തൊടുപുഴ: പ്രധാന വിനോദ സഞ്ചാര മേഖലയായ പരുന്തുംപാറയിലെ ഭൂമി കൈയേറ്റം സംബന്ധിച്ച് ഒരു മാസത്തിനുള്ളിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം. ജില്ലയിലെ ഭൂമി കൈയേറ്റങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന പൊലീസ് ഐ.ജി കെ. സേതുരാമൻ, സാമൂഹികനീതി വകുപ്പ് ഡയറക്ടറും ഇടുക്കി മുൻ കലക്ടറുമായ എച്ച്.ദിനേശൻ എന്നിവരുടെ നേതൃത്വത്തിലെ യോഗത്തിലാണ് ഉദ്യോസ്ഥർക്ക് നിർദേശം നൽകിയത്.
പരുന്തുംപാറയിലുള്ള സർക്കാർ ഭൂമിയിൽ 110 ഏക്കറോളം കൈയേറിയെന്ന് റവന്യൂ വകുപ്പിന്റെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരുന്നു. തഹസിൽദാർ ജില്ല ഭരണകൂടത്തിന് നൽകിയ റിപ്പോർട്ടിലാണ് സ്ഥലം നഷ്ടപ്പെട്ടതായി പറയുന്നത്.
റിപ്പോർട്ടിനെ തുടർന്ന് മുൻ കലക്ടർ ഷീബാ ജോർജ് സ്ഥലം തിരിച്ചുപിടിക്കാനും ഉത്തരവിട്ടു. പരിശോധനയിൽ 41.5 ഏക്കർ കൈയേറ്റഭൂമി തിരിച്ചുപിടിക്കുകയും ഇവിടെ സർക്കാർ ബോർഡ് സ്ഥാപിക്കുകയും ചെയ്തു. എന്നാൽ, തുടർനടപടികളെടുക്കുന്നതിലും നഷ്ടപ്പെട്ട ബാക്കി ഭൂമി കണ്ടെത്തി തിരിച്ചുപിടിക്കുന്നതിലും റവന്യൂ വകുപ്പ് വീഴ്ചവരുത്തി. സർക്കാർഭൂമി കൈയേറുന്നവരുടെ പേരിൽ ലാൻഡ് കൺസർവെൻസി നിയമപ്രകാരം കേസെടുക്കണം. എൽ.സി.കേസ് രജിസ്റ്റർ ചെയ്ത ശേഷം പൊലീസിന് കൈമാറുകയും അവർ എഫ്.ഐ.ആർ. എടുത്ത് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുകയുമാണ് വേണ്ടത്.
ഇതുണ്ടാകാതിരുന്ന സാഹചര്യത്തിലാണ് ഹൈകോടതി നിർദേശ പ്രകാരം രൂപവത്കരിച്ച ഐ.ജി കെ.സേതുരാമന്റെയും മുൻ കലക്ടർ എച്ച്.ദിനേശന്റെയും നേതൃത്വത്തിലുള്ള സംഘം ഇടപെട്ടത്. സംഘത്തിലെ റവന്യൂ, പൊലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ പ്രാഥമിക വിവരങ്ങൾ ശേഖരിച്ചു. തുടർന്ന് ഉദ്യോഗസ്ഥരുടെ ഓൺലൈൻ യോഗം നടത്തി. രണ്ടു വില്ലേജുകളിലായി അനുവദിച്ച പട്ടയങ്ങളുടെ ഫയലുകൾ പരിശോധിക്കാൻ തീരുമാനമായി. ഇതിൽ ചിലതിൽ മറ്റൊരു ഭാഗത്തെ സർവേ നമ്പരും വനഭൂമിയുടെ നമ്പറും രേഖപ്പെടുത്തിയതായി സംശയിക്കുന്നുണ്ട്. രണ്ടു വില്ലേജുകളിലും നടത്തിയ ഡിജിറ്റൽ സർവേയുടെ വിശദാംശങ്ങളും സംഘം ശേഖരിക്കും. ഇതിൽ നിന്ന് നഷ്ടപ്പെട്ട ഭൂമിയുടെ അളവും കൈയേറിയവരെയും കണ്ടെത്താനാകും.
ഒപ്പം വാഗമണ്ണിലെ രണ്ട് വൻകിട കൈയേറ്റങ്ങളെ സംബന്ധിച്ചും ഇവിടുത്തെ വ്യാജ പട്ടയത്തെക്കുറിച്ചും അന്വേഷണം പൂർത്തിയാക്കാൻ നിർദേശിച്ചിട്ടുണ്ട്. കൊന്നത്തടി വില്ലേജിലെ കൈയേറ്റം സംബന്ധിച്ചും സംഘം വിവരം ശേഖരിച്ചിട്ടുണ്ട്.
ഇത് സംബന്ധിച്ച അന്വേഷണവും വേഗത്തിലാക്കും. ഝാർഖണ്ഡിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള എച്ച്.ദിനേശൻ തിരിച്ചെത്തിയ ശേഷം സംഘാംഗങ്ങൾ നേരിട്ട് സ്ഥലത്ത് പരിശോധനയും നടത്തും. മൂന്ന് സ്ഥലത്തെയും അന്വേഷണം പൂർത്തിയാക്കി അടുത്ത മാസം 20 ന് ഹൈകോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.