തൊടുപുഴ: വിപണിയില്‍ ഇറച്ചിയും മീനും വാങ്ങാനിറങ്ങിയാല്‍ കൈ പൊള്ളും. ഇറച്ചിയുടെയും മീനിന്റെയും വില നിയന്ത്രണമില്ലാതെ കുതിച്ചുയരുന്നതാണ് ഇതിനു കാരണം. പച്ചക്കറി കഴിക്കാമെന്ന് വിചാരിച്ചാലും പോക്കറ്റ് കാലിയാകുന്ന സാഹചര്യം. പച്ചക്കറി ഉൽപ്പന്നങ്ങൾക്കും വില ഉയര്‍ന്നുതുടങ്ങി. ഇതോടെ കുടുംബ ബജറ്റ് താളം തെറ്റുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.
മത്സ്യത്തിന്റെ വില അടുത്ത നാളില്‍ വലിയ തോതില്‍ വര്‍ധിച്ചു. ട്രോളിങ് നിരോധനമാണ് പച്ചമത്സ്യത്തിന്റെ വില കുത്തനെ ഉയരാന്‍ കാരണമാക്കിയതെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. വില കുറവായിരുന്ന ചെറുമത്സ്യങ്ങളുടെ വിലയാണ് പെട്ടെന്ന് കുതിച്ചുയര്‍ന്നത്. സാധാരണക്കാരുടെ ഇഷ്ട മത്സ്യമായ മത്തിക്ക് കിലോക്ക് 320 മുതല്‍ 340 രൂപ വരെയാണ് പലയിടത്തും ചില്ലറ വില. അയല 300-320 രൂപ വരെയായി ഉയര്‍ന്നു. കിളി, കൊഴുവ, ഓലക്കുടി തുടങ്ങിയവക്കും വില ഉയര്‍ന്നിട്ടുണ്ട്. പല മത്സ്യങ്ങളും ഇപ്പോള്‍ കിട്ടാനുമില്ല. വില കൂടിയതോടെ വില്പന കുറഞ്ഞതായി കച്ചവടക്കാര്‍ പറയുന്നു. കടകളില്‍ മത്സ്യം വാങ്ങാനെത്തുന്ന പലരും വില കേള്‍ക്കുമ്പോള്‍ മടങ്ങുന്ന അവസ്ഥയാണ്.
പോത്തിറച്ചിക്ക് പലയിടത്തും പല വിലയാണ് ഈടാക്കുന്നത്. 380 രൂപ മുതല്‍ 420 രൂപവരെയാണ് പോത്തിറച്ചിയുടെ വില. ഹൈറേഞ്ചില്‍ ചില സ്ഥലത്ത് 380 രൂപക്ക് പോത്തിറച്ചി ലഭിക്കുമ്പോള്‍ ലോ റേഞ്ചില്‍ 420 രൂപ വരെയാണ് വാങ്ങുന്നത്. ഇറച്ചിക്കോഴി 165- 170 രൂപക്കായിരുന്നു തൊടുപുഴയില്‍ വില്‍പ്പന നടന്നത്. ഉത്പാദനത്തിലുണ്ടായ ഇടിവാണ് കോഴിവില ഉയരാന്‍ പ്രധാന കാരണമായി വില്പനക്കാര് പറയുന്നത്. വില ഉയര്‍ന്നതോടെ, പലയിടത്തും വില്‍പ്പന പകുതിയായി കുറഞ്ഞു. വിലവര്‍ധന ഹോട്ടലുകള്‍ക്കും തിരിച്ചടിയായിട്ടുണ്ട്. വില കൂടിയ സാഹചര്യത്തില്‍ ചിക്കന്‍ വിഭവങ്ങള്‍ക്കും മറ്റും വില വര്‍ധിപ്പിക്കേണ്ടി വരുമെന്ന് ഹോട്ടലുടമകള്‍ പറയുന്നു. പന്നിയിറച്ചിക്ക് 380-400 രൂപയുമാണ് മിക്കയിടങ്ങളിലും ഈടാക്കുന്നത്.
പച്ചക്കറി ഉത്പ്പന്നങ്ങളുടെ വിലയും ക്രമാതീതമായി ഉയര്‍ന്നുതുടങ്ങി. പല ഉത്പന്നങ്ങളുടെയും വില നൂറും അതിനപ്പുറവും കടന്നു. പച്ചമുളകിന് വില കിലോക്ക് 180 രൂപയിലെത്തി. ബീന്‍സിനും പാവക്കയ്ക്കും കിലോ 100 രൂപയായി ഉയര്‍ന്നു. കാരറ്റിന് 80 രൂപയാണ് വില. വെളുത്തുള്ളിക്ക് 280-300, ഇഞ്ചിക്ക് 250 രൂപയുമാണ് വില. പയര്‍ -80, മുരിങ്ങക്കായ -80-100, തക്കാളി-80, പച്ചമാങ്ങ-70, വെണ്ടക്ക -60, കാബേജ്- 50, കോവക്ക-50, കുമ്പളങ്ങ- 60, ചേന-100, ഉള്ളി-70, സവാള-45, കിഴങ്ങ്-50 എന്നിങ്ങനെയാണ് വില്‍പ്പന വില. പ്രതികൂല കാലാവസ്ഥയാണ് പച്ചക്കറി വില ഉയരാന്‍ കാരണമെന്നാണ് കച്ചവടക്കാർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.