തൊടുപുഴ: ജില്ലയിൽ തെരുവുനായ്ക്കളുടെ ആക്രമണം അനുദിനം പെരുകുമ്പോഴും എങ്ങുമെത്താതെ അനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി) പദ്ധതി. എ.ബി.സി സെന്ററുകൾ ഒന്നുപോലുമില്ലാത്ത ജില്ലയാണ് ഇടുക്കി. മുമ്പ് പ്രഖ്യാപിച്ച എ.ബി.സി സെന്ററിന്റെ നിർമാണം തുടങ്ങാൻപോലുമായിട്ടില്ല. ജില്ല ആസ്ഥാനത്ത് എ.ബി.സി സെന്റർ സ്ഥാപിക്കാൻ കഴിഞ്ഞവർഷം ജില്ല പഞ്ചായത്ത് കമ്മിറ്റി തീരുമാനമെടുത്തെങ്കിലും ഇത് എന്നു യാഥാർഥ്യമാകും എന്നതു ചോദ്യചിഹ്നമായി തുടരുകയാണ്. ജില്ലയിൽ തെരുവുനായശല്യം രൂക്ഷമാകുകയും ഇവയുടെ ആക്രമണത്തിന് ഇരയാകുന്നവരുടെ എണ്ണം വർധിക്കുകയും ചെയ്തതോടെ ഭീതിയിലാണ് ജനം.
തൊടുപുഴ ഉൾപ്പെടെ ലോറേഞ്ച് മേഖലകളിലും അടിമാലി, മൂന്നാർ, കട്ടപ്പന, കുമളി, ചെറുതോണി തുടങ്ങി ഹൈറേഞ്ചിന്റെ വിവിധ ഭാഗങ്ങളിലും തെരുവുനായ് ശല്യം രൂക്ഷമാണ്. ഒന്നര മാസത്തിനിടെ നായുടെ കടിയേറ്റ് ജില്ലയിൽ ചികിത്സ തേടിയത് 484 പേരാണ്. വളർത്തുനായുടെ കടിയേറ്റവരും ഇതിൽ ഉൾപ്പെടും. കഴിഞ്ഞയാഴ്ച അടിമാലി കുരിശുപാറ മേഖലയിൽ പതിനഞ്ചിലേറെ പേർക്ക് തെരുവുനായുടെ കടിയേറ്റിരുന്നു. കാൽനടക്കാരാണു കൂടുതലായും നായ്ക്കളുടെ ആക്രമണത്തിന് ഇരകളാകുന്നത്. തെരുവുനായ്ക്കൾ മൂലം അപകടത്തിൽപെട്ട ഇരുചക്ര വാഹനയാത്രികരും ഏറെ. എ.ബി.സി പദ്ധതി താളംതെറ്റിയതാണ് നായ്ശല്യം രൂക്ഷമാകാൻ പ്രധാന കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. ഇറച്ചി അടക്കമുള്ള ഭക്ഷണമാലിന്യത്തിന്റെ ലഭ്യതയും തെരുവുനായ്ക്കളുടെ എണ്ണം വർധിക്കാൻ കാരണമായിട്ടുണ്ട്. മാലിന്യ സംസ്കരണം കൃത്യമായി നടന്നാൽ ഒരുപരിധിവരെ നായ്ശല്യം കുറക്കാനാവുമെന്നു അധികൃതർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.