തൊടുപുഴ: ജില്ലയിലെ പദ്ധതി നിര്‍വഹണവുമായി ബന്ധപ്പെട്ട ചെലവുകള്‍ അതത് വകുപ്പുകള്‍ കൃത്യമായി അവലോകനം ചെയ്ത് സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ജില്ല കലക്ടർ ഷീബാ ജോര്‍ജ് പറഞ്ഞു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ല വികസന സമിതി യോഗത്തിന് അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കലക്ടര്‍. ജില്ലയില്‍ 16 വകുപ്പുകള്‍ പദ്ധതി വിഹിതത്തില്‍ 100 ശതമാനം ചെലവഴിച്ചിട്ടുണ്ട്. 90-99 ശതമാനത്തിന്റെ ഇടയില്‍ അഞ്ചു വകുപ്പുകള്‍ , 80-90 ശതമാനത്തിന്റെ ഇടയില്‍ ഒമ്പത് വകുപ്പുകള്‍ , 70-80 ശതമാനത്തിന്റെ ഇടയില്‍ ആറു വകുപ്പുകള്‍ എന്നിങ്ങനെയും ഏഴു വകുപ്പുകള്‍ 60 ല്‍ താഴെയുമാണ് പദ്ധതി നിര്‍വഹണം നടത്തിയത്.
ജില്ലയില്‍ നടന്ന നവകേരള സദസ്സില്‍ ലഭിച്ച നിവേദനങ്ങളുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകള്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ കലക്ടര്‍ വിലയിരുത്തി. പരാതികള്‍ക്ക് ഒരാഴ്ചക്കുള്ളില്‍ പരിഹാരം കാണാന്‍ വകുപ്പ് മേധാവികള്‍ക്ക് ജില്ലാ കളക്ടര്‍ കര്‍ശന നിര്‍ദേശം നല്കി. ഇ- ഓഫീസ് പ്രവര്‍ത്തനം കാര്യക്ഷമമാക്കാനും കോവിഡ് കാലത്ത് നിര്‍ത്തലാക്കിയ കെ.എസ്.ആര്.ടി.സി ബസ് സര്‍വീസുകള്‍ സംബന്ധിച്ച പട്ടിക അടിയന്തരമായി ലഭ്യമാക്കാനും കലക്ടര്‍ ആവശ്യപ്പെട്ടു. കുടിവെള്ളക്ഷാമം ഉണ്ടാകാതെയിരിക്കാന്‍ തോടുകളും പുഴകളും മാലിന്യമുക്തമായി സംരക്ഷിക്കണം. എല്ലാ ഓഫീസുകളും പരിസരങ്ങളും പ്ലാസ്റ്റിക്കടക്കമുള്ള മാലിന്യങ്ങള്‍ ഒഴിവാക്കി ഹരിതപ്രോട്ടോകോള്‍ പാലിക്കണം. അംഗപരിമിതര്‍ക്കുള്ള സഹായ ഉപകരണത്തിനുള്ള അപേക്ഷകള്‍ പഞ്ചായത്തുകളില്‍ ലഭിച്ചിട്ടുണ്ടെങ്കില്‍ അവ ജില്ല പഞ്ചായത്തിന് ലഭ്യമാക്കണം.
മൂന്നാര്‍ മേഖലയിലെ ട്രാഫിക് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ട്രാഫിക് മാനേജ്മെന്റ് കമ്മിറ്റി ചേര്‍ന്ന് തീരുമാനങ്ങള്‍ എടുക്കാനും യോഗം നിര്‍ദേശിച്ചു. യോഗത്തില്‍ എ.ഡി.എം അനി വി.എന്‍, ജില്ല പ്ലാനിങ് ഓഫീസര്‍ ദീപ ചന്ദ്രന്, ഡെപ്യൂട്ടി കലക്ടര്‍ മനോജ് കെ., വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.
തൊടുപുഴ: 2024-25 സാമ്പത്തിക വര്‍ഷത്തേക്കുള്ള ജില്ലയിലെ 62 തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതികള്‍ക്ക് ജില്ല ആസൂത്രണ സമിതിയുടെ അംഗീകാരമായി. ജില്ല പ്ലാനിങ് ഓഫീസര്‍ ദീപ ചന്ദ്രന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന ആസൂത്രണ സമിതിയുടെ അഞ്ചാം ഘട്ടയോഗത്തില് കരുണാപുരം പഞ്ചായത്തിന്റെ പദ്ധതികള്‍ അംഗീകരിച്ചു. ആദ്യ നാലു യോഗങ്ങളിലായി ജില്ലയിലെ 61 തദ്ദേശസ്ഥാപനങ്ങളിലെ പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചിരുന്നു. യോഗത്തില്‍ കട്ടപ്പന മുനിസിപ്പാലിറ്റി, വാഴത്തോപ്പ്, ഇടവെട്ടി പഞ്ചായത്തുകളുടെ 2023- 24 വര്‍ഷത്തിലെ പദ്ധതികള്‍ ഭേദഗതി ചെയ്തു. ജില്ല ആസൂത്രണസമിതി അംഗങ്ങള്‍, തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, വിവിധ വകുപ്പ് മേധാവികള്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.