തൊടുപുഴ: ഫണ്ടില്ലാത്തതിനെത്തുടർന്ന് ഒന്നരയാഴ്ചയായി നിലച്ചുകിടന്ന മോേട്ടാർ വാഹന വകുപ്പിെൻറ സേഫ് സോൺ പദ്ധതി പുനരാരംഭിച്ചു. ശബരിമല തീർഥാടകർക്ക് ദേശീയ പാതയിൽ സുരക്ഷിത യാത്ര ഉറപ്പാക്കാനായി നവംബർ മുതൽ ജനുവരിവരെ വർഷങ്ങളായി നടത്തിയിരുന്ന പദ്ധതിയാണ് ഫണ്ട് കിട്ടാത്തതിനെ തുടർന്ന് നിർത്തേണ്ടിവന്നത്. പദ്ധതി നിർത്തിയതിന് ശേഷം അപകടങ്ങൾ മേഖലയിൽ കൂടുതലായി വർധിക്കുകയും ജീവനുകൾ പൊലിയുകയും ചെയ്തു. കയറ്റവും വളവും കൊക്കയും നിറഞ്ഞ വഴികളിലൂടെ അയ്യപ്പഭക്തരുമായി എത്തുന്ന സ്ഥലപരിചയമില്ലാത്ത ഡ്രൈവർമാർക്ക് ആവശ്യമായ മാർഗനിർദേശം നൽകുക, കേടാകുന്ന വാഹനങ്ങൾ നന്നാക്കാൻ സഹായമെത്തിക്കുക, അപകടമുണ്ടായാൽ അടിയന്തര രക്ഷാപ്രവർത്തനം നടത്തുക, വൈദ്യസഹായം ലഭ്യമാക്കുക, റോഡപകടങ്ങൾ ഇല്ലാതാക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങൾ.
എല്ലാവർഷവും മുൻകൂറായോ പദ്ധതി തുടങ്ങിയ ഉടനെയോ ഗതാഗത വകുപ്പ് ഇതിന് ഫണ്ട് അനുവദിച്ചിരുന്നു. ഇത്തവണയും 65 ലക്ഷം രൂപ അനുവദിച്ചെങ്കിലും ചീഫ് സെക്രട്ടറി ചെക്ക് ഒപ്പിടാത്തതിനാൽ തുക കിട്ടിയില്ല. ഇതോടെ, പദ്ധതി പ്രതിസന്ധിയിലാകുകയായിരുന്നു. പട്രോളിങ് നടത്തുന്ന വാഹനങ്ങൾക്ക് ഇന്ധനം വാങ്ങിയ ഇനത്തിലും പമ്പുകൾക്ക് ലക്ഷങ്ങൾ നൽകാനുണ്ടായിരുന്നു. ഡ്രൈവർമാരുടെ ശമ്പളം, ജീവനക്കാർക്ക് കുട്ടിക്കാനത്തെ പൊലീസ് ക്യാമ്പിൽനിന്ന് ഭക്ഷണം വാങ്ങിനൽകിയ തുക എന്നിവയും കുടിശ്ശിക വന്നു.
പദ്ധതി നിർത്തി രണ്ടു ദിവസം കഴിഞ്ഞ് ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും പുനരാരംഭിക്കണമെന്നും കഴിഞ്ഞയാഴ്ച കുട്ടിക്കാനത്തെത്തിയ ദക്ഷിണ മേഖല ഡെപ്യൂട്ടി ഗതാഗത കമീഷണർ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയെങ്കിലും അനുവദിച്ച തുക വളരെ തുച്ഛമാണെന്നും പദ്ധതി പുനരാരംഭിക്കാനാവില്ലെന്നും രാത്രിയോടെ നോഡൽ ഒാഫിസറുടെ അറിയിപ്പെത്തി. തുടർന്ന് പദ്ധതി തുടങ്ങാനായില്ല. തുടർന്ന് ബുധനാഴ്ചയാണ് 20 ലക്ഷം രൂപ അടിയന്തരമായി അനുവദിച്ചത്. ദേശീയ പാതയിലെ പട്രോളിങ്ങാണ് ആദ്യം ആരംഭിക്കുന്നതെന്ന് ആർ.ടി.ഒ ആർ. രമണൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.