തൊടുപുഴ: വിദ്യാലയങ്ങൾ വേനൽ അവധിക്ക് അടക്കുകയും ചെറിയ പെരുന്നാളും വിഷുവുംകൂടി എത്തിയതോടെയും ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ ഉണരുന്നു. കടുത്ത ചൂടിൽനിന്ന് ആശ്വാസം നേടാൻ കുടുംബസമേതം ജില്ലയിലേക്ക് എത്തുന്നവരുടെ എണ്ണവും വർധിക്കുകയാണ്. പരീക്ഷയുടെ ആലസ്യത്തിൽ മയങ്ങിക്കിടന്ന കേന്ദ്രങ്ങൾ ഉണർന്നത് വ്യാപാരികൾക്കും ഉണർവായി.
പലരും ടൂർ ഓപറേറ്റർമാർവഴി അവധിക്കാലം ആഘോഷിക്കാൻ തെരഞ്ഞെടുത്തിരിക്കുന്ന സ്ഥലങ്ങളിലേക്കുള്ള യാത്രയും താമസവും ബുക്ക് ചെയ്തുകഴിഞ്ഞു. കനത്ത ചൂടിൽനിന്നും തിരക്കുകളിൽനിന്നും താൽക്കാലികമായെങ്കിലും മാറിനിന്ന് കുടുംബത്തോടൊപ്പം ഏതാനും ദിവസം ആസ്വദിക്കാമെന്ന നിലക്കാണ് പലരും ഈ അവധിക്കാലത്തെ യാത്രകളെ കാണുന്നത്. ഇത്തരക്കാർക്കായി ഇടുക്കിയുടെ വിവിധ പ്രദേശങ്ങൾ ഒരുങ്ങിയിരിക്കുകയാണ്. അന്യജില്ലകളിൽനിന്ന് ഒട്ടേറെ പേരാണ് ജില്ലയുടെ കുളിർമയും സൗന്ദര്യവും നുകരാൻ എത്തുന്നത്. ഇവർക്കായി ജില്ല ടൂറിസം കൗണ്‍സിലും റിസോർട്ട്, ഹോട്ടൽ ഉടമകളും സൗകര്യം ഒരുക്കികഴിഞ്ഞു. വാഗമണ്ണിലും മൂന്നാറിലും തേക്കടിയിലുമാണ് ഈ അവധിക്കാലം ആഘോഷിക്കാൻ കൂടുതൽ പേരെത്തുന്നത്. തേക്കടിയിലെത്തുന്നവർക്ക് കാനനസൗന്ദര്യം ആസ്വദിച്ച് ബോട്ടിങ്ങിനും ട്രക്കിങ്ങിനും അവസരമുണ്ട്.
വാഗമണ്ണിൽ മൊട്ടക്കുന്നുകളുടെ മനോഹാരിതയും പൈൻമരക്കാടുകളും സന്ദർശകരെ ആകർഷിക്കുന്നു. ഡി.ടി.പി.സി നേതൃത്വത്തിലുള്ള അഡ്വഞ്ചർ പാർക്കിൽ വിവിധ റൈഡുകൾ, പാരാഗ്ലൈഡിങ്, ഗ്ലാസ് ബ്രിഡ്ജ് എന്നിവയാണ് ഒരുക്കിയിരിക്കുന്നത്. മൂന്നാറിൽ ഡി.ടി.പി.സിയുടെ ബോട്ടാണിക്കൽ ഗാർഡൻ, രാജമല ദേശീയോദ്യാനം, ടോപ് സ്റ്റേഷൻ വ്യൂപോയന്റ്, കുണ്ടള, മാട്ടുപ്പെട്ടി, പൊൻമുടി ഡാമുകൾ എന്നിവയാണ് പ്രധാന സന്ദർശനകേന്ദ്രങ്ങൾ. മാട്ടുപ്പെട്ടിയിലും കുണ്ടളയിലും പൊൻമുടിയിലും ബോട്ടിങ്ങും ആസ്വദിക്കാം.
മറയൂരും കാന്തല്ലൂരും സന്ദർശകർക്ക് വിരുന്നൊരുക്കി കാത്തിരിക്കുകയാണ്. ഇതിനു പുറമെ കാട്ടാനകളെ അടുത്തുകാണാൻ കഴിയുന്ന മാങ്കുളം ആനക്കുളവും ഇപ്പോൾ തിരക്കേറിയ വിനോദസഞ്ചാര കേന്ദ്രമാണ്. ഇടുക്കി, ചെറുതോണി ഡാമുകൾ അവധിക്കാലത്തോടനുബന്ധിച്ച് സന്ദർശകർക്കായി തുറന്നു നൽകിയിട്ടില്ലെങ്കിലും വൈകാതെ തുറക്കുമെന്നാണ് സൂചന. ഡി.ടി.പി.സിയുടെ ഹിൽ വ്യൂ പാർക്ക്, ആർച് ഡാം, ബോട്ടിങ്, കൊലുമ്പൻ സമാധി എന്നിവയാണ് ഇവിടുത്തെ പ്രധാന ആകർഷണം. രാമക്കൽമേടാണ് ജില്ലയിലെ മറ്റൊരു വിനോദസഞ്ചാര കേന്ദ്രം. കുറവൻകുറത്തി ശില്പവും വ്യൂ പോയന്റും കാറ്റാടിപ്പാടവും ഇവിടെ ആസ്വദിക്കാം.
ആമപ്പാറ വ്യൂ പോയന്റാണ് സമീപത്തെ മറ്റൊരു സന്ദർശനസ്ഥലം. തൊടുപുഴക്ക് സമീപത്തെ മലങ്കര ഡാം, തൊമ്മൻകുത്ത്, കാറ്റാടിക്കടവ്, ഇടുക്കി കാൽവരിമൗണ്ട്, അഞ്ചുരുളി, അയ്യപ്പൻകോവിൽ, കുട്ടിക്കാനം, പാഞ്ചാലിമേട്, പരുന്തുംപാറ, രാജാക്കാട് ശ്രീകൃഷ്ണപുരം തുടങ്ങി ഒട്ടേറെ ചെറുതും വലുതുമായ ടൂറിസം കേന്ദ്രങ്ങളാണ് വിസ്മയക്കാഴ്ചകളുമായി ഈ അവധിക്കാലത്ത് വിനോദസഞ്ചാരികളെ കാത്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.