തൊടുപുഴ: ജില്ല ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ വേണ്ടത്ര ഡോക്ടർമാർ ഇല്ലാത്തത് ഒ.പി ഉൾപ്പെടെ പ്രവർത്തനത്തെ ബാധിക്കുന്നു. വലിയ തിരക്കുള്ളപ്പോഴും ഒരു ഷിഫ്റ്റിൽ ഒരു ഡോക്ടറുടെ സേവനം മാത്രമാണ് ഇവിടെ ലഭിക്കുന്നത്.
ഇക്കാരണത്താൽ അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികൾപോലും ഏറെനേരം കാത്തുനിൽക്കണം എന്നതാണ് സ്ഥിതി. അതിനിടെ ഗുരുതരാവസ്ഥയിൽ രോഗികൾ എത്തിയാൽ മറ്റു രോഗികളുടെ കാത്തിരിപ്പ് പിന്നെയും നീളും. അത്യാഹിത വിഭാഗത്തിൽ നിലവിലുള്ള നാല് മെഡിക്കൽ ഓഫിസർമാരിൽ രണ്ടുപേർ മൂന്നാഴ്ച മുമ്പാണ് സ്ഥലംമാറിയത്. ഇതോടെ ഒ.പിയിലെ സ്പെഷാലിസ്റ്റ് ഡോക്ടർമാരുടെ സേവനത്തിലും കുറവുവരുന്നു.
അത്യാഹിത വിഭാഗത്തിലും സേവനം ലഭ്യമാക്കേണ്ടി വരുന്നതിനാലാണിത്. ഇത്തരം സാഹചര്യങ്ങളിൽ ഒ.പിയിലെ കിടപ്പുരോഗികളെ പോലും നോക്കാൻ ആവശ്യത്തിനു ഡോക്ടർമാർ ഉണ്ടാകാറില്ല. സ്പെഷലിസ്റ്റ് ഡോക്ടർമാരെ കാണാൻ ഒ.പിയിൽ എത്തുന്ന രോഗികളിൽ പലരും മടങ്ങിപ്പോകുന്നതും പതിവാണ്.
അത്യാഹിത വിഭാഗത്തിൽ കുറഞ്ഞത് എട്ട് മെഡിക്കൽ ഓഫിസർമാരെങ്കിലും വേണം. ജില്ല ആശുപത്രിയായി ഉയർത്തിയിട്ടും ഇതുവരെ അധിക തസ്തിക സൃഷ്ടിക്കാൻ നടപടിയില്ല. ഉച്ചക്ക് ശരാശരി 110 രോഗികളും രാത്രി 100 രോഗികളുമാണ് ചികിത്സതേടി അത്യാഹിത വിഭാഗത്തിൽ എത്തുന്നത്. മലയോര മേഖലകളിൽനിന്നുള്ളവരും വിദഗ്ധ ചികിത്സക്കും അല്ലാതെയും ഇവിടേക്ക് എത്താറുണ്ട്. ചുമതലയുള്ള ഡോക്ടർ വിശ്രമിക്കാതെ ജോലി ചെയ്താലും രോഗികൾ വിഷമിക്കേണ്ടി വരുന്നു. തിരക്കാകട്ടെ കൂടിയും വരുന്നു.
തൊടുപുഴ: ജില്ല ആശുപത്രിയിലെ ലിഫ്റ്റ് ഒരാഴ്ചയായി തകരാറിലായിരുന്നത് കഴിഞ്ഞദിവസമാണ് നന്നാക്കിയത്. കിടപ്പുരോഗികളും കൂട്ടിരിപ്പുകാരും പതിവായ ലിഫ്റ്റ് തകരാറിൽ വലയുന്നത് പുതുമയല്ല.
