തൊടുപുഴ: തെക്കുംഭാഗം സഹകരണ ബാങ്കിന്റെ ഓണച്ചന്ത വഴി വിൽപനക്ക് കൊണ്ടുവന്നത് ഉപയോഗശൂന്യമായ പരിപ്പെന്ന് പരാതി. ഓണച്ചന്തയിലേക്ക് വഴിത്തലയിലെ സപ്ലൈകോ സ്റ്റോറിൽ നിന്നും കൊണ്ടുവന്ന പരിപ്പാണ് കട്ടപിടിച്ചതും പഴകിയതുമായ നിലയിൽ കണ്ടെത്തിയത്. സെപ്റ്റംബർ ഏഴിനാണ് ചന്ത ആരംഭിക്കുന്നത്. ചാക്കിൽ കൊണ്ടുവന്ന പരിപ്പ് വിൽപനക്കായി ഒരു കിലോ വീതമുള്ള പാക്കറ്റുകളിലാക്കുമ്പോഴാണ് പഴകിയതും ഉപയോഗശൂന്യമാണെന്നും കണ്ടത്.
സംഗതി വിവാദമായതോടെ അധികൃതർ തന്നെ പരിപ്പ് തിരികെ കൊണ്ടുപോയി. ചന്തയിൽ വിൽപനക്ക് ലഭിച്ച സാധനങ്ങളിൽ മിക്കതും ഗുണനിലവാരമില്ലാത്തതാണെന്ന പരാതി ചന്ത ആരംഭിക്കുന്നതിനു മുമ്പുതന്നെ ഉയർന്നുകഴിഞ്ഞു. ഓണച്ചന്തയിൽ പരിപ്പിന് സബ്സിഡി നിരക്ക് 111 രൂപയാണ്. സബ്സിഡി ഇല്ലാതെ 175 രൂപക്കും വിൽക്കുന്നു. എന്നാൽ, ഇതിനെക്കാൾ കുറഞ്ഞ നിരക്കിൽ പൊതുവിപണിയിൽ നിന്നും ഹോൾസെയിൽ നിരക്കിൽ ലഭിക്കുമെന്നാണ് സഹകരണ ചന്ത നടത്തിപ്പുകാർ തന്നെ പറയുന്നത്. കഴിഞ്ഞ തവണത്തേക്കാൾ വൻ വില വർധനയാണ് ഇക്കുറി സാധനങ്ങൾക്ക് അടിച്ചേൽപ്പിച്ചിരിക്കുന്നതെന്നും അവർ പരാതി പറയുന്നു. ഇടനിലക്കാരാണ് ഈ വിലവർധനക്ക് കാരണമെന്നും ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.