തൊടുപുഴ: സ്കൂൾ തുറന്ന് മൂന്നുമാസം കഴിഞ്ഞിട്ടും ഉച്ചഭക്ഷണ പദ്ധതിക്ക് തുക അനുവദിക്കാതെ സ്കൂളുകളിൽ വിളവെടുപ്പ് ഉത്സവം നടത്തണമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ സർക്കുലറിനെതിരെ പ്രതിഷേധം. ഉച്ചഭക്ഷണ പദ്ധതി ഇപ്പോൾതന്നെ പല സ്കൂൾ അധികൃതരും വളരെ പ്രയാസപ്പെട്ടാണ് നടത്തിക്കൊണ്ടുപോകുന്നത്. നിലവിൽ പച്ചക്കറി ഉൽപന്നങ്ങൾക്ക് വലിയ വിലക്കയറ്റമായതോടെ കുട്ടികൾക്ക് ഉച്ചഭക്ഷണം മുടക്കം കൂടാതെ നൽകാൻ വളരെ ബുദ്ധിമുട്ട് നേരിടുകയാണെന്ന് പ്രധാന അധ്യാപകർ ചൂണ്ടിക്കാട്ടുന്നു. ഇതിനിടെയാണ് എല്ലാ സ്കൂളുകളിലും വിളവെടുപ്പ് ഉത്സവം നടത്തണമെന്ന് വിദ്യാഭ്യാസ വകുപ്പ് പ്രധാനാധ്യാപകർക്ക് സർക്കുലർ നൽകിയത്.
ജില്ലയിൽ 462 സ്കൂളിലാണ് ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കുന്നത്. 100ൽ താഴെ കുട്ടികളുള്ള സ്കൂളുകൾക്ക് എട്ട്, 200ൽ താഴെ ഏഴ്, അതിനു മുകളിലേക്ക് എട്ട് രൂപ നിരക്കിലാണ് ഉച്ചഭക്ഷണ പദ്ധതിക്ക് സർക്കാർ അനുവദിക്കുന്ന വിഹിതം. ഈ കണക്കിൽ പല സ്കൂളുകൾക്കും ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലായി ലക്ഷക്കണക്കിന് രൂപ സർക്കാർ നൽകാനുണ്ട്.
പല സ്കൂളുകൾക്കും കഴിഞ്ഞ വർഷത്തെ തുക ഈ അധ്യയനവർഷമാണ് ലഭിച്ചത്. ഇപ്പോൾ പ്രധാനാധ്യാപകർ സ്വന്തം കൈയിൽനിന്നും പണം ചെലവഴിച്ചാണ് ഉച്ചഭക്ഷണ പദ്ധതി മുന്നോട്ടുകൊണ്ടുപോകുന്നത്. ജില്ലയിൽ ഉച്ചഭക്ഷണ പദ്ധതിയുള്ള സ്കൂളുകളിൽ എല്ലാംതന്നെ പച്ചക്കറിത്തോട്ടം നിലവിലുണ്ടെന്നും ഇതിന്റെ വിളവെടുപ്പ് ജനപ്രതിനിധികളെ പങ്കെടുപ്പിച്ച് നടത്തണമെന്നുമാണ് വിദ്യാഭ്യാസ ഉപഡയറക്ടറുടെ നിർദേശം. എന്നാൽ, കൂടുതൽ സ്കൂളുകൾക്കും നാമമാത്രമായ തോതിലാണ് അടുക്കളത്തോട്ടങ്ങളിൽനിന്നും പച്ചക്കറി ലഭിക്കുന്നത്.
പല സ്കൂളുകൾക്കും അടുക്കളത്തോട്ടം നിർമിക്കാൻ സ്ഥല പരിമിതിയുമുണ്ട്. ഗ്രോ ബാഗുകളിലും മറ്റുമാണ് പലരും പച്ചക്കറി നട്ടുപിടിപ്പിച്ചിരിക്കുന്നത്. ഇതുപയോഗിച്ച് വിരലിലെണ്ണാവുന്ന ദിവസം മാത്രമേ ഉച്ചഭക്ഷണം നൽകാൻ കഴിയൂ. ഇതിനിടെയാണ് ആഘോഷപൂർവം വിളവെടുപ്പ് നടത്തണമെന്ന നിർദേശം വന്നിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.