തൊടുപുഴ: പാറക്കുളങ്ങളിലടക്കം അപകടങ്ങളിൽപെട്ട് മനുഷ്യജീവനുകൾ പൊലിയുന്ന സാഹചര്യത്തിൽ വിഷയത്തിൽ മനുഷ്യാകാശ കമീഷൻ ഇടപെടുന്നു. പാറക്കുളങ്ങളിലും പടുതക്കുളങ്ങളിലുമടക്കം അപകടത്തിൽപെടുന്നവരുടെ എണ്ണം ജില്ലയിൽ വർധിക്കുന്നതായ വിവരങ്ങൾ ശ്രദ്ധയിൽപെട്ടതിന്റെ അടിസ്ഥാനത്തിൽ അപകടങ്ങൾ തടയാൻ എന്ത് നടപടിയാണ് കൈക്കൊള്ളുന്നതെന്നതടക്കമുള്ള കാര്യങ്ങൾ അധികൃതരോട് ആരായുമെന്ന് മനുഷ്യാവകാശ കമീഷൻ അധ്യക്ഷൻ ആന്റണി ഡൊമിനിക് പറഞ്ഞു. പലയിടത്തും വേണ്ടത്ര മുൻകരുതലില്ലാതെയാണ് പാറക്കുളങ്ങൾ സ്ഥിതിചെയ്യുന്നതെന്ന് മനസ്സിലായിട്ടുണ്ട്. അധികൃതരുമായി വിഷയം ചർച്ച ചെയ്ത ശേഷം തുടർ നടപടി സ്വീകരിക്കുമെന്നും കമീഷൻ പറഞ്ഞു.
വിഷയത്തിൽ പഞ്ചായത്ത് സെക്രട്ടറിമാരുടെ അടിയന്തര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി സുരക്ഷ മുൻകരുതലുകൾ സ്വീകരിക്കാൻ കലക്ടർ ഷീബ ജോർജ് കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു. ഉപേക്ഷിക്കപ്പെടുന്ന പാറമടകള്‍ മണ്ണിട്ടു നികത്തുകയോ സംരക്ഷണവേലി നിര്‍മിച്ച് സുരക്ഷിതമാക്കുകയോ വേണമെന്ന് ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ കലക്ടർ നിർദേശം നൽകിയിരുന്നെങ്കിലും പാലിക്കപ്പെട്ടില്ല. പാറമട നടത്തിപ്പുകാർതന്നെ ഇത്തരം നടപടി സ്വീകരിക്കണമെന്നായിരുന്നു നിർദേശം. ഇതിന് പിന്നാലെയാണ് ഇപ്പോൾ മനുഷ്യാവകാശ കമീഷനും വിഷയത്തിൽ ഇടപെടുന്നത്.
തെരുവുവിളക്ക് മാറ്റി സ്ഥാപിക്കുന്നതിനിടെ വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് യുവാവ് മരിച്ച സംഭവത്തിൽ പഞ്ചായത്തിന്റെയും കെ.എസ്.ഇ.ബിയുടെയും കരാറുകാരന്റെയും വിശദീകരണം തേടുമെന്ന് മനുഷ്യാവകാശ കമീഷൻ പറഞ്ഞു. തെരുവുവിളക്ക് മാറ്റി സ്ഥാപിക്കുന്നതിനിടെ വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് യുവാവ് മരിച്ച സംഭവത്തിൽ മരിച്ചയാളെ പ്രതിയാക്കി മനുഷ്യാവകാശ കമീഷന് കെ.എസ്.ഇ.ബി റിപ്പോർട്ട് നൽകിയിരുന്നു. കഴിഞ്ഞ ഡിസംബർ രണ്ടിന് വള്ളക്കടവിൽ മ്ലാമല ചാത്തനാട്ട് വീട്ടിൽ സാലിമോൻ (48) മരിച്ച സംഭവത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പൊതുപ്രവർത്തകൻ എം.എം. ജോർജ് പരാതി നൽകിയിരുന്നു. ഈ പരാതിയിൽ കെ.എസ്.ഇ.ബി നൽകിയ വിശദീകരണത്തിലാണ് കരാർ തൊഴിലാളിയുടെ അശ്രദ്ധയാണ് അപകടത്തിന് ഇടയാക്കിയതെന്ന് ചൂണ്ടിക്കാട്ടിയിരുന്നത്.
ഉയരം കൂടിയ ഇരുമ്പ് ഏണി വൈദ്യുതി പോസ്റ്റിന് മുകളിൽ ഉയർത്തിയതാണ് അപകടം ഉണ്ടാകാൻ കാരണമെന്നും പറയുന്നു. സംഭവ സമയത്ത് എച്ച്.ടിയുടെ ഒരു ലൈൻ വൈദ്യുതി പ്രവഹിച്ച പോസ്റ്റിന് മുകളിൽ ബന്ധിപ്പിച്ചിരുന്നതായും ഇതേ റിപ്പോർട്ടിൽ പറയുന്നുണ്ട്. അതേസമയം, ഈ ഭാഗത്ത് ലൈൻ താഴ്ന്ന് കിടക്കുകയായിരുന്നുവെന്ന് പ്രദേശവാസികളും ചൂണ്ടിക്കാട്ടുന്നുണ്ട്. ഒരു സുരക്ഷാമാനദണ്ഡവും ഏർപ്പെടുത്തിയിരുന്നില്ലെന്നും സ്ഥലത്ത് മേൽനോട്ട ചുമതലക്കുപോലും ആരുമുണ്ടായിരുന്നില്ലെന്നും പരാതിക്കാരൻ പറയുന്നു. കരാർ നൽകിയ സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നും മതിയായ നഷ്ടപരിഹാരത്തുക കുടുംബത്തിന് ലഭിക്കണമെന്നും ആവശ്യപ്പെട്ടാണ് ഇദ്ദേഹം കമീഷനെ സമീപിച്ചത്. തുടർന്നാണ് കമീഷൻ പഞ്ചായത്തിന്റെയും കെ.എസ്.ഇ.ബിയുടെയും കരാറുകാരന്റെയും വിശദീകരണം തേടാൻ തീരുമാനിച്ചത്. പട്ടയ പ്രശ്നങ്ങൾ, അതിർത്തി പ്രശ്നങ്ങൾ തുടങ്ങിയ പരാതികളും കമീഷന് മുന്നിലെത്തി. 29 കേസാണ് കമീഷന് മുന്നിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.