തൊടുപുഴ: ഇന്ന് അത്തം ഒന്ന്. പത്താം നാൾ പൊന്നോണമെത്തും. ഇക്കുറി സ്വന്തം നാട്ടുമുറ്റത്ത് വിരിഞ്ഞ പൂക്കൾകൊണ്ട് സമൃദ്ധമായി കളമൊരുക്കാം. ഉടുമ്പന്നൂർ പഞ്ചായത്തിലെ മലയിഞ്ചി മൂലംപുഴയിലെ ബിനീഷും കുടുംബവുമാണ് പാട്ടത്തിനെടുത്ത 40 സെന്റിലെ 20 സെന്റിൽ പൂപ്പാടം വിരിയിച്ചത്. മലയിഞ്ചി എസ്.എൻ.ഡി.പി ശാഖയുടെ സ്ഥലമാണ് പാട്ടത്തിനെടുത്തത്. നാട്ടിലും പൂപ്പാടം ഉണ്ടാക്കാനാവുമോ എന്ന പരീക്ഷിക്കാം എന്നു കരുതി തുടങ്ങിയതാണ്.
ഭാര്യ അനുപ്രിയയും മക്കളായ എട്ടാം ക്ലാസുകാരി ആർദ്രയും മൂന്നാം ക്ലാസുകാരി ആത്മീയയയും ബിനീഷിന്റെ സഹോദരങ്ങളും മക്കളും ഒപ്പം ചേർന്നപ്പോൾ ബന്ദിപ്പൂത്തോട്ടം യാഥാർഥ്യമായി. കൃഷി ഓഫീസർ അജിമോനും മറ്റ് ജീവനക്കാരും ബിനീഷിന് സഹായവുമായെത്തി. നാടൻ വളവും ജൈവവളങ്ങളുമാണ് കൃഷിക്ക് ഉപയോഗിച്ചത്. 65 ദിവസം കൊണ്ട് പൂക്കൾ പറിക്കാൻ പാകമായി. ഇടുക്കിയിൽ ആദ്യമായാണ് ബന്ദിപ്പൂ പാടം യാഥാർഥ്യമാകുന്നത്. ഏകദേശം 40 കിലോ പൂക്കൾ ഉണ്ടാകുമെന്നാണ് കരുതുന്നത്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഓണാഘോഷം പലരും ഒഴിവാക്കിയതിനാൽ പൂക്കൾക്ക് കാര്യമായ വില ലഭിക്കുമോ എന്ന ആശങ്കയുണ്ട് ബിനീഷിന്. ഉടുമ്പന്നൂർ പഞ്ചായത്ത് പ്രസിഡന്റ് ലതീഷ് വിളവെടുപ്പ് ഉദ്ഘാടനം നിർവഹിച്ചു. ശേഷിക്കുന്ന 20 സെന്റ് പാട്ടഭൂമിയിൽ പയറും പച്ചക്കറികളും വിത്തിറക്കാനാണ് ബിനീഷ് ഉദ്ദേശിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.