തൊടുപുഴ: റോഡിലേക്കിറങ്ങിയാൽ പേടിച്ച് പായേണ്ട ഗതികേടിലാണ് ജനം. നിയമമൊക്കെ കാറ്റിൽ പറത്തി പാഞ്ഞടുക്കുന്ന ടോറസിന്റെയോ ടിപ്പറുകളുടെയോ അടിയിൽ പെടാതെ രക്ഷപ്പെടുന്നത് ഭാഗ്യം കൊണ്ടുമാത്രം. അമിത വേഗം നിയന്ത്രിക്കേണ്ടവരാകട്ടെ ഇതൊന്നും അറിഞ്ഞ മട്ടുമില്ല.
സുരക്ഷിതമല്ലാത്തവിധം കരിങ്കല്ലും മെറ്റലും മണ്ണും കൊണ്ടുപോകുന്ന ടിപ്പർ, ടോറസ് ലോറികൾക്കെതിരെ പലപ്പോഴും പരിശോധനകളും നടപടികളും വഴിപാടുപോലെയാണ്. തിരക്കേറിയ റോഡാണെങ്കിൽ പോലും കരുതൽ ഇല്ലാതെയാണ് പല ഡ്രൈവർമാരും പായുന്നത്. ടിപ്പർ, ടോറസ് ലോറികളിൽ ലോഡ് കയറ്റുന്നതിന് നിഷ്കർഷിച്ച മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയാണ് സഞ്ചാരം. ശരിയായ രീതിയിൽ മൂടാതെയും വലിയ പാറക്കഷണങ്ങൾ ഏതുനിമിഷവും പുറത്തേക്കു തെറിച്ചുവീഴത്തക്ക നിലയിലുമാണ് പല ടിപ്പറുകളും പായുന്നത്. മണലും മെറ്റലുമായി പോകുന്ന ലോറികളുടെ മുകൾ ഭാഗം പിന്നാലെ വരുന്ന വാഹനയാത്രക്കാർക്കും കാൽനട യാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാകാതെ പൂർണമായി മൂടണമെന്നാണു നിയമം. എന്നാൽ, ഇതു കൃത്യമായി പാലിക്കാറില്ല. പലപ്പോഴും പിന്നാലെ വരുന്ന ഇരുചക്രവാഹന യാത്രക്കാരുടെ ദേഹത്തേക്ക് മെറ്റലും പൊടിയുമൊക്കെ വീഴുന്ന സ്ഥിതിയാണ്. അമിതവേഗത്തിൽ വളവുകൾ തിരിയുമ്പോൾ ലോറിയിൽനിന്നു മെറ്റലും പാറക്കല്ലുകളും റോഡിലേക്കു വീഴുന്നതും ഭീഷണി ഉയർത്തുന്നുണ്ട്.
സ്കൂൾ കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് ഭീഷണിയായി നിരോധിത സമയത്തും ടിപ്പറുകൾ ചീറിപ്പായുകയാണ്. രാവിലെ 8.30 മുതൽ പത്തുവരെയും വൈകുന്നേരം നാലു മുതൽ അഞ്ചുവരെയും ടിപ്പർ, ടോറസ് ലോറികൾ തിരക്കേറിയ റോഡുകളിൽ ഓടുന്നതിനു ജില്ലയിൽ നിരോധനമുണ്ട്. എന്നാൽ ചിലയിടങ്ങളിലും ഇതു ലംഘിക്കപ്പെടുന്നു. സ്കൂൾ ബസുകൾക്ക് മുന്നിലും പിന്നിലുമായി പായുന്ന ടിപ്പറുകളെ പല റോഡുകളിലും കാണാം.
പലപ്പോഴും പൊലീസ്, റവന്യു വകുപ്പുകൾ അമിത ലോഡ് കയറ്റുന്ന വാഹനങ്ങൾ പിടികൂടാറുണ്ടെങ്കിലും പിന്നെയും നിയമലംഘനങ്ങൾ ആവർത്തിക്കപ്പെടുകയാണ്.
വാഹനങ്ങൾ പരിശോധിക്കാനോ നടപടി എടുക്കാനോ അധികൃതർ തയാറാകുന്നില്ലെന്നും പരാതിയുണ്ട്. തൊടുപുഴ-വെള്ളിയാമറ്റം റൂട്ടിൽ പാറമടകളിൽനിന്നും മറ്റും ലോഡുമായി പോകുന്ന പല ടിപ്പറുകളും അമിത വേഗത്തിലാണു പായുന്നത്. ഇവിടെ പരിശോധനക്കും ആരും എത്തുന്നില്ല. സ്കൂൾ സമയത്തെ അപകടരമായ ഓട്ടം അവസാനിപ്പിക്കാൻ പഞ്ചായത്ത് അധികൃതർ നടപടിയെടുക്കണമെന്നാണാവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.