വയോധികരായ രോഗികളും കൂട്ടിരിപ്പുകാരും അഞ്ച് നിലയുള്ള കെട്ടിടത്തിലെ പടികൾ കയറിയിറങ്ങി മടുത്തു. ഏറ്റവും മുകൾ നിലയിൽ കിടക്കുന്ന രോഗികളുടെ കൂട്ടിരിപ്പുകാർക്കാണ് ഏറെ ദുരിതം. ഇവർ ഭക്ഷണം വാങ്ങാനും മറ്റ് ആവശ്യങ്ങൾക്കുമായി ഗോവണി കയറി മടുക്കുകയാണ്. ഇടക്ക് വലിയ തുക മുടക്കി ലിഫ്റ്റ് പ്രവർത്തനക്ഷമമാക്കുമെങ്കിലും അധികം വൈകാതെ പണിമുടക്കും.
ലിഫ്റ്റ് തകരാറിലായാൽ ശസ്ത്രക്രിയ കഴിഞ്ഞ രോഗികളെയും പ്രസവം കഴിഞ്ഞവരെയും മറ്റും സ്ട്രെച്ചറിൽ എടുത്ത് നട കയറ്റി വാർഡിൽ എത്തിക്കേണ്ട സ്ഥിതിപോലുമുണ്ട്. ജീവനക്കാർക്കൊപ്പം ബന്ധുക്കളും ഏറെ കഷ്ടപ്പെട്ടാണ് ഇത്തരം രോഗികളെ ഗോവണി കയറ്റി വാർഡുകളിൽ എത്തിക്കുന്നത്.
പീരുമേട്: താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരുടെ അഭാവത്തിൽ രോഗികൾ വലയുന്നു. സ്പെഷലൈസ് ഡോക്ടർമാരുടെ സേവനം ശനിയാഴ്ച ഉണ്ടായിരുന്നില്ല. ഇവരെ കാണാൻ എത്തിയ രോഗികൾക്കും ജനറൽ ഒ.പിയിൽനിന്ന് ചികിത്സ തേടേണ്ടി വന്നു.
ചില ദിവസങ്ങളിൽ ജനറൽ ഒ.പിയിലും ഒരു ഡോക്ടറുടെ സേവനം മാത്രമാണ് ലഭിക്കുന്നത്. ജനറൽ ഒ.പിയിൽ മൂന്ന് ഡോക്ടർമാരെ നിയമിച്ചിട്ടുള്ളതാണ്. 350ഓളം രോഗികളാണ് ജനറൽ ഒ.പിയിൽ എത്തുന്നത്.
ഒരു ഡോക്ടർ മാത്രമുള്ളപ്പോൾ രോഗികളും ഡോക്ടറും ബുദ്ധിമുട്ടുകയാണ്. അസ്തി രോഗം, ഗൈനക്കോളജി, പീഡിയാട്രിക്, നേത്ര വിഭാഗം എന്നി സ്പെഷലൈസ്ഡ് ഡോക്ടർമാരുടെ ചികിത്സക്കാണ് രോഗികൾ കൂടുതലും എത്തുന്നത്. ഹൈറേഞ്ചിൽ വ്യാപകമായി പനി വ്യാപിക്കുകയാണ്. പനിക്ക് ചികിത്സ തേടി എത്തുന്നവരാണ് ഏറെയും. മറ്റ് രോഗങ്ങൾക്ക് ചികിത്സതേടി ക്യൂ നിൽക്കുന്നവർക്കിടയിലാണ് പനി ബാധിതരും ഏറെനേരം നിൽക്കേണ്ടി വരുന്നത്.
തോട്ടം തൊഴിലാളികളും സാധാരണക്കാരുമാണ് താലൂക്ക് ആശുപത്രിയെ ആശ്രയിക്കുന്നത്. സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടാൻ പണമില്ലാത്തവരാണ് ഇവിടെ എത്തുന്നതിൽ ഭൂരിഭാഗവും.
ഡോക്ടർമാരുടെ അഭാവത്തിൽ ഇവർക്കു വേണ്ട ചികിത്സ ലഭ്യമാകുന്നില്ല. ഡോക്ടർ എഴുതുന്ന മരുന്നുകളിൽ നാമമാത്രമായവയാണ് ഫാർമസിയിൽനിന്ന് ലഭിക്കുന്നത്. മരുന്നുകൾ പുറത്തുനിന്ന് വാങ്ങേണ്ടി വരുന്നതും നിർധനരായ രോഗികൾക്ക് പ്രയാസമാകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.