തൊടുപുഴ: കേന്ദ്ര കാലാവസ്ഥ വകുപ്പ് വെള്ളി, ശനി ദിവസങ്ങളിൽ ഇടുക്കി ജില്ലയിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട കനത്ത മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. വേനൽ മഴയോടൊപ്പം ലഭിക്കുന്ന ഇടിമിന്നലുകൾ അപകടകാരികളായതിനാൽ ജനങ്ങൾ കരുതിയിരിക്കണമെന്നുമാണ് അറിയിപ്പ്.
അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും വരുംദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ സുരക്ഷയെ മുൻകരുതി മാറി താമസിക്കാൻ തയ്യാറാവണം.
സ്വകാര്യ-പൊതു ഇടങ്ങളിൽ അപകടവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങൾ കോതി ഒതുക്കുകയും ചെയ്യണം. അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തേണ്ടതാണ്.
ദുരന്ത സാധ്യത മേഖലയിലുള്ളവർ എമർജൻസി കിറ്റ് അടിയന്തരമായി തയാറാക്കി വെക്കണം.
ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരുകാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.
ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫി എടുക്കുകയോ കൂട്ടംകൂടി നിൽക്കുകയോ ചെയ്യരുത്.
മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണ്ണമായി ഒഴിവാക്കുക. കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങൾ ശ്രദ്ധിക്കണം.
ഇടുക്കി: ജില്ലയിലെ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ അടിയന്തരമായി ആരംഭിക്കാൻ കലക്ടർ ഷീബ ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന ആരോഗ്യ ജാഗ്രതാസമിതി യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ശനി, ഞായർ ദിവസങ്ങളിൽ വീടുകൾ, സ്ഥാപനങ്ങൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങൾ മാലിന്യമുക്തമാക്കാൻ തീവ്രശുചീകരണം നടത്തും.
അതത് തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പൊതുജനങ്ങൾ, വിവിധ സംഘടനകൾ, വ്യാപാരികൾ, സ്കൂൾ കോളേജുകളിലെ എൻ.എസ്.എസ്, എൻ.സി.സി, തൊഴിലുറപ്പ്, കുടുംബശ്രീ പ്രവർത്തകർ എന്നിവരെ പങ്കെടുപ്പിച്ചാകും ശുചീകരണം നടക്കുക. ഞായറാഴ്ച വാർഡ്തല ശുചിത്വ സമിതിയുടെ നേതൃത്വത്തിൽ ഭവന സന്ദർശനം നടത്തി ബോധവൽകരണ പ്രവർത്തനങ്ങൾ, ശരിയായ മാലിന്യ സംസ്ക്കരണത്തിന്റെ ആവശ്യകത എന്നിവ പൊതുജനങ്ങളെ ബോധ്യപ്പെടുത്തും.
ഡെങ്കി പോലുള്ള പകച്ചവ്യാധികൾ പടർന്നുപിടിക്കാൻ സാധ്യതയുള്ളതിനാൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് വലിയ പ്രാധന്യമാണുള്ളതെന്ന് കലക്ടർ പറഞ്ഞു. പകർച്ച വ്യാധികൾ ജില്ലയുടെ പലഭാഗത്തും റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ അടിയന്തിര പ്രതിരോധ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
എന്നാൽ ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിന് പൊതുജനങ്ങളുടെ സഹകരണം ആവശ്യമുണ്ട്. വിനോദ സഞ്ചാരത്തിന്റെ ഭാഗമായി എത്തുന്ന സഞ്ചാരികൾ മാലിന്യങ്ങൾ വലിച്ചെറിഞ്ഞ് പാതയോരങ്ങളും വനപ്രദേശങ്ങളും മലിനമാക്കുന്ന പ്രവണത അവസാനിപ്പിക്കണം.
നിയമലംഘനം നടത്തുന്നവർക്കെതിരെ പോലീസ്, വനം വകുപ്പ്, വിനോദസഞ്ചാര വകുപ്പ്, തദ്ദേശ ഭരണസ്ഥാപനങ്ങൾ എന്നിവർ മുഖം നോക്കാതെ കർശന നടപടികൾ കൈക്കൊള്ളണമെന്നും കലക്ടർ പറഞ്ഞു. മാത്രമല്ല നടപടികൾ സംബന്ധിച്ച റിപ്പോർട്ട് കൃത്യമായി നൽകുകയും വേണം.
മഴക്കാലപൂർവ ശുചീകരണ, പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ വകുപ്പുകളും തദ്ദേശ സ്ഥാപനങ്ങളും സംയുക്തമായി സ്വീകരിക്കേണ്ട തുടർ നടപടികൾ യോഗം ചർച്ച ചെയ്തു. പ്രവർത്തനങ്ങളുടെ പുരോഗതിയും വകുപ്പുകളുടെ പങ്കാളിത്തവും യോഗം അവലോകനം ചെയ്തു.
നഗരസഭ അധ്യക്ഷന്മാർ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സന്മാർ, തദ്ദേശ സ്ഥാപന സെക്രട്ടറിമാർ, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ, ഡി.എം.ഒ, മറ്റു ജില്ലാ തല ഉദ്യോഗസ്ഥർ, ജില്ലാ ശുചിത്വ മിഷൻ അധികൃതർ തുടങ്ങിയവർ യോഗത്തിൽ പങ്കുടുത്തു.
കോടിക്കുളം: ലോക ഡെങ്കി ദിനത്തിൽ കോടിക്കുളം പഞ്ചായത്തിൽ ഹോട്ട് സ്പോട്ടായി കണ്ടെത്തിയ പ്രദേശങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി പ്രസിഡന്റും പഞ്ചായത്തംഗങ്ങളും. പഞ്ചായത്തിലെ വെള്ളംചിറ ഭാഗമാണ് ആരോഗ്യ വകുപ്പ് ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ചത്. ഇവിടെ ഡെങ്കിപ്പനി സ്ഥിരീകരിക്കുകയും ഡെങ്കി പരത്തുന്ന ഈഡിസ് വിഭാഗത്തിൽപ്പെട്ട ഈജിപ്റ്റി, അൽബോ പിക്ടസ് കൊതുകുകളുടെ സാന്നിധ്യം കണ്ടെത്തുകയും ചെയ്തിരുന്നു.
ഇതിനെ തുടർന്നാണ് പ്രതിരോധ പ്രവർത്തനം ഏകോപിപ്പിക്കാനും ജനങ്ങളിൽ രോഗപ്പകർച്ചയെ പറ്റി കൂടുതൽ അവബോധം സൃഷ്ടിക്കാനും ലക്ഷ്യമിട്ട് പഞ്ചായത്ത് കമ്മറ്റി ഒന്നടങ്കം രംഗത്തിറങ്ങിയത്. മഴക്കാല രോഗ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുമെന്നും പ്രസിഡന്റ് ടി.വി. സുരേഷ് ബാബു പറഞ്ഞു.
വൈസ് പ്രസിഡന്റ് ഹലീമ നാസർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഷേർളി ആന്റ്ണി എന്നിവർ നേതൃത്വം നൽകി. പഞ്ചായത്തംഗങ്ങൾ, മെഡിക്കൽ ഓഫിസർ ഡോ. സാം വി. ജോൺ, ഹെൽത്ത് ഇൻസ്പെക്ടർ, ലിൻസൺ ഫിലിപ്പ്, ആരോഗ്യ ജീവനക്കാർ, ആശ വർക്കർമാർ എന്നിവർ വീടുകൾ തോറും കയറി രോഗ പ്രതിരോധ ബോധവത്കരണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.