്ങൾ. മലിനജല സമ്പർക്കം പരമാവധി ഒഴിവാക്കണം.
മലിനജലവുമായി സമ്പർക്കത്തിൽ ഏർപ്പെടുന്നവരും ശുചീകരണ തൊഴിലാളികളും വെള്ളത്തിലിറങ്ങുന്ന സന്നദ്ധ പ്രവർത്തകരും വ്യക്തിസുരക്ഷ ഉപാധികളായ കൈയുറ, മുട്ട് വരെയുള്ള പാദരക്ഷകൾ, മാസ്ക് എന്നിവ ഉപയോഗിക്കുക.
പ്രതിരോധ ഗുളികകൾ കഴിക്കുക. മഞ്ഞപ്പിത്തവും മഴക്കാലത്തു കരുതിയിരിക്കേണ്ട രോഗമാണ്.
ചെറുതോണി: മാനത്ത് മഴക്കാറ് കണ്ടാൽ കാറ്റൊന്ന് വീശിയാൽ ഈ വൈദ്യുതി കമ്പി ഏതുനിമിഷവും നിലംപൊത്തും. കഞ്ഞിക്കുഴി പഞ്ചായത്തിലെ അട്ടിക്കളത്തുനിന്ന് കുട്ടപ്പൻ സിറ്റിയിലേക്കുപോകുന്ന റോഡിലാണ് അപകട സാധ്യതയുമായി വൈദ്യുതി കമ്പി നിൽക്കുന്നത്. റോഡിെൻറ ഇരുവശത്തെയും പ്ലാവും മാവും മറ്റ് മരങ്ങളും റോഡിലേക്കു ചാഞ്ഞുനിൽക്കുകയാണ്. ഇതിനിടയിലൂടെയാണ് വൈദ്യുതി ലൈൻ കടന്നുപോകുന്നത്. വിദ്യാർഥികളടക്കം യാത്രക്കാർ നിരന്തരം സഞ്ചരിക്കുന്ന റോഡിൽ അപകടമൊഴിവാക്കാൻ അധികൃതർ കണ്ണുതുറക്കണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.