തൊടുപുഴ: ടൗണിൽ വൈദ്യുതിമുടക്കം പതിവാകുന്നു. തകരാറുകൾ പരിഹരിക്കാൻ വൈദ്യുതിബന്ധം വിച്ഛേദിക്കുന്നതും പുനഃസ്ഥാപിക്കുന്നതും തുടർക്കഥയായതോടെ വൈദ്യുതിമുടക്കം പതിവാകുകയാണ്.മിക്കദിവസവും പകൽ പലതവണ ടൗണിൽ വൈദ്യുതി വിതരണം തടസ്സപ്പെടാറുണ്ട്. കാലവർഷം ആരംഭിച്ചതോടെ വൈദ്യുതി മുടങ്ങാത്ത ദിവസങ്ങളില്ല. സർക്കാർ ഓഫിസുകൾ, വ്യാപാര സ്ഥാപനങ്ങൾ, കമ്പ്യൂട്ടർ സ്ഥാപനങ്ങൾ കോൾഡ് സ്റ്റോറേജുകൾ എന്നിവയുടെ പ്രവർത്തനങ്ങളെയെല്ലാം വൈദ്യുതിമുടക്കം പ്രതികൂലമായി ബാധിക്കുന്നുണ്ട്.
ഗ്രാമീണ മേഖലകളിലും വൈദ്യുതിമുടക്കം സംബന്ധിച്ച് പരാതി ഉയരുന്നുണ്ട്.ജനങ്ങൾ കൂടുതലായി വീടുകളിൽ തങ്ങുന്ന ഞായറാഴ്ചകളിൽ പല ഉൾനാടൻ മേഖലകളിലും വൈദ്യുതി മുടങ്ങുന്നത് പതിവാണ്. ഉപഭോക്താക്കളുടെ പരാതി അറിയിക്കാൻ ഫോൺ നമ്പറുകൾ നൽകിയിട്ടുണ്ടെങ്കിലും വിളിച്ചാൽ കിട്ടില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. പലപ്പോഴും ബെല്ലടിച്ചാലും ഉദ്യോഗസ്ഥർ ഫോൺ എടുക്കാറില്ലെന്നും പറയുന്നു. മറ്റുചിലപ്പോൾ ഈ നമ്പറുകൾ പ്രവർത്തനരഹിതമായിരിക്കും. ഫോൺ എടുത്താൽ പരിശോധിക്കുകയാണെന്ന മറുപടി ചിലപ്പോഴൊക്കെ ലഭിക്കും.
വൈദ്യുതിമുടക്കം നഗരത്തിലെയും ഗ്രാമപ്രദേശത്തെയും ഉപഭോക്താക്കൾക്ക് ഏറെ സാമ്പത്തിക നഷ്ടവും ദുരിതവുമാണ് വരുത്തുന്നത്. ഓരോ സ്ഥലത്തും ചെയ്യാനുള്ള വൈദ്യുതി ജോലികൾ സംബന്ധിച്ച് ദിവസങ്ങൾക്ക് മുമ്പുന്നെ ഉദ്യോഗസ്ഥർ അറിയുന്നതാണ്. എന്നാൽ, ഇതുസംബന്ധിച്ച അറിയിപ്പ് കൃത്യമായി ലഭിക്കാറില്ലെന്നും ഉപഭോകതാക്കൾ പറയുന്നു.ഒരുദിവസം മുമ്പെങ്കിലും അറിയിച്ചാൽ ഉപഭോക്താക്കൾക്ക് ഏറെ പ്രയോജനമാകുമെന്നാണ് ഇവർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.